വടകര: ആർ.എം.പി നേതാവ് ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ പ്രതികളുടെ രക്ഷധികാരി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ എം.പി. ടി.പി വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുളള നീക്കത്തിനെതിരെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികൾക്ക് വേണ്ടിയുള്ള നീക്കം രാഷ്ട്രീയ നിർദ്ദേശത്തെ തുടർന്ന് തന്നെയാണ്. പോലീസ് വിളിച്ചപ്പോഴാണ് കെ.കെ രമ പോലും കാര്യങ്ങൾ അറിയുന്നത്. സ്പീക്കറെ കൊണ്ടുപോലും ശിക്ഷായളവിനുള്ള നീക്കമില്ലെന്ന് പറയിപ്പിച്ചു. സഭയിൽ ഹാജരാവാൻ സ്പീക്കർക്കും മുഖ്യമന്ത്രിക്കും എന്തു മുഖമാണ് ഉള്ളത്. നടപടി തെറ്റാണെന്ന ബോധ്യത്തിലാണ് ഇരുവരും സഭയിൽ ഇല്ലാത്തതെന്നും ഷാഫി ആരോപിച്ചു.
പ്രമാദമായ ടി.പി കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവിനുള്ള നീക്കമുണ്ടെന്ന് മാധ്യമ വാർത്തകൾ പുറത്ത് വന്നപ്പോൾ അത്തരമൊരു നീക്കവും ഇല്ലെന്ന് സർക്കാറും സഭയിൽ സ്പീക്കറും കഴിഞ്ഞ ദിവസങ്ങളിൽ ആവർത്തിച്ചിരുന്നു. കണ്ണൂർ ജയിൽ സൂപ്രണ്ടിന്റെ കത്ത് പുറത്തായിട്ടും നീക്കം അഭ്യൂഹമെന്ന് വരെ സ്പീക്കർ പറയുകയുണ്ടായി. എന്നാൽ, ഇന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സഭയിൽ വീണ്ടും സബ് മിഷൻ ഉന്നയിക്കാനിരിക്കെ പൊടുന്നനെ, കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് അടക്കം മൂന്ന് ജയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തുവെന്ന് പ്രഖ്യാപിച്ച് സർക്കാർ മുഖം രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു. മാനദണ്ഡം ലംഘിച്ച് തെറ്റായ പട്ടിക തയ്യാറാക്കിയതിനാണ് നടപടിയെന്നാണ് വിശദീകരണം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group