മലപ്പുറം: കരാട്ടെ ക്ലാസിന്റെ മറവിൽ ലൈംഗിക പീഡനത്തിനിരയായ പ്ലസ് വൺ വിദ്യാർത്ഥിനിയെ ചാലിയാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ പ്രതിയായ കരാട്ടെ അധ്യാപകനെതിരെ കാപ്പ ചുമത്തി. പോക്സോ കേസിലെ പ്രതിയായ വാഴക്കാട് ഊർക്കടവ് സ്വദേശി വലിയാട്ട് വീട്ടിൽ സിദ്ദിഖ് അലി(48)ക്കെതിരെയാണ് കാപ്പ ചുമത്തിയത്.
ജില്ല പോലീസ് മേധാവിയുടെ റിപോർട്ട് പ്രകാരം മലപ്പുറം ജില്ല കലക്ടർ വി.ആർ വിനോദാണ് ഉത്തരവിറക്കിയത്. കരാട്ടെ ക്ലാസിനെത്തിയിരുന്ന 17-കാരിയായ പെൺകുട്ടിക്കു നേരേ പ്രതി ലൈംഗികാതിക്രമം നടത്തിയിരുന്നു. തുടർന്ന് ഇരയായ പെൺകുട്ടിയെ ചാലിയാറിലെ വട്ടത്തൂർ മുട്ടുങ്ങൽ കടവിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ശേഷം അറസ്റ്റിലായ പ്രതിയിപ്പോൾ ജയിലിലാണുള്ളത്.
ഇയാൾക്കെതിരേ ഗുരുതര പരാതികളുമായി നിരവധി പേർ രംഗത്തുവന്നിരുന്നു. ചിലർ നേരത്തെ നൽകിയ പരാതി ഭീഷണി കാരണം പിൻവലിക്കുകയുമുണ്ടായി. കരാട്ടെക്കെത്തുന്ന പെൺകുട്ടികളുടെ ശരീരഭാഗങ്ങളിൽ പല രൂപത്തിൽ പ്രതി സ്പർശിക്കുമായിരുന്നുവെന്ന് ഇരകൾ വെളിപ്പെടുത്തിയിരുന്നു.