തിരുവനന്തപുരം: നടൻ സിദ്ദിഖിന്റെ രാജി ‘അമ്മ’ സ്വാഗതം ചെയ്യുന്നുവെന്നും ആരോപണ വിധേയർ ആരായാലും അധികാരസ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നും അമ്മ വൈസ് പ്രസിഡന്റും നടനുമായ ജഗദീഷ് പറഞ്ഞു.
ബംഗാളി നടിയുടെ പരാതിയിൽ കേസെടുത്താൽ അതിനെ നേരിടേണ്ടത് സിദ്ദിഖാണ്. ‘അമ്മ’ എന്ന നിലയിൽ സംഘടന കേസിന് പിന്തുണ നൽകേണ്ടതില്ലെന്നും ജഗദീഷ് പറഞ്ഞു. ‘അമ്മ’ അവൈലബിൾ എക്‌സിക്യൂട്ടീവ് ചൊവ്വാഴ്ച ചേരാൻ സാധ്യതയുണ്ട്. പകരം ചുമതല അടക്കമുള്ള കാര്യങ്ങൾ അതിൽ തീരുമാനിക്കും. ആരോപണ വിധേയർ ആരായാലും അധികാര സ്ഥാനത്ത് ഉണ്ടാകില്ലെന്നും ജഗദീഷ് പ്രതികരിച്ചു.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് നടിമാരുടെ ആരോപണങ്ങളിൽ കുരുങ്ങി ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് സംവിധായകൻ രഞ്ജിത്തിനും അമ്മയുടെ ജനറൽസെക്രട്ടറി സ്ഥാനത്തുനിന്ന് നടൻ സിദ്ദിഖിനും പടിയിറങ്ങേണ്ടി വന്നത്. നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ കടുത്ത ക്രിമിനൽ ആരോപണം ഉയർന്നപ്പോഴും കേസിൽ അറസ്റ്റിലായപ്പോഴുമെല്ലാം ദിലീപിനെ പിന്തുണച്ചും ന്യായീകരിച്ചും നടന്നവരാണ് രാജിവെച്ചതെന്നതും ശ്രദ്ധേയമാണ്. ആരോപണങ്ങളെയും വിമർശങ്ങളെയും മാസ് ഡയലോഗിലൂടെയും സിനിമാ സ്‌റ്റൈൽ മാനറിസങ്ങളിലൂടെയും മറികടക്കാമെന്ന താരരാജാക്കന്മാരുടെ മിഥ്യാ ധാരണകൂടിയാണ് രാജിയോടെ പൊളിഞ്ഞുവീണത്.
ജഗതിഷിനെയും ആഷിഖ് അബുവിനെയും പോലുള്ള താരങ്ങളുടെ തുറന്നു പറച്ചിൽ ‘അമ്മ’യിൽ പ്രതീക്ഷ നൽകുമ്പോഴും അധികാരത്തിന്റെ ഹുങ്കും സ്വാധീനവും ഉപയോഗിച്ച് ഇരകളെ അപമാനിച്ചും നിശബ്ദരാക്കിയുമുള്ള താരങ്ങളുടെ വേട്ടയാടൽ ഇനി നടക്കില്ലെന്ന് തീർപ്പാക്കാൻ അമ്മയെന്ന താരസംഘടനയ്ക്കും നേതൃത്വത്തിനും സാധിക്കേണ്ടിയിരിക്കുന്നു. ഒപ്പം സർക്കാർ സംവിധാനങ്ങളും പോലീസും ഇരകൾക്കു നീതി ലഭ്യമാക്കുന്ന ശക്തമായ നടപടികളിലേക്ക് നീങ്ങിയാൽ കുത്തഴിഞ്ഞ ഈ സംസ്‌കാരത്തിന് വലിയൊരളവുവരേ തടയിടാനാകുമെന്നാണ് പ്രതീക്ഷ.
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് സംസ്ഥാന സർക്കാർ സിനിമ മേഖലയിൽ സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ പഠിക്കാൻ ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റിയെ നിയോഗിച്ചത്. കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്കിയ 51 പേരുടെ വെളിപ്പെടുത്തലുകൾ അടങ്ങിയ റിപോർട്ട് പുറത്തുവന്നതോടെയാണ് മലയാള സിനിമയിലെ താരബിംബങ്ങൾക്ക് വൻതോതിൽ മങ്ങലേറ്റത്. വെള്ളിത്തിരയിലെ താരത്തിളക്കം പലരുടെയും യഥാർത്ഥ ജീവിതവുമായി ഇല്ലെന്നും ഇവർ കെട്ടിയാടുന്ന വേഷങ്ങൾ കൊടും ചതിയുടെയും പകയുടേതുമാണെന്നും തെളിയിക്കുന്ന ആരോപണങ്ങളാണ് അനുഭവസ്ഥരിലൂടെ ഹേമ കമ്മിറ്റി ചൂണ്ടിക്കാണിച്ചത്.