തൃശൂർ: വനിതാ ഉദ്യോഗസ്ഥയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ തൃശൂർ രാമവർമപുരം കേരള പോലീസ് അക്കാദമിയിലെ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. അക്കാദമിയിലെ ഓഫീസർ കമാൻഡന്റ് പ്രേമനെയാണ് സസ്‌പെൻഡ് ചെയ്തതെന്ന് അക്കാദമി ഡയറക്ടർ എ.ഡി.ജി.പി പി വിജയൻ പറഞ്ഞു.
വനിതാ ഉദ്യോഗസ്ഥയുടെ പരാതിയിൽ ആഭ്യന്തര അന്വേഷണ സമിതി നടത്തിയ അന്വേഷണ റിപോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രേമനെതിരെയുള്ള ഉദ്യോഗസ്ഥയുടെ ലൈംഗികാതിക്രമ പരാതി കൈമാറിയതനുസരിച്ച് വിയ്യൂർ പോലീസ് എസ്.എച്ച്.ഒ കമാൻഡന്റിനെതിരെ കേസെടുത്തു.
ലൈംഗികാതിക്രമ പരാതി കേട്ട ഉടനെ പ്രാഥമികാന്വേഷണം തുടങ്ങുകയും പരാതിക്കാരിയിൽ നിന്നും രേഖാമൂലം പരാതി വാങ്ങി അതിവേഗത്തിലാണ് തുടർ നടപടികളിലേക്ക് നീങ്ങിയത് പോലീസ് പറഞ്ഞു. ഈ മാസം 18നും 22നുമാണ് ഉദ്യോഗസ്ഥനിൽ നിന്നും വനിതാ പോലീസിന് അതിക്രമം നേരിടേണ്ടി വന്നത്. ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടി വേണമെന്നും അക്കാദമിയിൽ തുടരാനാകില്ലെന്നും മാനസികമായി ഏറെ പ്രയാസത്തിലാണെന്നും ഉദ്യോഗസ്ഥ ഡയറക്ടറെ നേരിട്ട് അറിയിക്കുകയുണ്ടായി.
പരാതി ലഭിച്ചയുടനെ ഉദ്യോഗസ്ഥനെ ചുമതലകളിൽ നിന്ന് മാറ്റിനിർത്തി തുടർ നടപടികളിലേക്ക് കടക്കാൻ ആഭ്യന്തര അന്വേഷണ റിപോർട്ടിനായി കാത്തിരിക്കുകയായിരുന്നു. രണ്ട് ദിവസത്തിനുള്ളിൽ റിപോർട്ട് നൽകണമെന്നായിരുന്നു നിർദേശം. പരാതിയിൽ വസ്തുതയുണ്ടെന്ന ആഭ്യന്തര അന്വേഷണ സമിതി കണ്ടെത്തലിലാണ് പോലീസ് നടപടി. സസ്‌പെൻഷന് പുറമെ വകുപ്പ് തല നടപടിയുമുണ്ടാകുമെന്നാണ് വിവരം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group