അങ്കോള ( ഉത്തര കർണ്ണാടക ): ഉരുൾപൊട്ടലിലും മണ്ണിടിച്ചലിലും ലോറിയോടെ കാണാതായ
കോഴിക്കോട് സ്വദേശി അർജുനെ (30) കണ്ടെത്താനുള്ള തിരച്ചിൽ അങ്കോള താലൂക്കിലെ ഷിരൂർ മലഞ്ചെരുവിൽ നിർണ്ണായക മണിക്കൂറുകളിലേക്ക് കടന്നിരിക്കുകയാണ്. റഡാർ പരിശോധനയിൽ ലോഹഭാഗം കണ്ടെത്തിയ സ്ഥലത്ത് കേന്ദ്രീകരിച്ച് എട്ട് ഹിറ്റാച്ചികൾ മണ്ണ് നീക്കം ചെയ്തു വരികയാണ്.
അർജുനെ കാണാതായി ആറാം ദിവസമാണ് രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ കർണ്ണാടക സർക്കാർ തയ്യാറായത്. കഴിഞ്ഞ അഞ്ച് ദിവസവും വലിയ അലംഭാവമാണ് കർണ്ണാടകയിലെ അധികാരികൾ കാണിച്ചത്.
കേരളത്തിൽ നിന്നും ദേശീയ തലത്തിലും മാധ്യമങ്ങളുടെ ഭാഗത്തു നിന്നും സമ്മർദ്ദം മുറുകിയപ്പോൾ ആണ് രക്ഷാദൗത്യം കൂടുതൽ ശക്തമായി തുടർന്നത്. ഞായറാഴ്ച രാവിലെ ഏഴര മണിക്കാണ് മണ്ണ് നീക്കം തുടങ്ങിയത്. ഒമ്പത് മണിയോടെ കനത്ത മഴ തുടങ്ങിയത് വെല്ലുവിളിയായി. ഇടയ്ക്ക് നിർത്തി വെച്ച ദൗത്യം 10 മണിയോടെ വീണ്ടും തുടങ്ങി. മലയാളിയായ സന്നദ്ധ പ്രവർത്തകൻ രഞ്ജിത്ത് ഇസ്രായേൽ ആണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നു.
ശനിയാഴ്ച ഷിരൂരിൽ എത്തിയ രഞ്ജിത്ത് ഇസ്രായേൽ ഇതുവരെ നടത്തിയ ഓപ്പറേഷൻ തെറ്റായ ദിശയിൽ ആയിരുന്നു എന്ന് വ്യക്തമാക്കിയിരുന്നു. ബൽഗാമിൽ നിന്നുള്ള 40 അംഗ സൈന്യം 11 മണിക്ക് ഷിരൂരിൽ എത്തും. മുഖ്യമന്ത്രി സിദ്ധരാമയ്യ ഉച്ചക്ക് രണ്ട് മണിക്ക് തിരച്ചിൽ നടക്കുന്ന സ്ഥലത്ത് എത്തിച്ചേരുമെന്ന് അറിയിച്ചിട്ടുണ്ട്.