ജിദ്ദ – മുഴുവന്‍ വിദ്യാര്‍ഥികളും സ്‌കൂളിലോ വീടുകളിലോ പ്രവേശിച്ചത് ഉറപ്പുവരുത്താതെ സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ സ്ഥലംവിടുന്നത് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി വിലക്കി. ബസ് മുന്നോട്ടെടുക്കുന്നതിനു മുമ്പായും യാത്രക്കിടെയും ഡോറുകള്‍ അടച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ബസുകള്‍ പൂര്‍ണമായും നിര്‍ത്താതെ ഡോറുകള്‍ തുറക്കാൻ പാടില്ല. ബസിന്റെ സുരക്ഷ ഉറപ്പുവരുത്താന്‍ എല്ലാ ദിവസവും ബസ് പരിശോധിക്കണം. ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനോ ഭക്ഷണം കഴിക്കാനോ പാടില്ല, ബസില്‍ സുരക്ഷാ ഉപകരണങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തല്‍, അംഗീകൃത യൂനിഫോം ധരിക്കല്‍, വ്യക്തിഗത ശുചിത്വത്തിലും പുറംരൂപത്തിലും ശ്രദ്ധ ചെലുത്തല്‍ എന്നിവയും സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരുടെ ഉത്തരവാദിത്വമാണ്.
ഇവ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സ്‌കൂള്‍ ബസുകളില്‍ ശക്തമായ പരിശോധന നടത്തല്‍ അടക്കം ആവശ്യമായ മുഴുവന്‍ നടപടികളും സ്വീകരിക്കും. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ജീവനും സുരക്ഷയും കാത്തുസൂക്ഷിക്കാനുള്ള അതീവ താല്‍പര്യത്തിന്റെ ഭാഗമായാണ് നടപ്പ് അധ്യയന വര്‍ഷത്തില്‍ ഡ്രൈവര്‍മാര്‍ക്ക് പുതിയ പ്രതിബദ്ധതകള്‍ ഏര്‍പ്പെടുത്തുന്നതെന്നും ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി പറഞ്ഞു.
എജ്യുക്കേഷനല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ മേഖലാ പ്രവര്‍ത്തനം ക്രമീകരിക്കുന്ന വ്യവസ്ഥകള്‍ ഡ്രൈവര്‍മാര്‍ കര്‍ശനമായി പാലിക്കണമെന്ന് ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരുടെ പ്രായം 25 ല്‍ കുറവാകരുത്, ഡ്രൈവര്‍ കാര്‍ഡ് നേടണം, കാലാവധിയുള്ള ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കണം, മുമ്പ് കുറ്റകൃത്യങ്ങളില്‍ പ്രതിയായിട്ടില്ല എന്ന് സ്ഥിരീകരിക്കുന്ന പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, അംഗീകൃത ഫസ്റ്റ് എയിഡ് കോഴ്സ് പൂര്‍ത്തിയാക്കല്‍, ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി മെഡിക്കല്‍ ടെസ്റ്റ് പാസാകല്‍, പ്രൊഫഷനല്‍ യോഗ്യതാ പരീക്ഷയില്‍ വിജയിക്കല്‍ എന്നീ വ്യവസ്ഥകളാണ് സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ പാലിക്കേണ്ടത്.
സുരക്ഷ ഉറപ്പാക്കാനും സുരക്ഷിതവും ഗുണമേന്മയുള്ളതും കാര്യക്ഷമവുമായ ഗതാഗത സേവനങ്ങള്‍ ലഭിക്കാനും നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന എജ്യുക്കേഷനല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ കമ്പനിയുമായി മാത്രം വിദ്യാര്‍ഥികളും അധ്യാപകരും സ്‌കൂള്‍ ജീവനക്കാരും ഇടപെടണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ പരിചരണ നിലവാരം ഉയര്‍ത്താനും സുരക്ഷാ നിലവാരം കൈവരിക്കാനും ബസുകളില്‍ എല്ലാ സാങ്കേതിക സജ്ജീകരണങ്ങളും സുരക്ഷാ ഉപകരണങ്ങളും ഏര്‍പ്പെടുത്താന്‍ ലൈസന്‍സുള്ള സ്‌കൂള്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ കമ്പനികളെ ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി നിര്‍ബന്ധിച്ചിട്ടുണ്ട്.
സുരക്ഷാ ഉപകരണങ്ങള്‍ ബസുകളില്‍ ഏര്‍പ്പെടുത്തല്‍, അതോറിറ്റിക്കു കീഴിലെ വസല്‍ പ്ലാറ്റ്ഫോമുമായി ബന്ധിപ്പിച്ച ട്രാക്കിംഗ് ഉപകരണങ്ങള്‍ സ്ഥാപിക്കല്‍, ബസിനകത്ത് ക്യാമറകള്‍ സ്ഥാപിക്കല്‍, ബസിന്റെ ഇരുവശങ്ങളിലും പിറകിലും പ്രതിഫലിപ്പിക്കുന്ന നിറത്തില്‍ ‘സ്‌കൂള്‍ ബസ്’ എന്ന അടയാളം പതിക്കല്‍, ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ സഹായിക്കുന്ന മറ്റു സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തല്‍ എന്നീ സാങ്കേതിക സജ്ജീകരണങ്ങളും സുരക്ഷാ ഉപകരണങ്ങളുമാണ് സ്‌കൂള്‍ ബസുകളില്‍ ഏര്‍പ്പെടുത്തേണ്ടതെന്ന് ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി പറഞ്ഞു.