കൊമേഴ്സ്യല്‍ പൈലറ്റ് ലൈസന്‍സ് ലഭിച്ച സൗദിയിലെ രണ്ടാമത്തെ വനിത
കൊച്ചുന്നാളില്‍ അനിയത്തിയോടൊപ്പം പാവക്കുട്ടികളുടെ ലോകത്ത് കളിച്ചു നടന്ന കാലത്ത് അവള്‍ വാശി പിടിച്ചിരുന്നുവത്രേ: എനിക്ക് വിമാനങ്ങളുടെ കളിക്കോപ്പുകള്‍ മാത്രം മതി. വേറെ കളിപ്പാട്ടമൊന്നും വേണ്ട… അങ്ങനെ ജിദ്ദ റഹാബ് സ്ട്രീറ്റിലെ വീട്ടിലെ കുട്ടികളുടെ മുറിയില്‍ ചെറുവിമാനങ്ങളുടെ വലിയ ശേഖരം നിറഞ്ഞു. പല തരത്തിലുള്ള, പല നിറത്തിലുള്ള വിമാനങ്ങള്‍ക്കിടയില്‍ കളിച്ചുവളര്‍ന്ന ഈ പെണ്‍കുട്ടിയുടെ കുട്ടിക്കാല കുസൃതികളെപ്പറ്റി പറയവെ, അവളുടെ ബാപ്പ പൊട്ടിച്ചിരിച്ചു. മകളും ആ ചിരിയില്‍ പങ്കാളിയായി. യാസ്മിന്റെ ബാല്യവിസ്മയങ്ങളില്‍ വര്‍ണബലൂണുകള്‍ പോലെ വിമാനങ്ങള്‍ പറന്നു. പക്ഷികളായി അവ ചിറകടിച്ചു. സ്‌കൂള്‍ പഠനം കഴിഞ്ഞ് യൂണിവേഴ്സിറ്റിയിൽ എത്തിയപ്പോഴേക്കും യാസ്മിന്റെ സ്വപ്നങ്ങളില്‍ ടോയ് വിമാനങ്ങള്‍ക്ക് പകരം ജംബോ വിമാനങ്ങള്‍ ഇരമ്പി. അവളുടെ മോഹങ്ങളില്‍ ഒരു കോക്പിറ്റ് തെളിഞ്ഞു, ചിന്തകളില്‍ ഒരു വൈമാനികയുടെ ചിറകടിയുണര്‍ന്നു.
വിമാനം പറത്താനുള്ള കൊമേഴ്സ്യല്‍ പൈലറ്റ് 2019 ജൂലൈയില്‍ കൈയില്‍ കിട്ടിയപ്പോള്‍ ക്യാപ്റ്റന്‍ യാസ്മിന്‍ മുഹമ്മദ് അല്‍ മെയ്മനി അല്ലാഹുവിനെ അളവറ്റ് സ്തുതിച്ചു. ഒരു ചിരകാലാഭിലാഷത്തിന്റെ സാഫല്യത്തിലേക്ക് സുഖകരമായൊരു ടേക്ക് ഓഫ്. ക്യാപ്റ്റന്‍ ഹനാദി അല്‍ ഹിന്ദിയ്ക്കു ശേഷം സൗദിയില്‍ പൈലറ്റ് ലൈസന്‍സ് നേടിയ രണ്ടാമത്തെ വനിതയെന്ന അപൂര്‍വ ബഹുമതി യാസ്മിന് സ്വന്തം.
– ഹനാദി എന്റെ അടുത്ത സുഹൃത്താണ്. ഞങ്ങള്‍ ഇടയ്ക്കൊക്കെ സംസാരികക്കാറുണ്ട്. സത്യത്തില്‍ പൈലറ്റ് ജോലിയെടുക്കുന്ന ആദ്യ സൗദി വനിതയെന്ന നിലയിലുള്ള അവര്‍ക്ക് ലഭിച്ച അംഗീകാരം കൂടി എന്നെ ഈ കരിയറിലേക്ക് ആകര്‍ഷിച്ച ഒരു ഘടകമാണ്. പിന്നിട്ട വഴികളെക്കുറിച്ചും സാഹസികമായ പരിശീലനകാലത്തെക്കുറിച്ചും അവര്‍ വാചാലയായി. ബിരുദപഠനത്തിനു ശേഷം പൈലറ്റാവുകയെന്ന തീരുമാനത്തിന് ഒരു മാറ്റവുമില്ലെന്ന് അവര്‍ രക്ഷിതാക്കളെ അറിയിച്ചു.
മകളുടെ ഏത് ആഗ്രഹത്തിനും എതിര് നില്‍ക്കാത്ത ബാപ്പ മുഹമ്മദ് യൂസുഫ് അല്‍മെയ്മനിയും ഉമ്മ അസ്മയും ഉറച്ച പിന്തുണ നല്‍കി. ജോര്‍ദാനിലെ അമ്മാന്‍ ഫ്ളൈയിംഗ് അക്കാദമിയില്‍ ചേര്‍ന്നപ്പോള്‍ അവിടെ നില്‍ക്കാനും സഹായിക്കാനുമൊക്കെ ഉമ്മ അസ്മയായിരുന്നു യാസ്മിന് കൂട്ട്. ജോര്‍ദാനിലെ വ്യോമപരിശീലനകാലം സുന്ദരമായ അനുഭവങ്ങളുടെ ലോകം അവള്‍ക്ക് മുമ്പില്‍ തുറന്നുകൊടുത്തു. ഇന്‍സ്ട്രക്ടര്‍മാരുടെ നിശിതമായ നിരീക്ഷണം തന്റെ ജീവിതത്തിന് കൂടുതല്‍ അടുക്കും ചിട്ടയും നല്‍കിയതായി യാസ്മിന്‍ നന്ദിപൂര്‍വം സ്മരിക്കുന്നു. ആര്‍ജവവും സ്ഥൈര്യവും പെട്ടെന്ന് തീരുമാനമെടുക്കാനുള്ള ശേഷിയും വിപദിധൈര്യവുമാണ് ഒരു പൈലറ്റിന്റെ കരുത്ത്. ഒരു സൗദി വനിതയെന്ന നിലയ്ക്ക് അഭിമുഖീകരിക്കേണ്ടി വന്ന എല്ലാ പരിമിതികളേയും ഈ പ്രത്യുല്‍പന്നമതിത്വം കൊണ്ട് യാസ്മിന്‍ ധീരതയോടെ മറികടന്നു. സഹപൈലറ്റുമാര്‍ തനിക്ക് കൂടുതല്‍ പരിഗണന നല്‍കിയതായും യാസ്മിന്‍ പറയുന്നു.
ജോര്‍ദാനില്‍ നിന്ന് തിരിച്ചെത്തിയ യാസ്മിന്‍ ഒരു വര്‍ഷം സൗദിയിലെ റാബഗ് വിംഗ്സ് ഏവിയേഷന്‍ അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കി. ആയിടയ്ക്കാണ് അമേരിക്കയിലെ ഫ്ളോറിഡ ഫ്ളൈറ്റ് അക്കാദമി സ്‌കോളര്‍ഷിപ്പോട് കൂടി പരിശീലനം തുടരാനുള്ള ഓഫര്‍ യാസ്മിനു നല്‍കിയത്. ഫ്ളോറിഡയിലേക്ക് പോയത് അവര്‍ക്ക് മറ്റൊരു ഗുണവും ചെയ്തു. അവിടത്തെ എയറോസിം അക്കാദമി അവരുടെ മധ്യപൂര്‍വദേശത്തെ ഗുഡ്വില്‍ അംബാസഡറായി യാസ്മിനെ നിയമിച്ചു. ഇത്ര ചെറുപ്പത്തിലേ ഈയൊരു ബഹുമതി ലഭിച്ചത് യാസ്മിന്റെ വൈമാനിക ജീവിതത്തിന്റെ പ്രാരംഭദശയില്‍ ലഭിക്കാവുന്ന വലിയൊരു അംഗീകാരമായി. അമേരിക്കന്‍ -അറബ് മാധ്യമങ്ങളില്‍ യാസ്മിന്‍ ഇടം നേടി. ഫ്ളോറിഡയിലെ പ്രാക്ടിക്കല്‍ ക്ലാസുകള്‍ ഏറെ അനുഭവങ്ങള്‍ സമ്മാനിച്ചു. ഒരു പൈലറ്റിന്റെ അച്ചടക്കപൂര്‍ണമായ ജീവിതത്തെക്കുറിച്ചുള്ള പാഠങ്ങളായിരുന്നു ഓരോ ദിവസത്തെ ക്ലാസുകളും. വ്യോമതടസ്സങ്ങളേയും (എയര്‍ ടര്‍ബലന്‍സ്) ആാകശച്ചുഴികളേയും മേഘത്തിരകളേയും മുറിച്ചു നീന്തി അമേരിക്കയുടെ ആകാശത്ത് അനായാസം വിമാനം പറത്തവെ, കൂടുതല്‍ ആത്മവിശ്വാസം കരഗതമാക്കാന്‍ സാധിച്ചതായും യാസ്മിന്‍ പറയുന്നു.
അമേരിക്കയില്‍ നിന്നു മടങ്ങിയെത്തിയ യാസ്മിന് സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍് ഏവിയേഷന്റെ ( ജി.എ.സി.എ) കൊമേഴ്സ്യല്‍ പൈലറ്റ് കൈയില്‍ കിട്ടി്. അതിനിടയ്ക്കായിരുന്നു പ്രമുഖ സൗദി ഏവിയേഷന്‍ സ്ഥാപനമായ നെക്സസ് കമ്പനിയുടെ ഫ്ളൈറ്റ്സ് ഓപ്പറേഷന്‍ വിഭാഗത്തില്‍ അത്യാകര്‍ഷകമായ ജോലി ലഭിച്ചത്. പക്ഷേ തന്റെ മോഹം സൗദി എയര്‍ലൈന്‍സ് വിമാനം പറത്തുകയെന്നതാണെന്ന് യാസ്മിന്‍ പറയുന്നു. സൗദി അറേബ്യയുടെ ഫ്‌ളാഗ്ഷിപ്പ് കാരിയറിന്റെ കോക്പിറ്റിലിരുന്ന് ആകാശാതിര്‍തിര്‍ത്തികള്‍ താണ്ടുക. അതിന്റെയൊരു ത്രില്‍ വേറെത്തന്നെ. സൗദിയയില്‍ പൈലറ്റാവുന്നതിനു മുമ്പ് നെസ്മാ എയര്‍ലൈനിലാണ് ജോലിക്ക് ചേര്‍ന്നത്. ഹായലില്‍ നിന്ന് അല്‍ ഖസീമിലേക്കായിരുന്നു ആദ്യമായി യാസ്മിന്‍ വിമാനം പറത്തിയത്.
ജിദ്ദ ബലദില്‍ സുഗന്ധദ്രവ്യങ്ങളുടെ മൊത്തവ്യാപാരിയായ മുഹമ്മദ് യൂസുഫ് അല്‍മെയ്മെനിയുടെ ആറു മക്കളില്‍ മൂത്തതാണ് യാസ്മിന്‍. 31 വര്‍ഷം ജിദ്ദ ഡീസാലിനേഷന്‍ പ്ലാന്റിലെ ഇലക്ട്രിക്കല്‍ എന്‍ജിനീയറായിരുന്നു ഇദ്ദേഹം. വിമാനങ്ങളുടെ ലോകം കഴിഞ്ഞാല്‍ പെയിന്റിംഗാണ് യാസ്മിന്റെ ലഹരി. ആധുനിക സങ്കേതമുപയോഗിച്ച് വരച്ച നിരവധി ചിത്രങ്ങള്‍ ഇവരുടെ വീടിനെ അലങ്കരിക്കുന്നു. ജിദ്ദയില്‍ വിപുലമായൊരു ചിത്രപ്രദര്‍ശനം യാസ്മിന്റെ സ്വപ്നമാണ്. ഇന്ത്യക്കാരേയും ഇന്ത്യന്‍ ഭക്ഷണവും ഏറെ ഇഷ്ടപ്പെടുന്ന യാസ്മിന്റെ സുഹൃദ്വലയത്തില്‍ നിരവധി ഇന്ത്യക്കാരുണ്ട്. ഗള്‍ഫ് വിമാനങ്ങളിലെ ഇന്ത്യന്‍ ജോലിക്കാരികളുമായുള്ള സൗഹൃദത്തിലൂടെയാണ് ഹിന്ദി സിനിമകളുടെ വന്‍ശേഖരം തനിക്കുള്ളതെന്ന് യാസ്മിന്‍ ചൂണ്ടിക്കാട്ടി. മര്‍വയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിനടുത്ത് യാസ്മിന്‍ മാര്‍ഗനിര്‍ദേശം നല്‍കുന്ന ഇന്ത്യന്‍ ഭക്ഷ്യശൃംഖലയുമുണ്ട്.
ആഗ്രഹങ്ങളുടെയും ഇച്ഛാശക്തിയുടേയും ആകാശമാണ് ക്യാപ്റ്റന്‍ യാസ്മിന്റെ ജീവിതാഭിലാഷത്തിന്റെ അതിരുകള്‍. ആ അതിരുകള്‍ താണ്ടി അവര്‍ പറന്നുകൊണ്ടേയിരിക്കുന്നു.