റിയാദ് – സൗദിയില്‍ ഫാക്ടറി തുറക്കല്‍ റെസ്റ്റോറന്റ് തുറക്കുന്നതിനെക്കാള്‍ എളുപ്പമായി മാറിയതായി വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദര്‍ അല്‍ഖുറൈഫ് പറഞ്ഞു. സ്‌മോള്‍ ആന്റ് മീഡിയം എന്റര്‍പ്രൈസസ് ജനറല്‍ അതോറിറ്റി (മുന്‍ശആത്ത്) സംഘടിപ്പിക്കുന്ന വ്യവസായ, ധാതുവിഭവ സംരംഭക വാരത്തോടനുബന്ധിച്ച ചര്‍ച്ചാ സെഷനില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഭരണാധികാരികളുടെ നിര്‍ലോഭ പിന്തുണയിലൂടെയും നിക്ഷേപകര്‍ക്ക് നല്‍കുന്ന സൗകര്യങ്ങളിലൂടെയുമാണ് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത്. ലൈസന്‍സിംഗ്, പശ്ചാത്തല സൗകര്യങ്ങള്‍, ലഘുവായ്പകള്‍, കയറ്റുമതിക്കുള്ള പിന്തുണ, ഫിനാന്‍സ്, കൂടുതല്‍ മികച്ച അവസരങ്ങള്‍ നേടാന്‍ പ്രാദേശിക കമ്പനികളെ സഹായിക്കല്‍ എന്നിവ അടക്കം ആവശ്യമായ മുഴുവന്‍ സൗകര്യങ്ങളും ബന്ധപ്പെട്ട വകുപ്പുകള്‍ വ്യവസായികള്‍ക്ക് നല്‍കുന്നു.
വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ 90 ശതമാനവും ചെറുകിട, ഇടത്തരം സ്ഥാപനങ്ങളാണ്. സംരംഭകത്വ പദ്ധതികള്‍ ഈ മേഖലയില്‍ പ്രധാനവും നിര്‍ണായകവുമായ പങ്ക് വഹിക്കുന്നു. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി വലിയ കമ്പനികളെ പിന്തുണക്കുന്നതില്‍ സംരംഭകര്‍ക്കും ചെറുകിട സ്ഥാപനങ്ങള്‍ക്കും ഇപ്പോള്‍ വലിയ പങ്കുണ്ട്. നൂതന സാങ്കേതികവിദ്യകളുടെയും ആധുനിക ബിസിനസ് മോഡലുകളുടെയും ഫലമായി ഈ സുപ്രധാന പങ്ക് ചെറുകിട, ഇടത്തരം സംരംഭങ്ങളെ വാണിജ്യപരമായി ലാഭകരമാക്കാന്‍ സഹായിക്കുന്നു.
വ്യവസായം വന്‍കിടക്കാരുടെ കുത്തകയല്ല. പല വന്‍കിട ഫാക്ടറികളും ചെറിയ രീതിയില്‍ ആരംഭിച്ചവയാണ്. തങ്ങള്‍ സങ്കല്‍പിക്കുന്നതിനെക്കാള്‍ കൂടുതലായി വന്‍കിട കമ്പനികള്‍ക്ക് സംരംഭകരെയും ചെറുകിട, ഇടത്തരം കമ്പനികളെയും ആവശ്യമാണ്. നഷ്ടം ഒഴിവാക്കുന്നതിന് സാധ്യതാ പഠനം നടത്താതെ യുവാക്കള്‍ വ്യവസായ മേഖലയില്‍ പ്രവേശിക്കരുത്.
വന്‍കിട വ്യവസായങ്ങള്‍ നേരിടുന്ന നിരവധി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ വ്യാവസായിക സാങ്കേതിക ആപ്ലിക്കേഷനുകള്‍ ഫലപ്രാപ്തി തെളിയിച്ചിട്ടുണ്ട്. സാങ്കേതികവിദ്യകള്‍ നിര്‍മാതാക്കളുടെയും സംരംഭകരുടെയും ശേഷിയെ ആശ്രയിച്ചിരിക്കുന്നു. ഖനികള്‍, പരിസ്ഥിതി, സുരക്ഷ, ഉയര്‍ന്ന ഉല്‍പാദനക്ഷമത എന്നിവ സംരക്ഷിക്കുന്നതില്‍ ഖനന മേഖലയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. വ്യവസായ മേഖലയിലേക്കുള്ള നിക്ഷേപകരുടെയും സംരംഭകരുടെയും പ്രവേശനം സുഗമമാക്കാന്‍ മാത്രമല്ല, ഈ പദ്ധതികളുടെ തുടര്‍ച്ച ഉറപ്പാക്കാനും നിക്ഷേപകരെ വെല്ലുവിളികള്‍ അതിജീവിക്കാന്‍ സഹായിക്കാനും വ്യവസായ, ധാതുവിഭവ മന്ത്രാലയം പ്രവര്‍ത്തിക്കുന്നു.
ഖനന മേഖലയില്‍ വന്‍തോതില്‍ നിക്ഷേപങ്ങള്‍ നടത്താന്‍ സര്‍ക്കാറിന് നീക്കമുണ്ട്. ഈ പശ്ചാത്തലത്തില്‍ ഈ മേഖലയില്‍ സംരംഭകര്‍ക്ക് നിരവധി അവസരങ്ങളുണ്ട്. ഖനന മേഖലയില്‍ ലഭ്യമായ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്ന കാര്യം മുഴുവന്‍ സംരംഭകരും പരിശോധിക്കണം. വ്യവസായ, ഖനന മേഖലയില്‍ 100 ലേറെ പ്രോത്സാഹനങ്ങളും സംരംഭങ്ങളും വ്യവസായ, ധാതുവിഭവ മന്ത്രാലയം നടപ്പാക്കുന്നുണ്ട്. സംരംഭകര്‍ക്കും ചെറുകിട, ഇടത്തരം സ്ഥാപന ഉടമകള്‍ക്കും ഇവ പ്രയോജനപ്പെടുത്താവുന്നതാണ്. നിക്ഷേപകര്‍ക്ക് പിന്തുണയെന്നോണവും അവരുടെ സാമ്പത്തിക ഭാരം ലഘൂകരിക്കാനും ശ്രമിച്ച് റെഡിമെയ്ഡ് ഫാക്ടറികള്‍ നിര്‍മിച്ച് നിക്ഷേപകര്‍ക്ക് വാടകക്ക് നല്‍കാന്‍ വ്യവസായ, ധാതുവിഭവ മന്ത്രാലയവും അനുബന്ധ സ്ഥാപനങ്ങളും നിലവില്‍ പ്രവര്‍ത്തിച്ചുവരികയാണെന്നും ബന്ദര്‍ അല്‍ഖുറൈഫ് പറഞ്ഞു.