ജിദ്ദ – ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യയെ തെഹ്‌റാനില്‍ വെച്ച് വധിച്ചതിനും മുതിര്‍ന്ന ഹിസ്ബുല്ല നേതാവ് ഫുവാദ് ശുക്‌റിനെ വധിച്ചതിനും തിരിച്ചടിയെന്നോണം ഇറാനും ഹിസ്ബുല്ലയും ഇസ്രായിലിനു നേരെ ആക്രമണങ്ങള്‍ നടത്താനും ഇസ്രായില്‍ തിരിച്ചടിക്കാനുമുള്ള സാധ്യത കണക്കിലെടുത്ത് സൗദി പൗരന്മാര്‍ എത്രയും വേഗം ലെബനോന്‍ വിടണമെന്ന് ബെയ്‌റൂത്ത് സൗദി എംബസി ആവശ്യപ്പെട്ടു.
ദക്ഷിണ ലെബനോനിലെ പുതിയ സംഭവവികാസങ്ങള്‍ എംബസി സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. സൗദി പൗരന്മാരുടെ ലെബനോന്‍ യാത്രക്ക് നേരത്തെയുള്ള വിലക്ക് പാലിച്ച് ലെബനോനിലുള്ള സൗദി പൗരന്മാര്‍ എത്രയും വേഗം ലെബനോന്‍ വിടണം. ഏതു അടിയന്തിര സാഹചര്യങ്ങളിലും ബെയ്‌റൂത്ത് സൗദി എംബസിയുമായി ബന്ധപ്പെടണമെന്നും സൗദി പൗരന്മാരോട് എംബസി ആവശ്യപ്പെട്ടു. ദക്ഷിണ ലെബനോനിലെ ഹിസ്ബുല്ല കേന്ദ്രങ്ങളില്‍ നിന്ന് താമസക്കാരോട് ഒഴിഞ്ഞുപോകാന്‍ ഹിസ്ബുല്ല ആവശ്യപ്പെട്ടിട്ടുണ്ട്. ഇസ്രായില്‍ ആക്രമണമുണ്ടായാല്‍ തിരിച്ചടിക്കാനുള്ള തയാറെടുപ്പുകള്‍ ഹിസ്ബുല്ല നടത്തിയിട്ടുണ്ട്.
ജോര്‍ദാന്‍ പൗരന്മാര്‍ നിലവിലെ സാഹചര്യത്തില്‍ ലെബനോനിലേക്ക് പോകരുതെന്നും ലെബനോനിലുള്ള ജോര്‍ദാനികള്‍ എത്രയും വേഗം ലെബനോന്‍ വിടണമെന്നും ജോര്‍ദാന്‍ വിദേശ മന്ത്രാലയം ആവശ്യപ്പെട്ടു. ഫ്രാന്‍സും ബ്രിട്ടനും അമേരിക്കയും റഷ്യയും അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളും അറബ് രാജ്യങ്ങളും തങ്ങളുടെ പൗരന്മാരോട് എത്രയും വേഗം ലെബനോന്‍ വിടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ബെയ്‌റൂത്ത് റഫീഖ് അല്‍ഹരീരി അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെടുന്നത്. ലെബനോന്‍ വിടാന്‍ ആഗ്രഹിച്ച് വിവിധ രാജ്യക്കാരായ യാത്രക്കാര്‍ എയര്‍പോര്‍ട്ടിലേക്ക് പ്രവഹിക്കുകയാണ്. പല വിമാന കമ്പനികളും ബെയ്‌റൂത്ത് സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.