അടിസ്ഥാന സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താന്‍ പ്രവര്‍ത്തനം തുടരുമെന്ന് കിരീടാവകാശി.
റിയാദ് – വികസനത്തിനും ക്ഷേമ പദ്ധതികള്‍ക്കും മുന്‍തൂക്കം നല്‍കി അടുത്ത വര്‍ഷത്തേക്കുള്ള സൗദി ബജറ്റിന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. 1,184 ബില്യണ്‍ റിയാല്‍ വരവും 1,285 ബില്യണ്‍ റിയാല്‍ ചെലവും 101 ബില്യണ്‍ റിയാല്‍ കമ്മിയുമാണ് പുതിയ ബജറ്റില്‍ കണക്കാക്കുന്നത്.
പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ രാജ്യം നിരവധി ലക്ഷ്യങ്ങള്‍ നേടിയിട്ടുണ്ടെന്ന് സൗദി കിരീടാവകാശി പറഞ്ഞു. അന്താരാഷ്ട്ര സൂചകങ്ങളിൽ മുന്‍നിര സ്ഥാനങ്ങള്‍ കൈവരിക്കാന്‍ രാജ്യത്തിനായി. ഇത് രാജ്യത്തിന്റെ സാമ്പത്തിക നിലയുടെ കരുത്തും ദൃഢതയും കൂട്ടിയെന്നും കിരീടാവകാശി വൃക്തമാക്കി.
പുതിയ ബജറ്റ് രാഷ്ട്രത്തിന്റെ പുരോഗതിക്കും, പൗരന് പ്രയോജനം ചെയ്യുന്ന എല്ലാ കാര്യങ്ങളിലുമുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് വ്യക്തമാക്കുന്നത്. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ നിര്‍ദേശങ്ങളുടെയും സ്വദേശികളുടെ പരിശ്രമങ്ങളുടെയും ഫലമായാണ് നമ്മുടെ രാജ്യം നേട്ടങ്ങള്‍ കൈവരിച്ചത്. മികച്ച മേഖലകളെ ശാക്തീകരിക്കല്‍, നിക്ഷേപ ആകര്‍ഷണം വര്‍ധിപ്പിക്കല്‍, വ്യവസായങ്ങളെ ഉത്തേജിപ്പിക്കല്‍, പ്രാദേശിക ഉള്ളടക്കത്തിന്റെയും എണ്ണയിതര കയറ്റുമതിയുടെയും അനുപാതം വര്‍ധിപ്പിക്കല്‍, സ്വകാര്യമേഖലയുടെ പങ്ക് ശക്തിപ്പെടുത്തല്‍, വിഷന്‍ 2030, ദേശീയ തന്ത്രങ്ങള്‍ എന്നിവ കൈവരിക്കാനുള്ള പദ്ധതികളുടെ തുടര്‍ച്ചയിലൂടെ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവക്കരിക്കാന്‍ സര്‍ക്കാര്‍ ധനവിനിയോഗം സഹായിക്കും. സമഗ്രവും സുസ്ഥിരവുമായ സാമ്പത്തിക വളര്‍ച്ച പ്രോത്സാഹിപ്പിക്കാനും, പ്രാദേശികവും ആഗോളവുമായ എല്ലാ സാമ്പത്തിക സംഭവവികാസങ്ങളും വെല്ലുവിളികളും കണക്കിലെടുത്ത് ചിട്ടയായ ആസൂത്രണമനുസരിച്ച് ഗവണ്‍മെന്റിന്റെ ശ്രമങ്ങള്‍ തുടരാനും ഇത് സര്‍ക്കാരിനെ പ്രാപ്തമാക്കുന്നു.
വിഷന്‍ 2030 വെളിച്ചത്തില്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന പരിഷ്‌കാരങ്ങളുടെ തുടര്‍ച്ചയാണ് സൗദി സമ്പദ്വ്യവസ്ഥയുടെ പോസിറ്റീവ് സൂചകങ്ങള്‍. എണ്ണയിതര മേഖലയുടെ വളര്‍ച്ചയുടെ ഫലമായി അടുത്ത വര്‍ഷം ലോകത്തെ പ്രധാന സാമ്പത്തിക ശാക്തിക രാജ്യങ്ങളുടെ കൂട്ടത്തില്‍ മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ രണ്ടാമത്തെ അതിവേഗ വളര്‍ച്ചാ നിരക്ക് സൗദിയില്‍ രേഖപ്പെടുത്തുമെന്ന് കണക്കാക്കുന്നു. അടുത്ത കൊല്ലം സാമ്പത്തിക വളര്‍ച്ച 4.6 ശതമാനമാകും. ഈ വര്‍ഷം മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ എണ്ണയിതര മേഖലയുടെ സംഭാവന 52 ശതമാനമായി ഉയര്‍ന്നു. ഇത് ഒരു പുതിയ റെക്കോര്‍ഡ് ആണ്. സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 7.1 ശതമാനമായി കുറഞ്ഞു. സൗദിയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്കാണിത്.
2030 ഓടെ തൊഴിലില്ലായ്മ നിരക്ക് ഏഴു ശതമാനമായി കുറക്കാനാണ് വിഷന്‍ 2030 ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യത്തിനു സമീപം ഇപ്പോള്‍ തന്നെ എത്തിയിരിക്കുന്നു. തൊഴില്‍ വിപണിയില്‍ സൗദി വനിതളുടെ പങ്കാളിത്തം 35.4 ശതമാനമായി ഉയര്‍ന്നു. വനിതാ പങ്കാളിത്തം 30 ശതമാനമായി ഉയര്‍ത്താനാണ് വിഷന്‍ 2030 ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം ഇപ്പോള്‍ തന്നെ മറികടന്നു. 2024 ന്റെ ആദ്യ പകുതിയില്‍ വിദേശ നിക്ഷേപ ഒഴുക്ക് 21.2 ബില്യണ്‍ റിയാലായിരുന്നു.
പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്, ദേശീയ വികസന ഫണ്ട്, ഇതിനു കീഴിലെ മറ്റു ഡെവലപ്മെന്റ് ഫണ്ടുകള്‍ എന്നിവ സാമ്പത്തിക സ്ഥിരതക്ക് പിന്തുണ നല്‍കുന്നതിലും സമഗ്ര വികസനം കൈവരിക്കുന്നതിലും സുപ്രധാന പങ്ക് വഹിക്കുന്നു. ഈ രണ്ട് ഫണ്ടുകളും സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിനുള്ള ഫലപ്രദമായ ശക്തിയെ പ്രതിനിധീകരിക്കുന്നു.
പുതിയ ബജറ്റ് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ ശക്തിയും ഈടും വഴക്കവും വര്‍ധിപ്പിക്കാനുള്ള നിശ്ചയദാര്‍ഢ്യം സ്ഥിരീകരിക്കുന്നു. സൗദി സമ്പദ്‌വ്യവസ്ഥ അതിവേഗം വളരുകയും അഭൂതപൂര്‍വമായ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ആഗോള സമ്പദ്വ്യവസ്ഥയിലെ വെല്ലുവിളികളും ഏറ്റക്കുറച്ചിലുകളും നേരിടാന്‍ അതിനെ പ്രാപ്തമാക്കുന്ന വഴക്കമാര്‍ന്ന ധനവിനിയോഗ നയമാണ് രാജ്യം പിന്തുടരുന്നത്. സാമ്പത്തിക സുസ്ഥിരതയും കാര്യക്ഷമമായ സാമ്പത്തിക ആസൂത്രണവും നിലനിര്‍ത്താന്‍ സഹായിക്കുന്ന സാമ്പത്തിക നയങ്ങള്‍ സ്വീകരിക്കുന്നതിന്റെ ഫലമായി സാമ്പത്തിക പരിഷ്‌കാരങ്ങള്‍ രാജ്യത്തിന്റെ ക്രെഡിറ്റ് റേറ്റിംഗില്‍ നല്ല സ്വാധീനം ചെലുത്തിയിട്ടുണ്ട്. സാമ്പത്തിക സുസ്ഥിരത നിലനിര്‍ത്തിക്കൊണ്ട് സാമ്പത്തിക വളര്‍ച്ചയെ തുടര്‍ന്നും പിന്തുണക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.
ഉത്തേജക നിക്ഷേപ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിലൂടെയും ചെറുകിട, ഇടത്തരം സംരംഭങ്ങളെ പിന്തുണക്കുന്നതിലൂടെയും സ്വകാര്യ മേഖലയെ ശാക്തീകരിക്കാനും സ്വകാര്യമേഖലയുടെ പങ്ക് വര്‍ദ്ധിപ്പിക്കാനും സാമ്പത്തിക വളര്‍ച്ചയുടെ പ്രധാന ചാലക ശക്തിയായി മാറാന്‍ അതിനെ പ്രാപ്തമാക്കാനുമുള്ള ശ്രമങ്ങള്‍ തുടരും. അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട പദ്ധതികളും സംരംഭങ്ങളും നടപ്പാക്കുന്നതും സ്വദേശികള്‍ക്കും രാജ്യത്ത് കഴിയുന്ന വിദേശികള്‍ക്കും സന്ദര്‍ശകര്‍ക്കും നല്‍കുന്ന അടിസ്ഥാന സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താനും സര്‍ക്കാര്‍ പ്രവര്‍ത്തനം തുടരും.
റെഗുലേറ്ററി, ഘടനാപരമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനും ജീവിത നിലവാരം ഉയര്‍ത്താനും സ്വകാര്യ മേഖലയെയും ബിസിനസ്സ് അന്തരീക്ഷത്തെയും ശാക്തീകരിക്കാനും ലക്ഷ്യമിട്ടുള്ള നയങ്ങള്‍ വികസിപ്പിക്കാനും ഒരു വാര്‍ഷിക പദ്ധതി തയ്യാറാക്കാനുമുള്ള ഗവണ്‍മെന്റിന്റെ ലക്ഷ്യം പുതിയ ബജറ്റ് ലക്ഷ്യമിടുന്നു. സൗദി സമ്പദ്വ്യവസ്ഥ ആഗോള സമ്പദ്വ്യവസ്ഥയുടെ അവിഭാജ്യ ഘടകമാണ്. മറ്റേതൊരു സമ്പദ് വ്യവസ്ഥയെയും പോലെ ആഗോള സംഭവവികാസങ്ങള്‍ സൗദി സമ്പദ്‌വ്യവസ്ഥയെയും ബാധിക്കുന്നു.
ദീര്‍ഘകാല സാമ്പത്തിക ആസൂത്രണത്തിലൂടെ ആഗോള വെല്ലുവിളികളെയും മാറ്റങ്ങളെയും നേരിടാന്‍ പ്രവര്‍ത്തിക്കുന്നത് തുടരാന്‍ ഇത് പ്രേരിപ്പിക്കുന്നു. സ്വദേശികളെയും രാജ്യത്ത് കഴിയുന്ന വിദേശികളെയും സേവിക്കല്‍, വികസന നേട്ടങ്ങള്‍ സംരക്ഷിക്കല്‍, ഇസ്‌ലാമികാധ്യാപനങ്ങളോടുള്ള പ്രതിബദ്ധതയോടെ സ്വദേശത്തും വിദേശത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടരല്‍, ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ എല്ലാ വിഭവങ്ങളും ഊര്‍ജവും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നത് തുടരല്‍ എന്നിവയാണ് സര്‍ക്കാറിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങള്‍. ഈ മാര്‍ഗത്തില്‍ വ്യക്തമായ സമീപനത്തോടെ സൗദി അറേബ്യ മുന്നോട്ടുപോകുമെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.