2034 ലോകകപ്പ് ആതിഥേയത്വ ഫയല്‍, വിശദാംശങ്ങള്‍ പുറത്ത്
ജിദ്ദ – 2034 ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നതുമായി ബന്ധപ്പെട്ട് സൗദി അറേബ്യ സമര്‍പ്പിച്ച ഫയലിലെ വിശദാംശങ്ങള്‍ ഫിഫ പുറത്തുവിട്ടു. റിയാദ്, ജിദ്ദ, അല്‍കോബാര്‍, അബഹ, നിയോം എന്നീ അഞ്ചു നഗരങ്ങളിലെ 15 സ്‌റ്റേഡിയങ്ങളാണ് മത്സരങ്ങള്‍ക്ക് സജ്ജീകരിക്കുന്നത്. ഇതില്‍ 11 എണ്ണം പൂര്‍ണമായും പുതുതായി നിര്‍മിക്കുന്നവയാണ്.
ലോകകപ്പ് മത്സരങ്ങള്‍ക്ക് ആതിഥ്യം വഹിക്കുന്ന നഗരങ്ങളിലും സപ്പോര്‍ട്ടിംഗ് നഗരങ്ങളിലുമായി ഫുട്‌ബോള്‍ ആരാധകരുടെയും വി.ഐ.പികളുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഫിഫ സംഘങ്ങളുടെയും താമസത്തിന് 2,30,000 ലേറെ ഹോട്ടല്‍ മുറികള്‍ ലഭ്യമാക്കും. മത്സരത്തില്‍ പങ്കെടുക്കുന്ന 48 ടീമുകള്‍ക്കും അവരെ അനുഗമിക്കുന്ന പ്രതിനിധി സംഘങ്ങള്‍ക്കും 15 നഗരങ്ങളില്‍ 72 സ്റ്റേഡിയങ്ങള്‍ ഉള്‍പ്പെടെ 132 പരിശീലന കേന്ദ്രങ്ങളുണ്ടാകും.
ഇവക്കു പുറമെ റഫറിമാരുടെ പരിശീലനത്തിന് രണ്ടു ആസ്ഥാനങ്ങളും ഒരുക്കുമെന്ന് സൗദി അറേബ്യ ഉറപ്പുനല്‍കിയിട്ടുണ്ട്. ഫിഫ ഫാന്‍ വെസ്റ്റിവല്‍ കേന്ദ്രങ്ങള്‍ക്ക് ലോകത്തെ ഏറ്റവും വലിയ നഗര പാര്‍ക്ക് ആയ റിയാദിലെ കിംഗ് സല്‍മാന്‍ പാര്‍ക്ക് അടക്കം വ്യത്യസ്ത നഗരങ്ങളിലെ പത്തു കേന്ദ്രങ്ങള്‍ സൗദി അറേബ്യ മുന്നോട്ടുവെച്ചിട്ടുണ്ട്. മത്സരങ്ങള്‍ നടക്കുന്ന ഓരോ നഗരത്തിലും ഓരോ ഫാന്‍ ഫെസ്റ്റിവല്‍ കേന്ദ്രം വീതം ഫിഫ തെരഞ്ഞെടുക്കും.