കോഴിക്കോട്: സി.ഐ.സിയുമായി ബന്ധപ്പെട്ട് സമസ്തയിലെ ചില നേതാക്കൾ മുസ്‌ലിം ലീഗ് നേതൃത്വവുമായി ഇടക്കാലത്തുണ്ടായ കടുത്ത ചേരിപ്പോരിൽ വീണ്ടുവിചാരം ഉയർത്തുന്ന പോസ്റ്റുമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ്പ്രസിഡന്റും സുപ്രഭാതം റസിഡന്റ് എഡിറ്ററുമായ സത്താർ പന്തല്ലൂർ രംഗത്ത്.
പ്രശ്‌നത്തിൽ അബ്ദുൽഹമീദ് ഫൈസി അമ്പലക്കടവിനൊപ്പം പാണക്കാട് കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ള ലീഗ് നേതാക്കൾക്കും സമസ്ത പുറത്താക്കിയ സി.ഐ.സിയുടെ സ്ഥാപക ജനറൽസെക്രട്ടറി പ്രഫ. അബ്ദുൽഹക്കീം ഫൈസി ആദൃശ്ശേരിക്കുമെതിരെ അതിരൂക്ഷമായ വിമർശങ്ങളും ആരോപണങ്ങളും ഉന്നയിച്ച സംഘത്തിലെ പ്രധാനി തന്നെ ‘ഒരുമിക്കേണ്ടതിന്റെ വിലപറഞ്ഞ് രംഗത്തെത്തിയത്’ വ്യാപക ചർച്ചയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
‘ഇന്നലെകളിൽ കൈക്കോർത്തു നടന്ന പോലെ നാളെയും നടക്കണം’ എന്ന ആശയം പ്രസരിപ്പിക്കുന്ന കുറിപ്പ് ബന്ധങ്ങളെക്കുറിച്ച് പറയുമ്പോൾ പലപ്പോഴും ഓർമിപ്പിക്കുന്ന ‘പിരിയാൻ നൂറായിരം കാരണങ്ങളുണ്ടെങ്കിലും ചേർന്നുനിൽക്കാൻ ഒറ്റ കാരണം മതി’ എന്ന വാക്യത്തിന് അടിവരയിട്ടാണ് എഫ്.ബി പോസ്റ്റ് ആരംഭിച്ചിട്ടുള്ളത്.
‘അബദ്ധങ്ങൾ ആർക്കും പറ്റാം. അത് മറക്കാനും പൊറുക്കാനും സാധിക്കുമ്പോഴാണ് മനുഷ്യൻ മനുഷ്യനാകുന്നത്. നാം മനുഷ്യരാണ്. വിശ്വാസികളാണ്. മറക്കാനും പൊറുക്കാനും സാധിക്കണം. സാധിച്ചേ പറ്റൂ. ഇന്നലെകളിൽ കൈക്കോർത്തു നടന്ന പോലെ നാളെയും നടക്കണം. നടക്കാൻ സാധിക്കണം. ബന്ധങ്ങൾക്കിടയിൽ വെട്ടുകത്തിയും കോടാലിയുമല്ല കൊണ്ടുനടക്കേണ്ടത്. സൂചിയും നൂലും എപ്പോഴും കൂടെ കരുതേണ്ട സമയത്തും കാലത്തുമാണ് നാം’ എന്നും കുറിപ്പ് വ്യക്തമാക്കുന്നു. മുമ്പ് ഒരുമിച്ചിരുന്നവർക്ക് പിന്നീട് പിരിഞ്ഞതിന്റെ കാരണം പോലും മനസ്സിലാകാതായെന്നും ശേഷം ഒരുമിപ്പിക്കാൻ പല മാധ്യസ്ഥശ്രമങ്ങളും ഉണ്ടായെങ്കിലും നടന്നില്ലെന്നും (സമസ്തയുടെ പിളർപ്പ് പേര് പറയാതെ) കുറിപ്പിൽ ഓർമിപ്പിക്കുന്നു.
ലീഗും സമസ്തയും ഒരുമിച്ച് പോകണമെന്ന് ആഗ്രഹിക്കുന്നവരെല്ലാം പോസ്റ്റിനെ വളരെ പോസിറ്റീവായി പൊതുവെ സ്വാഗതം ചെയ്യുമ്പോഴും ഇക്കാര്യത്തിലെ അഭിപ്രായപ്രകടനം സത്യസന്ധവും ആത്മാർത്ഥവുമാണെങ്കിൽ തെറ്റുതിരുത്തി അവിടുന്നാണ് തുടങ്ങേണ്ടതെന്നും കാര്യങ്ങൾ കൈവിട്ടുപോയെന്നും അല്ല, വൈകിയിട്ടില്ല ഇനിയും സമയമുണ്ടെന്നും പലരും ഇതോടായി പ്രതികരിച്ചിട്ടുണ്ട്.
വെറുപ്പിന്റെ കട തുടങ്ങിയവരെക്കൊണ്ടുതന്നെ ഇത് പറയിപ്പിച്ച നാഥന് സ്തുതി, ഒന്നിക്കാൻ കാരണങ്ങളുണ്ട്. ഭിന്നിക്കാൻ കാരണങ്ങൾ ഉണ്ടാക്കിയതാണ്. സംഗതി കൈവിട്ടുപോയി എന്ന് ഇപ്പോഴെങ്കിലും ബോധ്യം വന്നല്ലോ…
അകലാനും പിരിയാനുമൊക്കെ നിത്യ കാരണക്കാരായ ഞങ്ങൾ സാധാരണക്കാർ നിങ്ങളോട് മാപ്പ് ചോദിക്കുന്നു. ഭാവിയിൽ ഒളിഞ്ഞിരുന്നും
കുനിഞ്ഞിരുന്നും ചെയ്യാൻ പോകുന്ന എല്ലാ നാറിത്തരത്തിനും മുൻകാല പ്രാബല്യത്തോടെ ഞങ്ങൾ മാപ്പ് പറയുന്നു, പ്രശ്‌നം ചെറുതാണെങ്കിലും അവസ്ഥ ഗുരുതരമാണ്. എങ്കിലും സമയം വൈകിയിട്ടില്ല… ആത്മാർത്ഥതയോടെയാണ് വരികളെങ്കിൽ താങ്കളെ പോലുളളവർ ശ്രമിച്ചാൽ തീർച്ചയായും ഫലം കാണും, തിരിച്ചറിവ് നല്ലതാണ്. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടില്ല എന്ന് വിശ്വസിക്കാനാണിഷ്ടം…… എന്നിങ്ങനെ ഒട്ടേറെ പ്രതികരണങ്ങൾ ഇതോടായി വന്നുകൊണ്ടിരിക്കുകയാണ്.
പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ:
Even if there was a million reasons to leave, you would still look for the one reason on stay. പിരിയാൻ നൂറായിരം കാരണങ്ങളുണ്ടെങ്കിലും ചേർന്നു നിൽക്കാൻ ഒറ്റ കാരണം മതി ബന്ധങ്ങളെ കുറിച്ചു പറയുമ്പോൾ പലപ്പോഴും ഉദ്ധരിക്കപ്പെടുന്ന വാക്യമാണിത്. ഇവിടെ മിക്കവാറും, നമുക്കിടയിൽ നേരെ തിരിച്ചാണുള്ളത്. ചേർന്നു നിൽക്കാൻ നൂറായിരം കാരണങ്ങളുണ്ട്. അകലാനോ, ഒന്നോ രണ്ടോ കാരണങ്ങളും. എന്നിട്ടും പലരും അകൽച്ചയെ കുറിച്ച് ചിന്തിക്കുന്നു. അതേ കുറിച്ചു സംസാരിക്കുന്നു. ചെറുതിനെ വലുതാക്കാൻ മത്സരിക്കുന്നു.
എന്തും വെട്ടിമുറിക്കാൻ എളുപ്പമാണ്. ചേർത്തു വെക്കാനാണ് പ്രയാസം. മനുഷ്യരാണ്. അഭിപ്രായാന്തരങ്ങളും വീക്ഷണ വൈജാത്യങ്ങളും സ്വാഭാവികം. പലതും സംവാദാത്മകമാണുതാനും. ചില ഘട്ടങ്ങളിൽ അത്തരം സംവാദാത്മക ചർച്ചകളിൽ നമ്മളൊക്കെ ഇടപെടാറുണ്ട്. പക്ഷേ, അതൊന്നും വെറുപ്പുൽപ്പാദിപ്പിക്കാനും അകന്നു നിൽക്കാനുമുള്ള കാരണങ്ങളല്ല, പ്രത്യേകിച്ചും ചേർന്നു നിൽക്കാൻ നൂറായിരം കാരണങ്ങൾ ഉള്ളവർക്ക്.
ഇണങ്ങുമ്പോൾ ഓർക്കാവുന്നതേ പിണങ്ങുമ്പോൾ പറയാവൂ എന്ന് പഴമക്കാർ പറയാറുണ്ട്. ചില്ലറ പറഞ്ഞു തമ്മിൽ അകന്നവർ മുമ്പും ഉണ്ടായിട്ടുണ്ട്. കാലം കുറച്ചു കഴിഞ്ഞപ്പോൾ, എന്തിനാണ് അകന്നതെന്നു പോലും ഓർമയില്ലാത്ത വിധം നിസ്സാരമായിരുന്നു പലരുടെയും കാരണങ്ങൾ. പിന്നീട് ഇരുകൂട്ടർക്കും അടുക്കണമെന്നു തോന്നിയിട്ടുണ്ട്. അടുപ്പിക്കാൻ പരസഹസ്രം മധ്യസ്ഥ ശ്രമങ്ങൾ നടന്നിട്ടുണ്ട്. പക്ഷേ, നടന്നിട്ടില്ല.
അബദ്ധങ്ങൾ ആർക്കും പറ്റാം. അത് മറക്കാനും പൊറുക്കാനും സാധിക്കുമ്പോഴാണ് മനുഷ്യൻ മനുഷ്യനാകുന്നത്. നാം മനുഷ്യരാണ്. വിശ്വാസികളാണ്. മറക്കാനും പൊറുക്കാനും സാധിക്കണം. സാധിച്ചേ പറ്റൂ. ഇന്നലെകളിൽ കൈ കോർത്തു നടന്ന പോലെ നാളെയും നടക്കണം. നടക്കാൻ സാധിക്കണം. ബന്ധങ്ങൾക്കിടയിൽ വെട്ടുകത്തിയും കോടാലിയുമല്ല കൊണ്ടുനടക്കേണ്ടത്. സൂചിയും നൂലും എപ്പോഴും കൂടെ കരുതേണ്ട സമയത്തും കാലത്തുമാണ് നാം.