കോഴിക്കോട് – സമസ്തയിലെ ലീഗ്-സി.പി.എം അനുകൂലികൾ തമ്മിലുള്ള ഭിന്നത കൂടുതൽ രൂക്ഷമാവുന്നു. സി.ഐ.സി-സമസ്ത അഭിപ്രായ ഭിന്നതയിൽ തുടങ്ങിയ പരസ്യ പോര് പിന്നീട് സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തിലേക്കും മുസ്‌ലിം ലീഗ്-സമസ്ത ബന്ധങ്ങൾ കൂടുതൽ വഷളാവുന്നിടത്തേക്കുവരേ കാര്യങ്ങൾ എത്തിക്കുകയായിരുന്നു.
ദുബൈയിൽ നടന്ന സുപ്രഭാതത്തിന്റെ ഗൾഫ് എഡിഷനും തുടർന്ന് സമൂഹമാധ്യമങ്ങളിലെ ചർച്ചകളും കഴിഞ്ഞ് ഏറ്റവും ഒടുവിൽ സമസ്ത കേന്ദ്ര മുശാവറ അംഗവും സുപ്രഭാതം ചീഫ് എഡിറ്ററും പബ്ലിഷറുമായ ഡോ. ബഹാവുദ്ദീൻ നദ്‌വിക്കെതിരായ സമസ്തയുടെ കാരണം കാണിക്കൽ നോട്ടീസ് വരെ എത്തിയതോടെ ഇരു ചേരികളിലും പെട്ട സമസ്തയുടെ പ്രവർത്തകർ പരസ്യ പോരിലാണ്.
സമസ്ത നേതൃത്വത്തേയും മുഖപത്രമായ സുപ്രഭാതത്തേയും വിമർശിച്ച നടപടിയാണ് ഡോ. ബഹാവുദ്ദീൻ നദ്‌വിക്കെതിരായ കാരണം കാണിക്കൽ നോട്ടീസിലേക്ക് കാര്യങ്ങളെത്തിച്ചതെന്നാണ് സമസ്തയിലെ ലീഗ് വിരുദ്ധ നിലപാടുകളെ പിന്തുണക്കുന്നവർ പറയുന്നത്. അതിനാൽ, കേന്ദ്ര മുശാവറ അംഗം കൂടിയായ ഈ പണ്ഡിതനെതിരേ മുഖം നോക്കാതെ നടപടി വേണമെന്നാണ് പാണക്കാട് കുടുംബാംഗങ്ങൾക്കും ലീഗ് നേതൃത്വത്തിനുമെതിരെ കരുനീക്കങ്ങൾ നടത്തുന്നവർ പറയുന്നത്.
സമൂഹമാധ്യമങ്ങളിലും മറ്റും ഇരുവിഭാഗവും അഴിച്ചുവിടുന്ന ആരോപണ-പ്രത്യാരോപണങ്ങൾ നിയന്ത്രിക്കാനാകാതെ നേതൃത്വംതന്നെ പ്രശ്‌നത്തിൽ കക്ഷി ചേരുന്നത്, അന്ധമായ പിടിവാശിയില്ലാത്ത, സമസ്തയെ സ്‌നേഹിക്കുന്ന വലിയൊരു വിഭാഗത്തെ കൂടുതൽ നിരാശരാക്കുന്നതായും പറയുന്നു. ഒപ്പം സമസ്ത അംഗമല്ലാത്തവരും മറ്റു മുസ്‌ലിം സംഘടനകളിൽ പെട്ടവരും അല്ലാത്തവരുമായ വലിയൊരു വിഭാഗവും ഇക്കാര്യങ്ങളിൽ കടുത്ത ആശങ്കയാണ് പ്രകടിപ്പിക്കുന്നത്.
‘മതനിഷേധികൾക്കെതിരെ കർശന നിലപാട് സ്വീകരിച്ച സംഘടനയാണ് സമസ്ത. അടുത്ത കാലത്തായി അതിന് മാറ്റങ്ങൾ വന്നു. സുപ്രഭാതം ഗൾഫ് എഡിഷൻ ഉദ്ഘാടന ചടങ്ങ് അതിന് തെളിവാണെന്നാണ് ഡോ. ബഹാവുദ്ദീൻ നദ്‌വിയുടെ കണ്ടെത്തൽ. മന്ത്രി പി.എം മുഹമ്മദ് റിയാസിനെ ചൂണ്ടിക്കാട്ടി ചടങ്ങിൽ നിരീശ്വരവാദിയായ ഒരാൾക്ക് തക്ബീർ ചൊല്ലി പിന്തുണ നല്കുന്നത് ബുദ്ധിശൂന്യമാണെന്നും സുപ്രഭാതത്തിന് മാർഗഭ്രംശം സംഭവിച്ചതിനാലാണ് ഗൾഫ് എഡിഷനിൽനിന്ന് വിട്ടുനിന്നതെന്നുമാണ് കടുത്ത ലീഗ് ഭക്തനായ ബഹാവുദ്ദീൻ നദ്‌വിയുടെ വാദം.
സുപ്രഭാത്തിനകത്ത് കുറച്ചുകാലമായി പ്രഖ്യാപിത രീതിയിൽനിന്നും ചെറിയ രീതിയിൽ മാർഗഭ്രംശം സംഭവിച്ചിട്ടുണ്ട്. അത് ശരിയാക്കി എടുക്കേണ്ടതുണ്ട്. വ്യക്തത വരുത്തിയ ശേഷം സഹകരിക്കാമെന്ന നിലപാടിലാണ്. അതിനാലാണ് മനഃപൂർവ്വം മാറി നിന്നത്. ജിഫ്രി തങ്ങൾ അടക്കം പങ്കെടുത്തവർ നിലവിലെ നിലപാടുമായി യോജിച്ചുവരുന്നവരായിരിക്കാം. സമസ്തയിലെ പൂർവികരുടെ നിലപാടുകൾ മറക്കരുത്. വ്യക്തിപരമായ കാഴ്ച്ചപ്പാടുകൾക്കോ, താൽപര്യങ്ങൾക്കോ സമസ്തയിൽ പ്രസക്തിയില്ല. സമസ്ത നേതൃത്വം മാറേണ്ട, നയങ്ങൾ മാറ്റിയാൽ മതി. പരസ്പരം സമരസപ്പെട്ടായിരുന്നു ലീഗും സമസ്തയും മുന്നോട്ട് പോയതെന്നുമാണ് ബഹാവുദ്ദീൻ നദ്‌വി പ്രതികരിച്ചത്. ഈ പ്രതികരണത്തിന് കൈയടിച്ചവരും കടുത്ത ദഹനക്കേടായവരും തമ്മിലുള്ള പിടിവലിയാണിപ്പോൾ സമസ്തയിൽ നടക്കുന്നത്.
എന്നാൽ, തലമുതിർന്ന ഈ പണ്ഡിതനെതിരേ നടപടി എടുത്താൽ അത് ലീഗ്-സമസ്ത ബന്ധത്തെ കൂടുതൽ ആഴത്തിൽ ദോഷകരമായി ബാധിക്കുമെന്ന് ലീഗും സമസ്തയും പഴയകാല ബന്ധം തുടരണമെന്ന് പറയുന്നവർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, സമസ്തയ്ക്കു ചേരാത്ത പ്രവർത്തനം ഇരുപക്ഷത്തുനിന്നും പലപ്പോഴായി ഉണ്ടായിട്ടുണ്ടെന്നും ഏതെങ്കിലും ഒന്നോ രണ്ടോ ആളെ കക്ഷിതാൽപര്യം പരിഗണിച്ച് നടപടിക്കു വിധേയമാക്കിയാൽ അത് നീതിയല്ലെന്നും, നേരിട്ട് ഒരു ആക്ഷനിലേക്ക് കാര്യങ്ങൾ പോകാതെ, ഒരു അച്ചടക്ക കമ്മിഷനെ നിയോഗിച്ച് എല്ലാവർക്കും സംഘടനാ ബോധം വളർത്താനും മറ്റുമായി ശക്തമായ ഒരു മുന്നറിയിപ്പ് മതിയെന്നും ഇരുവിഭാഗത്തിന്റെയും ചെയ്തികളെ പൂർണമായി പിന്തുണയ്ക്കാത്തവർ പറയുന്നു.
അതിനിടെ, സമസ്തയിലെയും സുപ്രഭാതത്തിലെയും ലീഗ് വിരുദ്ധ നീക്കങ്ങളുടെ സൂത്രധാരനായി ആരോപിക്കപ്പെടുന്ന യുവജന വിഭാഗം നേതാവും സുപ്രഭാതം മാനേജിംഗ് ഡയരക്ടറുമായ അബ്ദുൽഹമീദ് ഫൈസി അമ്പലക്കടവ് അധ്യാപകനായ കരുവാരക്കുണ്ട് ദാറുന്നജാത്ത് സ്ഥാപനത്തിലെ സ്‌കൂളിനെതിരെയുള്ള എ.ഇ.ഒയുടെ ഗുരുതരമായ കണ്ടെത്തൽ ആയുധമാക്കാൻ ലീഗനുകൂല സമസ്തക്കാരും ശ്രമിക്കുന്നുണ്ട്. ഹമീദ് ഫൈസിയുടെയും മുക്കം ഉമർ ഫൈസിയുടെയും നേതൃത്തിലുള്ള വിഭാഗം മുഖ്യമന്ത്രി പിണറായി വിജയനെക്കണ്ടത് ദാറുന്നജാത്ത് സ്‌കൂളിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണെന്നും ഒരുവിഭാഗം ആരോപിക്കുന്നു. എന്നാൽ വിഷയം അതല്ല, സമസ്ത വിദ്യാഭ്യാസ ബോർഡുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനാണ് കെ മോയിൻകുട്ടി മാസ്റ്റർ അടക്കമുള്ള സംഘം മുഖ്യമന്ത്രിയെ കണ്ടതെന്ന് മറുവിഭാഗം വിശദീകരിക്കുന്നു.
കരുവാരക്കുണ്ട് ദാറുന്നജാത്ത് ഓർഫനേജ് സ്‌കൂളിലെ അധ്യാപകരായ മൂന്നുപേർ ജോലി ചെയ്യാതെ ശമ്പളം വാങ്ങിയെന്നാണ് മലപ്പുറം ഉപവിദ്യാഭ്യാസ ഡയറ്കടറുടെ കണ്ടെത്തൽ. ക്രമക്കേട് നടത്തിയെന്ന് പറയുന്ന ഒരു അധ്യാപിക ഹമീദ് ഫൈസി അമ്പലക്കടവിന്റെ മകളും മറ്റൊരാൾ ബന്ധുവുമാണെന്നും പറയുന്നു. ഇങ്ങനെ ഒരു കോടിയോളം രൂപ ചെയ്യാത്ത ജോലിയുടെ പേരിൽ എട്ടുവർഷത്തോളം മൂന്നു പേരും ശമ്പളമായും ആനുകൂല്യമായും കൈപ്പറ്റിയെന്നാണ് ആരോപണം. മുൻകൂർ പ്രാബല്യത്തോടെ നിയമനാംഗീകാരം വാങ്ങാനായി കൃത്രിമ രേഖ ചമയ്ച്ചും ഹാജർ പട്ടികയിൽ കൃത്രിമം കാണിച്ചതായും പറയുന്നു. അധ്യാപകർക്കെതിരെയും സ്‌കൂൾ മാനേജർക്കെതിരെയും ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും മലപ്പുറം ഉപവിദ്യാഭ്യാസ ഡയറക്ടർ നൽകിയ റിപോർട്ടിലുണ്ട്. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ചുമതല ഏറ്റെടുക്കണമെന്നും ഡി.ഡി.ഇ ശിപാർശ ചെയ്തതായാണ് വിവരം.
ഇതും സമസ്തക്കുള്ളിലെ ഇരു ചേരിയിലെയും ആരോപണ പ്രത്യാരോപണങ്ങൾക്ക് കൂടുതൽ എരിവ് പകരുകയാണ്. എന്നാൽ, സ്ഥാപനം നടത്തുന്നത് ഹമീദ് ഫൈസിയല്ലെന്നും അദ്ദേഹത്തിന്റെ കൈകൾ ശുദ്ധമാണെന്നും ലീഗ് അധ്യക്ഷൻ കൂടിയായ പാണക്കാട് സാദിഖലി തങ്ങളാണ് സ്ഥാപനത്തിന്റെ ചെയർമാനെന്നും അദ്ദേഹമാണ് ഇത്തരം ആരോപണങ്ങൾക്കെല്ലാം മറുപടി പറയേണ്ടതെന്ന് ഫൈസിയെ പിന്തുണക്കുന്നവർ വാദിക്കുന്നു. അതേസമയം, അബ്ദുൽഹമീദ് ഫൈസിയോടൊപ്പം വിവാദങ്ങൾക്ക് ശക്തിപകരുന്ന, സമസ്തയുടെ പ്രവർത്തകരുടെ വിയർപ്പിൽനിന്ന് ശമ്പളം പറ്റുന്ന സുപ്രഭാതം റസിഡന്റ് എഡിറ്റർ സത്താർ പന്തല്ലൂർ, സുപ്രഭാതം സി.ഇ.ഒ മുസ്തഫ മുണ്ടുപാറ എന്നിവരെ പ്രസ്തുത സ്ഥാനങ്ങളിൽനിന്ന് നീക്കിയാൽ സുപ്രഭാതത്തിന്റെ ലീഗ് വിരുദ്ധ നീക്കങ്ങളുടെ മുനയൊടിയുമെന്നും സമസ്തയും പാണക്കാട് കുടുംബവും ലീഗ് നേതൃത്വവുമായുള്ള പരുക്കുകൾ ഇല്ലാതാകുമെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നു.
‘തൊരപ്പന്റെ പണി’ ആരുടേത്?
അതിനിടെ, ബഹാവുദ്ദീൻ നദ്‌വിക്ക് സി.പി.എം വിരോധവും ലീഗ് പ്രേമവുമാണെന്ന് പറഞ്ഞ് സി.പി.എം സഹയാത്രികനും മുൻ മന്ത്രിയുമായ കെ.ടി ജലീൽ എം.എൽ.എ രംഗത്തെത്തിയതോടെ അതിന് മറുപടിയുമായി എം.എസ്.എഫ് നേതാവ് പി.കെ നവാസും പ്രതികരിച്ചത് രംഗത്തിന് ചൂട് പകർന്നു.
സുപ്രഭാതത്തിൽ വേലി തന്നെ വിള തിന്നുകയാണെന്നും യു.ഡി.എഫിലെ നിരീശ്വരവാദികളെ ബഹാവുദ്ധീൻ നദ്‌വി എന്തുകൊണ്ട് വിമർശിക്കുന്നില്ലെന്നും ചോദിച്ച കെ.ടി ജലീൽ യു.ഡി.എഫ് നേതാക്കളെ തക്ബീർ ചൊല്ലി പിന്തുണച്ചപ്പോൾ നദ്‌വിക്ക് നാവ് പൊങ്ങിയില്ലെന്നും തുറന്നടിച്ചു. ‘സുപ്രഭാതത്തിന്റെ ചീഫ് എഡിറ്റർ സ്ഥാനത്തിരുന്ന് അതിനെ കൊല്ലാൻ ശ്രമിക്കുന്നത് ജൂതാസിനെപ്പോലും നാണിപ്പിക്കും. നദ്‌വി ചന്ദ്രികയുടെ ചീഫ് എഡിറ്ററാകുന്നതാണ് നല്ലത്. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന നദ്‌വി കപ്പലിൽ വെള്ളമില്ലാതായപ്പോൾ താഴത്തെ നിലയിൽ ഓട്ടയുണ്ടാക്കി പ്രശ്‌നം പരിഹരിച്ച ‘തൊരപ്പന്റെ’ പണിയാണ് എടുക്കുന്നതെന്നും കെ.ടി ജലീൽ ആരോപിക്കുകയുണ്ടായി.
എന്നാൽ, അധികാരത്തിന് വേണ്ടി ഇടതുപക്ഷത്തിന്റെ തോളിലേറി, സമുദായത്തെ ഒറ്റുകൊടുത്ത യഥാർത്ഥ ജൂതാസ് കെ.ടി ജലീലാണെന്ന് ഡോ. ബഹാവുദ്ദീൻ നദ്‌വിക്ക് എതിരായ വിമർശത്തിൽ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് പ്രതികരിച്ചു.
സി.പി.എമ്മിന്റെ വരാന്തയിൽ ചുരുണ്ടു കൂടി രാകിനാവ് കാണുന്ന കെ.ടി ജലീൽ ആദരണീയരായ സമസ്തയുടെ മുശാവറ അംഗങ്ങളെ തെറിവിളിച്ച് അധിക്ഷേപിച്ചാൽ, ആ കിനാവുകൾ സാഫല്യമാകുമെന്ന വിചാരമുണ്ടെങ്കിൽ താങ്കൾ പാഴ്‌സ്വപ്‌നക്കാരനാണെന്നും നവാസ് ഓർമിപ്പിച്ചു.
അന്ന് താങ്കൾ ആദരണീയനായ സമസ്ത മുശാവറ അംഗം എം.ടി ഉസ്താദിനെ അറു വഷളനെന്ന് ആക്ഷേപിച്ചു. ഇപ്പോൾ മുശാവറ അംഗം ആദരണീയനായ ബഹാവുദ്ദീൻ ഉസ്താദിനെ ‘തൊരപ്പൻ പണിയെടുക്കുന്നവർ, ജുതാസെന്നുമാണ്’ വിളിച്ചത്. നാവിന് എല്ലില്ലെന്ന് കരുതി, ആദരണീയരായ സമസ്തയുടെ മുശാവറാ അംഗങ്ങളെ ഇങ്ങനെ ആക്ഷേപിക്കാൻ താങ്കൾ ആരാണ്.? ആരാണിതിന് താങ്കൾക്ക് അധികാരം നൽകിയത്?
സമസ്തക്കു വേണ്ടി ഒരു പോസ്റ്ററൊട്ടിക്കാത്ത, ഒരു തുള്ളി വിയർപ്പൊഴുക്കാത്ത താങ്കൾ ഞങ്ങളുടെ പണ്ഡിതന്മാരെ അളക്കാൻ വരരുത്.! എ.കെ.ജി സെന്ററിലെ അളവുകോൽ വെച്ച് സമസ്തയുടെ നേതാക്കളെ അളക്കാൻ നിൽക്കരുത്.
ഇ.എം.എസ്സും, എ.കെ.ജിയുമില്ലാത്ത സ്വർഗ്ഗം എനിക്ക് വേണ്ടെന്ന് പണ്ട് താങ്കൾ പറഞ്ഞപോലെ സമസ്തയുടെ ഒരു ഘടകത്തിലും അംഗത്വമില്ലാത്ത താങ്കളുടെ ഉപദേശം ഞങ്ങൾക്കാവശ്യമില്ല. സമുദായ ചിദ്രതയിലാണ് തന്റെ രാഷ്ട്രീയ ലാഭമെന്നു തിരിച്ചറിഞ്ഞ താങ്കളെ പോലോത്ത മീർ ജാഫർമാരെ തിരിച്ചറിയാത്ത പ്രശ്‌നം സമുദായത്തിനില്ലെന്നും പി.കെ നവാസ് ചൂണ്ടിക്കാട്ടി.
വിവാദങ്ങൾക്ക് ആര് മൂക്കുകയറിടും?
എന്തായാലും സി.ഐ.സി സ്ഥാപക സെക്രട്ടറി അബ്ദുൽഹക്കീം ഫൈസി ആദൃശ്ശേരിയെ പുറത്താക്കി സമസ്തയിൽ പിടിമുറുക്കിയ ലീഗ് വിരുദ്ധരുടെ നീക്കങ്ങൾക്ക് ബഹാവുദ്ദീൻ നദ്‌വിക്കെതിരായ കാരണം കാണിക്കൽ നോട്ടീസിലും വിജയം കാണാനായാൽ അത് കൂടുതൽ വലിയ വിവാദങ്ങളിലേക്കും പൊട്ടിത്തെറിയിലേക്കും കാര്യങ്ങൾ എത്തിക്കുമെന്നാണ് കരുതേണ്ടത്.
കേരളത്തിലെ മുസ്‌ലിം സംഘടനാ സൗഹൃദക്കൂട്ടായ്മകളുടെ പൊതു പ്ലാറ്റ് ഫോം കൂടിയായ ലീഗിനെയും അതിന്റെ നേതൃത്വത്തിലുള്ള പാണക്കാട് കുടുംബാംഗങ്ങളെയും തങ്ങളുടെ കുടുസ്സായ സംഘടനാമുറിയിൽ വരിഞ്ഞുമുറുക്കുന്ന ചില തിട്ടൂരങ്ങൾ, പുതിയ കാലത്തിനും മതത്തിന്റെ വിശാലമായ ഗുണകാക്ഷയ്ക്കും എതിരാണെന്നതും ലീഗ് വിരുദ്ധ പ്രചാരവേലയുടെ അണിയറ ശിൽപ്പികൾ വൈകിയെങ്കിലും മനസ്സിലാക്കുന്നത് നന്ന്. ഒപ്പം സമസ്തയിലെ വലിയൊരു വിഭാഗം രാഷ്ട്രീയപരമായി ലീഗിനെ നെഞ്ചിലേറ്റുന്നതുപോലെ തന്നെ അതല്ലാത്ത രാഷ്ട്രീയ ധാരകളിൽ വിശ്വാസം രേഖപ്പെടുത്തുന്നവരെ ശത്രുപക്ഷത്തായി മുദ്രകുത്തുന്ന വിലകുറഞ്ഞ സമീപനം മറുവിഭാഗവും തിരുത്താത്തിടത്തോളം കാലം ഈ പോര് നീണ്ടുപോകാനാണ് സാധ്യത. അത് ആർക്ക് ഗുണം ചെയ്താലും ഇല്ലെങ്കിലും ശരി, സമസ്തക്കാണ് ഏറ്റവും കൂടുതൽ ദോഷമുണ്ടാക്കുകയെന്ന് നേതൃത്വം മനസ്സിലാക്കണം. അതിനാൽ, ഇരുവിഭാഗവും ഉന്നയിക്കുന്ന പ്രശ്‌നങ്ങളെ അതിന്റെ മർമ്മത്തിൽനിന്ന് നോക്കിക്കാണാനും പക്വമായ പരിഹാരം ഉണ്ടാക്കാനും നേതൃത്വം തയ്യാറായില്ലെങ്കിൽ കേരളത്തിലെ ഏറ്റവും വലിയൊരു മതസംഘടനാ കൂട്ടായ്മയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമക്കും അതിന്റെ മുഖപത്രത്തിനും അതുണ്ടാക്കുന്ന ക്ഷീണം നിസ്സാരമാവില്ല.