- ബാധിക്കുക അരലക്ഷത്തിലധികം അങ്കണവാടി ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും ആശ്രയിച്ചു കഴിയുന്നവരെ
- തിരുവനന്തപുരം – മധ്യവേനലവധി കഴിഞ്ഞ് സംസ്ഥാനത്ത് പള്ളിക്കൂടങ്ങൾ തുറക്കാനിരിക്കെ, അങ്കണവാടി ജീവനക്കാർക്കെതിരെ വിചിത്ര നടപടിയുമായി സംസ്ഥാന ധനകാര്യ വകുപ്പ്.
അങ്കണവാടി ജീവനക്കാരുടെ ശമ്പളം മരവിപ്പിക്കാനാണ് ധനവകുപ്പിന്റെ തീരുമാനം. ഇനിയൊരു നിർദേശം ലഭിക്കുന്നതുവരെ സംസ്ഥാന വിഹിതം ജീവനക്കാർക്ക് നല്‌കേണ്ടതില്ലെന്നാണ്, കാരണം വ്യക്തമാക്കാതെ ട്രഷറി ഡയറക്ടർ ഉത്തരവിട്ടത്. എല്ലാ ജില്ലാ, സബ് ട്രഷറി ഓഫീസർമാർക്കുമായി നല്കിയ ഉത്തരവിലാണിതുള്ളത്. എല്ലാ ട്രഷറി ഓഫീസർമാരും നിർദേശം കൃത്യമായി പാലിക്കണമെന്നും ഉത്തരവിലുണ്ട്.
ഇതോടെ സംസ്ഥാനത്തെ അരലക്ഷത്തിലധികം വരുന്ന അങ്കണവാടി ജീവനക്കാരുടെ സംസ്ഥാന വിഹിതം മുടങ്ങുന്ന സ്ഥിതിയാണുണ്ടാവുക. സംഭവത്തിൽ അങ്കണവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്‌സ് അസോസിയേഷൻ (സിഐടിയു) ധനവകുപ്പിനോട് വിശദീകരണം തേടിയിട്ടുണ്ട്.
സംസ്ഥാനത്ത് തൊഴിലില്ലായ്മയും പൊള്ളുന്ന വിലക്കയറ്റവും മൂലം ജനങ്ങൾ കടുത്ത ദുരിതം പേറുമ്പോഴും സർക്കാർ ധൂർത്തും മറ്റും നിർബാധം തുടരുന്നതിനിടെയാണ് തുഛമായ വേതനം പറ്റുന്ന അങ്കണവാടി ജീവനക്കാരുടെ കഞ്ഞിയിലും മണ്ണു വാരിയിടാൻ നീക്കം നടക്കുന്നത്. ഇതിനെതിരേ ശക്തമായ പ്രതിഷേധവുമായി സർക്കാറിനെ തിരുത്താനുള്ള നടപടികളുമായി വിവിധ അസോസിയേഷനുകൾ രംഗത്തിറങ്ങുമെന്ന് ജീവനക്കാർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group