ലഖ്‌നൗ: യു.പിയിലെ കാൺപൂരിൽ സബർമതി എക്‌സ്പ്രസ് പാളം തെറ്റി. പാളത്തിൽ പാറക്കല്ല് വെച്ച നിലയിലായിരുന്നുവെന്നും സംഭവത്തിൽ അട്ടിമറി സംശയിക്കുന്നതായും റെയിൽവേ അറിയിച്ചു. ശനിയാഴ്ച പുലർച്ചെ 2.30നാണ് സംഭവം.
ട്രെയിനിന്റെ എഞ്ചിൻ പാളത്തിലുണ്ടായിരുന്ന പാറക്കല്ലിൽ ഇടിച്ചതോടെ 22 കോച്ചുകൾ പാളം തെറ്റുകയായിരുന്നുവെന്നാണ് ലഭിക്കുന്ന റിപോർട്ടുകൾ. കാൺപൂരിനും ഭീംസെൻ സ്റ്റേഷനും ഇടയിലുണ്ടായ അപകടത്തിൽ ആളപായം ഇതുവരെയും റിപോർട്ട് ചെയ്തിട്ടില്ലെന്നും അട്ടിമറി സംഭവം പരിശോധിക്കുകയാണെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രതികരിച്ചു.
ട്രെയിനിന്റെ മുൻഭാഗം പാറകളിൽ തട്ടി കേടായതായി ലോക്കോ പൈലറ്റ് പറഞ്ഞു. അപകടത്തെ തുടർന്ന് ഏഴ് ട്രെയിനുകൾ റദ്ദാക്കുകയും മൂന്നെണ്ണം വഴിതിരിച്ചുവിടുകയും ചെയ്തതായി റെയിൽവേ അറിയിച്ചു. സംഭവത്തിൽ ഇന്റലിജൻസ് ബ്യൂറോയും യു.പി പോലീസും അന്വേഷണം ആരംഭിച്ചു. ട്രെയിനിൽ കുടുങ്ങിയ യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനായി ബദൽ സംവിധാനം ഒരുക്കിയതായും റെയിൽവേ അധികൃതർ വ്യക്തമാക്കി.