റിയാദ്- ഒരിടവേളക്ക് ശേഷം റിയാദ് ശുമൈസി ആശുപത്രി പരിസരങ്ങളില്‍ പിടിച്ചുപറിക്കാര്‍ വ്യാപകമെന്ന് പരാതി. രാവിലെ ആശുപത്രിയില്‍ ഡ്യൂട്ടിക്കെത്തുന്നവരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇവരുടെ ആക്രമണത്തിന് ഇരയായത്. സൈക്കിളില്‍ റോന്തു ചുറ്റുന്ന മോഷ്ടാക്കള്‍ നിരീക്ഷണം നടത്തിയാണ് ഒറ്റക്ക് പോകുന്നവരെ പിന്തുടരുന്നത്. കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം, മൊബൈല്‍ ഫോണ്‍ തുടങ്ങി കയ്യിലുള്ളതെല്ലാം കൈക്കലാക്കുകയാണ് ഇവരുടെ രീതി. പണമില്ലാത്തവരെ ദ്രോഹിക്കുകയും ചെയ്യും.
കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഒരേ രീതിയിലാണ് കവര്‍ച്ചകള്‍ നടന്നത്. സൈക്കിളിലെത്തുന്ന മേഷ്ടാവ് സൈക്കിള്‍ നിലത്തിട്ട് കാല്‍നടയാത്രക്കാരെ ദ്രോഹിക്കുകയാണ് ചെയ്യുന്നത്. പണവും മൊബൈല്‍ ഫോണുമെല്ലാം പിടിച്ചെടുത്ത ശേഷം ഇയാള്‍ അതേ സൈക്കിളില്‍ ഊടുവഴികളിലൂടെ പോകും. കഴിഞ്ഞ ദിവസം ആശുപത്രിയിലെ മലയാളി വനിത സ്റ്റാഫും ഇയാളുടെ കവര്‍ച്ചക്കിരയായി. മറ്റൊരു സമയത്ത് രണ്ട് പാകിസ്താനികളെ പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ ഓടി രക്ഷപ്പെടുകയും അവര്‍ക്ക് പിറകെ കത്തി വീശി ഇയാളും ഓടി. പിന്നീട് കുറെ പേര്‍ സംഘടിച്ചെത്തിയതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. അതിനിടെ ഒന്നും കൈവശമില്ലാത്തതിന്റെ പേരില്‍ ഇയാളുടെ ദേഹോപദ്രവത്തിന് ഇരയായവരും ശുമൈസിയിലുണ്ട്. മോഷ്ടാക്കളുടെ പിടിച്ചുപറിക്കിരയായാല്‍ പോലീസിനെ അറിയിക്കണമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. പരാതി ലഭിച്ചാല്‍ പോലീസ് പട്രോളിംഗ് ആരംഭിക്കുകയും വൈകാതെ മോഷ്ടാക്കള്‍ പിടിക്കപ്പെടുകയും ചെയ്യും.