റിയാദ്: പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഉടമസ്ഥതയിലുള്ള പുതിയ സൗദി ദേശീയ വിമാന കമ്പനിയായ റിയാദ് എയർ ആധുനിക ആഡംബരവും നൂതന സാങ്കേതികവിദ്യയും സംയോജിപ്പിക്കുന്ന തങ്ങളുടെ വിമാനങ്ങളുടെ നൂതനമായ ഇന്റീരിയർ ഡിസൈനുകൾ അനാവരണം ചെയ്തു.
വിമാനങ്ങളുടെ ഇന്റീരിയർ ഡിസൈനുകൾ വെളിപ്പെടുത്തിയത് റിയാദ് എയറിന്റെ അഭിലാഷകരമായ ദർശനത്തെ പ്രതിഫലിപ്പിക്കുകയും വ്യോമയാന മേഖലയിലെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങൾ പ്രയോജനപ്പെടുത്തി ലോകത്തിലെ മുൻനിര ഡിജിറ്റൽ എയർലൈൻ എന്ന നിലയിൽ പ്രാദേശികമായും ആഗോളമായും തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനുള്ള നിശ്ചയദാർഢ്യത്തെ സ്ഥിരീകരിക്കുകയും ചെയ്യുന്നു.
വ്യോമയാന, യാത്രാ മേഖലയിൽ തികച്ചും സവിശേഷമായ യാത്രാനുഭവം നൽകാനായി ആഡംബരവും സുഖസൗകര്യങ്ങളും സംയോജിപ്പിച്ചുള്ള ഇന്റീരിയർ ക്യാബിൻ ആണ് കമ്പനി അനാവരണം ചെയ്തിരിക്കുന്നത്. സുഖസൗകര്യങ്ങളിലും ഉപയോഗ എളുപ്പത്തിലും പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിക്കാനായി ഇന്റീരിയർ ഡിസൈനിൽ ആധുനിക ഡിജിറ്റൽ സാങ്കേതികവിദ്യയും ചാരുതയാർന്ന രൂപകൽപനയും സമന്വയിപ്പിച്ചിരിക്കുന്നു. സൗദി പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിറങ്ങളുടെയും വസ്തുക്കളുടെയും സ്മാർട്ട് ഉപയോഗം, വിശദാംശങ്ങളിലുള്ള സൂക്ഷ്മ ശ്രദ്ധ എന്നിവ റിയാദ് എയറിന്റെ നൂതന സേവനങ്ങൾ, സാങ്കേതിക സവിശേഷതകൾ, അതുല്യമായ സൗകര്യങ്ങൾ എന്നിവയെ പ്രതിഫലിപ്പിക്കുന്നു.
ഇക്കണോമി ക്ലാസ് മുതൽ ബിസിനസ് എലൈറ്റ് ക്ലാസ് വരെയുള്ള എല്ലാ ക്യാബിൻ ക്ലാസുകളിലുമുള്ള അതിഥികൾക്ക് ആസ്വാദ്യകരമായ യാത്രാനുഭവം ഇത് ഉറപ്പാക്കുന്നു. വ്യോമയാന മേഖലയിൽ സീറ്റുകളുടെ ഗുണനിലവാരത്തിലും സുഖസൗകര്യങ്ങളിലും റിയാദ് എയർ മുൻനിര സമീപനമാണ് സ്വീകരിക്കുന്നത്. പുതിയ ഇന്റീരിയർ ഡിസൈനുകൾ ബോയിംഗ് 7879 ഡ്രീംലൈനർ വിമാനങ്ങളിൽ ഏകീകൃതവും സ്ഥിരതയുള്ളതുമായ അനുഭവം ഉറപ്പാക്കുന്നു. ഇത് യാത്രക്കാരുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും സ്ഥിരമായ ഗുണനിലവാരമുള്ള സേവനം ഉറപ്പാക്കുകയും ചെയ്യുന്നു.