റിയാദ്: സൗദിയിൽ വൈകാതെ സർവീസ് ആരംഭിക്കുന്ന പുതിയ വിമാന കമ്പനിയായ റിയാദ് എയർ ആദ്യത്തെ ഇലക്ട്രിക് ബസ് പുറത്തിറക്കി. നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സൊല്യൂഷൻസ് കമ്പനിയുമായി സഹകരിച്ചാണ് റിയാദ് എയർ ജീവനക്കാരുടെ യാത്രക്ക് ഇലക്ട്രിക് ബസ് പുറത്തിറക്കിയത്.
കാർബൺ ബഹിർഗമനം കുറക്കാനും സൗദി വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കാനും യു.എന്നിന്റെ 17 സുസ്ഥിര വികസന ലക്ഷ്യങ്ങൾ സ്വീകരിക്കാനുമുള്ള കമ്പനിയുടെ ഉറച്ച പ്രതിബദ്ധതയുടെയും മികച്ച ആഗോള സമ്പ്രദായങ്ങൾ സ്വീകരിക്കാനുള്ള റിയാദ് എയറിന്റെ ശ്രമങ്ങളുടെയും ഭാഗമായാണ് ഈ നടപടി.
ഇന്ധന ഉപഭോഗ കാര്യക്ഷമത വർധിപ്പിക്കാനും റിയാദിലെ റോഡുകളിൽ കാറുകളുടെ എണ്ണം കുറക്കാനും ഇലക്ട്രിക് ബസ് സർവീസിലൂടെ റിയാദ് എയർ ലക്ഷ്യമിടുന്നു. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ സുസ്ഥിര സമ്പ്രദായങ്ങളെ പിന്തുണക്കാനും കാർബൺ ബഹിർഗമനം കുറക്കാനും അന്തരീക്ഷത്തിലെ ഇന്ധനക്ഷമത നിയന്ത്രിക്കാനും റിയാദ് എയർ പ്രയത്‌നിക്കുന്നതായി കമ്പനി സി.ഇ.ഒ ടോണി ഡഗ്ലസ് പറഞ്ഞു.
ഇലക്ട്രിക് ബസുകളിൽ നിക്ഷേപം നടത്തുന്നത് സുസ്ഥിരതയിലും അന്തരീക്ഷ സുരക്ഷയിലും മികച്ച ആഗോള സമ്പ്രദായങ്ങൾ സ്വീകരിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുന്ന സംരംഭങ്ങളിൽ ഒന്നാണ്. ഇത് നമ്മുടെ ഭൂമിക്കും ഭാവി തലമുറക്കും വേണ്ടി ചെയ്യാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ കാര്യമാണെന്നും ടോണി ഡഗ്ലസ് പറഞ്ഞു.