റിയാദ്- സൗദി അറേബ്യ ആവേശത്തോടെ കാത്തിരുന്ന റിയാദ് മെട്രോ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്തു. ഏതാനും നിമിഷം മുമ്പാണ് മെട്രോ രാജാവ് ഉദ്ഘാടനം ചെയ്തത്. മെട്രോ ഇന്ന് ഉദ്ഘാടനം ചെയ്യുമെന്ന് കഴിഞ്ഞ ദിവസം ദ മലയാളം ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.
റിയാദ് മെട്രോയുടെ പ്രവർത്തനങ്ങൾ വീഡിയോ വഴി കണ്ട ശേഷമാണ് സൽമാൻ രാജാവ് ഉദ്ഘാടനം നിർവഹിച്ചത്. സൽമാൻ രാജാവിന്റെ കീഴിലെ ഏറ്റവും വലിയ വികസന കുതിപ്പാണ് ഇതെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.
ആദ്യ ഘട്ടത്തില്‍ മൂന്നു ട്രാക്കുകളിലാണ് സര്‍വീസ്. മറ്റു മൂന്നു ട്രാക്കുകളില്‍ ഡിസംബര്‍ മധ്യത്തിലായിരിക്കും സര്‍വീസ് നടത്തുക. ടിക്കറ്റ് നിരക്കുകളെ കുറിച്ച് ഉടന്‍ അറിയിപ്പുണ്ടാകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
അല്‍ അറൂബയില്‍ നിന്ന് ബത്ഹ, കിംഗ് ഖാലിദ് വിമാനത്താവളം റോഡ്, അബ്ദുറഹ്മാന്‍ ബിന്‍ ഔഫ് ജംഗ്ഷന്‍, ശൈഖ് ഹസന്‍ ബിന്‍ ഹുസൈന്‍ എന്നീ ട്രാക്കുകളാണ് ബുധനാഴ്ച തുറക്കുന്നത്. കിംഗ് അബ്ദുല്ല റോഡ്, മദീന, കിംഗ് അബ്ദുല്‍ അസീസ് സ്‌റ്റേഷനുകള്‍ ഡിസംബര്‍ മധ്യത്തിലാണ് തുറക്കുക. ടിക്കറ്റ് നിരക്ക് സംബന്ധിച്ച് അടുത്ത ദിവസങ്ങളില്‍ പ്രഖ്യാപനമുണ്ടാകും. യാത്രക്കാരെ ആകര്‍ഷിക്കുന്നതിന് 20 മുതല്‍ 30 ശതമാനം വരെ ടിക്കറ്റ് നിരക്കില്‍ ആദ്യഘട്ടത്തില്‍ ഓഫറുകളുണ്ടാകും.
ലോകത്തെ ഏറ്റവും വലിയ ദൈര്‍ഘ്യമേറിയ ഡ്രൈവറില്ലാ മെട്രോയാണ് റിയാദ് മെട്രോ. മിക്ക സ്റ്റേഷനുകളും വെയര്‍ഹൗസുകളും സൗരോര്‍ജ്ജമുപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. 12 വര്‍ഷം മുമ്പ് 2012 ഏപ്രില്‍ മാസത്തിലാണ് റിയാദ് മെട്രോ പദ്ധതിക്ക് സൗദി മന്ത്രിസഭ അനുമതി നല്‍കിയത്. 2013ല്‍ മൂന്ന് അന്താരാഷ്ട്ര കണ്‍സോര്‍ഷ്യമാണ് 84.4 ബില്യന്‍ റിയാലിലാണ് പദ്ധതി ഏറ്റെടുത്തത്. കോവിഡ് മഹാമാരിയടക്കം നിരവധി വെല്ലുവിളികള്‍ പദ്ധതി പൂര്‍ത്തിയാക്കുന്നതിന് മുമ്പിലുണ്ടായിരുന്നു. എല്ലാ ട്രാക്കുകളിലും ട്രെയിന്‍ ഓടിത്തുടങ്ങുന്നതോടെ നഗരത്തിന്റെ ഗതാഗതക്കുരുക്കിന് അറുതിയാവുമെന്നാണ് പ്രതീക്ഷ.