കൊച്ചി– കേരളത്തില്‍ സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത വിധം അനുദിനം വെളിച്ചെണ്ണ വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇടപെട്ട് സര്‍ക്കാര്‍. സംസ്ഥാനത്ത് വെളിച്ചെണ്ണ വിലയില്‍ കുറവ് വരുത്തുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. കൊച്ചിയില്‍ വ്യവസായികളുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമായിരുന്നു മന്ത്രിയുടെ അറിയിപ്പ്. കേരള വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിന്റെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച. വില വര്‍ധിക്കുന്നത് സാധാരണക്കാരെ വലിയ ബുദ്ധിമുട്ടിലേക്ക് നയിച്ച സാഹചര്യത്തിലായിരുന്നു ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങളുടെ യോഗം വിളിച്ചത്. എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ അറുപതോളം വ്യവസായികളായിരുന്നു പങ്കെടുത്തിരുന്നത്. സപ്ലൈക്കോക്ക് കുറഞ്ഞ നിരക്കില്‍ വെളിച്ചെണ്ണ നല്‍കുന്ന വ്യവസായികള്‍ക്ക് 15 ദിവസത്തിനകം തുക നല്‍കുമെന്ന് മന്ത്രിമാര്‍ ഉറപ്പു നല്‍കി.
അമിത ലാഭം ഒഴിവാക്കി വെളിച്ചെണ്ണ (Coconut Oil) വിപണിയിലേക്ക് എത്തിക്കാമെന്ന് വ്യവസായികള്‍ ഉറപ്പു നല്‍കുകയായിരുന്നു. വ്യവസായികള്‍ക്കും കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരു പോലെ സഹായകരമാകുന്ന രീതിയില്‍ വിലക്കയറ്റം തടയാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഓണത്തോടനുബന്ധിച്ച് സപ്ലൈക്കോ നടത്തുന്ന ടെണ്ടറില്‍ വ്യവസായികള്‍ക്ക് കുറഞ്ഞ നിരക്കില്‍ പങ്കെടുക്കാനുള്ള അവസരം ഒരുക്കം. ഇത് വഴി വിപണിയിലെ വില കുറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സപ്ലൈകോയില്‍ നിന്നുള്ള വെളിച്ചെണ്ണയുടെ വില കുറയുന്നതിനനുസരിച്ച് വിപണിയിലാകെ വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മായം ചേര്‍ത്ത എണ്ണ വിപണിയിലെത്തുന്നതില്‍ പരിശോധനകള്‍ ശക്തമാക്കുമെന്നും കര്‍ശനം നടപടി സ്വീകരിക്കുമെന്നും വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. വെളിച്ചെണ്ണയില്‍ കേരളത്തിന്റെ ഉത്്പാദനം ശക്തിപ്പെടുത്താന്‍ വ്യവസായി വകുപ്പ് തന്നെ കുറെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 13 കമ്പനികള്‍ക്ക് നന്മയെന്ന കേരള ബ്രാന്‍ഡ് നല്‍കിയിട്ടുണ്ട്. കേരളത്തില്‍ ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും വ്യവസായ വകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പലവിധത്തിലുള്ള അധിക ചെലവുകള്‍ ഒഴിവാക്കി ജനങ്ങളെ സഹായിക്കുക എന്ന നിലപാടാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ളത്. വെളിച്ചെണ്ണയുടെ ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ശക്തമാക്കും. കേരഫെഡ് ഉള്‍പ്പെടെയുള്ള പൊതുമേഖല സ്ഥാപനങ്ങളുമായും ചര്‍ച്ച നടത്തുമെന്നും മന്ത്രിമാര്‍ കൂട്ടിച്ചേര്‍ത്തു. എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, സപ്ലൈകോ മാനേജിംഗ് ഡയറക്ടര്‍ ഡോ അശ്വതി ശ്രീനിവാസ്, കേരള ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) പി വിഷ്ണുരാജ്, സംസ്ഥാനത്തെ വെളിച്ചെണ്ണ വ്യവസായികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.