ലൂസിഫറെന്നാല്‍ ഇബ്‌ലീസെന്നും സ്വര്‍ഗ്ഗത്തില്‍ നിന്നും പുറത്താക്കിയവനെന്നും അര്‍ഥം. എമ്പുരാനെന്നാൽ ഉടയതമ്പുരാന്‍ അഥവാ ദൈവമെന്നാണ് പറയുക. ഒരു ഭാഗത്ത് ലൂസിഫറായവന്‍ മറു ഭാഗത്ത് ദൈവമായി അവതരിക്കുന്നു. കോട്ടും സൂട്ടുമിട്ട അന്താരാഷ്ട്ര കള്ളക്കടത്തുകാരനും മാഫിയ തലവനുമായ ഖുറൈഷി അബ്രാം നാട്ടില്‍ മുണ്ടുമടക്കിക്കുത്തിയ സ്റ്റീഫന്‍ നെടുമ്പള്ളിയാണ്. പൂര്‍വ്വകാലം ആര്‍ക്കുമറിയാത്ത സ്റ്റീഫന്‍ നെടുമ്പള്ളി. കേരള മുഖ്യമന്ത്രി പി കെ രാംദാസിന്റെ വളര്‍ത്തു പുത്രനും മുന്‍ എം എല്‍ എയുമായ സ്റ്റീഫന്‍ നെടുമ്പള്ളി.
ഇറാഖിലും സിറിയയിലും തുര്‍ക്കിയിലും പാകിസ്താനിലും ആഫ്രിക്കയിലുമെല്ലാം ബിസിനസ് വേരുകള്‍ വളര്‍ത്തിയ ഖുറൈഷി അബ്രാമും എന്തിനുമേതിനും അയാള്‍ക്ക് സഹായിയായെത്തുന്ന സഹോദരനെ പോലുള്ള സഹായി സഹീര്‍ മസൂദും.
കഥയുടെ പശ്ചാതലം കേരള രാഷ്ട്രീയവും ഇന്ത്യന്‍ രാഷ്ട്രീയവുമാണെങ്കിലും അ്ന്താരാഷ്ട്ര തലത്തില്‍ അത് മയക്കുമരുന്നിന്റേയും വജ്രത്തിന്റേയും സ്വര്‍ണ്ണത്തിന്റേയുമെല്ലാം കള്ളക്കടത്താണ്. ഇവയെ അതിമനോഹരമായി കൂട്ടിച്ചേര്‍ത്തുവെച്ചാണ് മുരളി ഗോപി തിരക്കഥ രചിച്ചിരിക്കുന്നത്. മുരളി ഗോപിയുടെ തിരക്കഥയ്ക്ക് മുകളിലൂടെ തന്റെ സംവിധാന മികവ് പ്രകടമാക്കിയിരിക്കുന്നു പൃഥ്വിരാജ് സുകുമാരന്‍.
ലൂസിഫറിലെ കഥാപാത്രങ്ങളില്‍ പലതും എമ്പുരാനിലും കടന്നുവരുന്നുണ്ട്. പുതിയ കഥാപാത്രങ്ങളുമുണ്ട്. നേരത്തെ ഉണ്ടായിരുന്ന ചില കഥാപാത്രങ്ങളൊന്നും രണ്ടാം ഭാഗത്തില്‍ ഇല്ലെങ്കിലും ഫ്‌ളാഷ് ബാക്കില്‍ അവരുടെ മിന്നലാട്ടങ്ങളുണ്ട്.
പുതിയ ഇന്ത്യന്‍ രാഷ്ട്രീയത്തെ അടിമുടി വിശദീകരിക്കുന്നതാണ് എമ്പുരാന്റെ രചനാ രീതി. വര്‍ഗീയതയ്ക്ക് ലോകത്തെവിടെയായാലും ഒരേ മുഖമാണെന്ന് സിനിമ പറയുന്നു. ഇന്ത്യയില്‍ വര്‍ഗീയതയിലൂടെയാണ് ചിലര്‍ ഭരണം പിടിച്ചടക്കിയതെങ്കില്‍ പാകിസ്താനില്‍ ഇന്ത്യക്കെതിരെ വികാരമുണ്ടാക്കിയാണ് രാഷ്ട്രീയം കലക്കുന്നത്. ഇങ്ങനെ കലങ്ങുന്ന രാഷ്ട്രീയത്തെയാണ് വര്‍ഗീയതയ്ക്കായി ഉപയോഗപ്പെടുത്തുന്നത്.
ഇത്ര പച്ചയായി ഇന്ത്യന്‍ രാഷ്ട്രീയത്തെ വിമര്‍ശിച്ചു കൊണ്ടൊരു സിനിമ അടുത്ത കാലത്തൊന്നും ആരും ധൈര്യപൂര്‍വ്വം പുറത്തിറക്കിയിട്ടില്ല. വെറുതെ പറഞ്ഞു പോകുന്നതിനപ്പുറം അതിനുള്ള ശക്തമായ തെളിവുകളെല്ലാം തിരക്കഥയില്‍ തീര്‍ത്തുവെച്ചിട്ടുണ്ട്. അതോടൊപ്പം അന്താരാഷ്ട്ര നിലവാരം മേക്കിംഗില്‍ കാത്തുവെക്കാനും എമ്പുരാന് സാധിച്ചിരിക്കുന്നു.
2002ല്‍ നടക്കുന്നൊരു വര്‍ഗ്ഗീയ കലാപവും അതിലെ ‘ബുള്‍ഡോസര്‍ രാജു’മെല്ലാം ഉള്‍പ്പെടെ സിനിമയില്‍ വരുന്നുണ്ട്. നിരാശയുടെ വലിയ കാഴ്ചകളുണ്ടാവുമ്പോഴും പ്രതീക്ഷയുടെ പച്ചത്തുരുത്തുകളായി മതം നോക്കാതെ പരസ്പരം സഹായിക്കുന്ന ആളുകളും ആ അഗ്നിഗോളങ്ങളില്‍ സ്വത്വം ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്.
മുരളി ഗോപിയെന്ന രചയിതാവിന്റെ കഴിവ് എമ്പുരാനില്‍ ഉയര്‍ന്നു നില്‍ക്കുന്നുണ്ട്. രാഷ്ട്രീയ സംഭാഷണങ്ങളോടൊപ്പം ബൈബിള്‍ വചനങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള ഡയലോഗുകളും സിനിമയ്ക്ക് പുതിയ തലം നല്‍കുന്നു.
തനിക്കാവശ്യമുള്ളതും താന്‍ കാണാന്‍ ആഗ്രഹിക്കുന്നതുമായ രംഗങ്ങളെന്തോ അത് കൃത്യമായി പകര്‍ത്തിവെക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയും പൃഥ്വിരാജെന്ന സംവിധായകന്‍ ചെയ്യുന്നില്ല. തനിക്ക് വേണ്ടത് എത്ര പണം മുടക്കിയും അയാള്‍ ക്യാമറയിലേക്ക് പകര്‍ത്തിയിട്ടുണ്ട്. എഴുത്തുകാരന്റേയും സംവിധായകന്റേയും കാഴ്ചപ്പാടുകള്‍ക്ക് അനുസരിച്ച് സിനിമ നിര്‍വഹിക്കാന്‍ പിന്നണിയില്‍ നിലകൊണ്ട നിര്‍മാതാക്കള്‍ക്കും ഈ ചിത്രം മികച്ച രീതിയില്‍ പുറത്തുകൊണ്ടുവന്നതില്‍ വലിയ പങ്കുണ്ട്.
സംവിധായകന് പുറമേ ഓരോ രംഗത്തിനും അനുയോജ്യമായ സെറ്റുകള്‍ സൃഷ്ടിച്ചെടുത്ത കലാസംവിയാകര്‍, വളരെ വൃത്തിയോടെയും യാഥാര്‍ഥ്യമെന്ന തോന്നലോടെയും മനോഹരമായി ചെയ്‌തെടുത്ത വി എഫ് എക്‌സ്, കാഴ്ചക്കാരനെ ഓരോ നിമിഷവും സ്‌ക്രീനില്‍ നിന്നും കണ്ണെടുക്കാതെ നോക്കാന്‍ പ്രേരിപ്പിക്കുന്ന സുജിത്ത് വാസുദേവിന്റെ ക്യാമറ, കണ്ണില്‍ കാണുന്ന രംഗങ്ങളുടെ ആഴം കാതിലൂടെ തലച്ചോറിലേക്കെത്താന്‍ സഹായിക്കുന്ന ദീപക് ദേവിന്റെ സംഗീതം, ഷോട്ടുകളേയും സീനുകളേയും അണുവിട വ്യത്യാസമില്ലാതെ കലാപരമായി ചേര്‍ത്തുവെച്ച അഖിലേഷ് മോഹന്റെ എഡിറ്റിംഗ് തുടങ്ങിയവയെല്ലാം എംപുരാനെ ഉയര്‍ന്ന തലത്തിലേക്ക് എത്തിക്കാന്‍ സഹായിക്കുന്നുണ്ട്.
ലൂസിഫറില്‍ രണ്ട് വില്ലന്മാരാണ് പ്രധാന കഥാപാത്രമെങ്കില്‍ എമ്പുരാനില്‍ വില്ലനില്‍ നിന്നും നായകനിലേക്കുള്ള വേഷപ്പകര്‍ച്ചയാണ് സ്റ്റീഫന്‍ നെടുമ്പള്ളി നടത്തുന്നത്. ചെറിയ ഭാഗത്താണെങ്കില്‍ പോലും നന്ദു, ബൈജു സന്തോഷ് എന്നിവര്‍ക്ക് വളരെ ശ്രദ്ധിക്കപ്പെടുന്ന സീനുകളാണ് ഒരുക്കിവെച്ചിരിക്കുന്നത്. ആദ്യ പകുതി ഒരു പരിധിവരെ കൊണ്ടുപോകുന്ന ഇന്ദ്രജിത്തിന്റെ ഗോവര്‍ധനെന്ന കഥാപാത്രം രണ്ടാം പകുതിയില്‍ ചെറിയൊരു ഭാഗത്തു മാത്രമായി ഒതുങ്ങിപ്പോയിട്ടുണ്ടെങ്കിലും ലൂസിഫറിലേതിനേക്കാള്‍ ശക്തമാക്കിയിരിക്കുന്നു.
മലയാളത്തിന് പുറമേ ഹിന്ദിയിലേയും വിദേശ ഭാഷകളിലേയും അഭിനേതാക്കളേയും കൂടി ചേര്‍ത്താണ് എമ്പുരാൻ പൂര്‍ത്തിയാക്കിയിരിക്കുന്നത്. കേരള രാഷ്ട്രീയ പരിസരത്തിന്റെ പ്രാദേശികത ഒഴിവാക്കിയാല്‍ പാന്‍ ഇന്ത്യനും ആഗോളതലത്തിലും സ്വീകരിക്കപ്പെടാവുന്ന സിനിമയാണ് എമ്പുരാൻ. മൂന്നാം ഭാഗത്തിലേക്കുള്ള വാതില്‍ തുറന്നു വെച്ചാണ് എമ്പുരാൻ പ്രേക്ഷകരെ തിയേറ്ററില്‍ നിന്നും ആഹ്ലാദാരവങ്ങളോടെ തിരിച്ചയക്കുന്നത്.