അങ്കോള (കർണ്ണാടക):കാണാതായ അർജുനെയും ലോറിയും കണ്ടെത്താനുള്ള തിരച്ചിൽ ആറാം ദിവസവും അവസാനിപ്പിച്ചു. തിരച്ചിലിന് സൈന്യം എത്തിയിട്ടും ഉദ്ദേശിച്ച ഫലം കണ്ടില്ല. സ്ഥലത്ത് കനത്ത മഴ പെയ്യുന്നതാണ് രക്ഷാ ദൗത്യം നിർത്താൻ കാരണമായത്. മണ്ണിടിച്ചിൽ ഭീഷണിയും ശക്തമാണ്. അർജുനും ലോറിയും കരയിലെ മണ്ണിന് അടിയിൽ ആണോ അതല്ല ഗംഗാവാലി പുഴയിലെ മൺകൂനകൾക്ക് അകത്താണോ എന്ന കാര്യത്തിൽ ആശങ്ക കനക്കുകയാണ്.
ദൃക്സാക്ഷികളും വിദഗ്ധരും കരയിലെ മണ്ണിന് അടിയിൽ തന്നെ ഉണ്ടാകുമെന്ന് പറയുമ്പോൾ 98 ശതമാനം മണ്ണും നീക്കം ചെയ്തുവെന്നാണ് കർണ്ണാടക സർക്കാർ പറയുന്നത്. 25 അടി താഴ്ചയുള്ള കൊങ്കൺ മേഖലയിലെ കുത്തൊഴുക്കുള്ള നദിയാണ് ഗംഗാവാലി. 16 ന്റെ ഉരുൾപൊട്ടലിൽ പുഴയിൽ പതിച്ച ടാങ്കർ ലോറിയുടെ ബുള്ളറ്റ് ഭാഗം മാത്രമാണ് നേരത്തെ കിട്ടിയത്. ബാക്കി ഭാഗം ഇപ്പോഴും നദിയിലുണ്ട്. ഇതുവരെ നടത്തിയ തിരച്ചിലിൽ 30 ടൺ ലോഡ് കയറ്റിയ ട്രക്ക് കണ്ടെത്താൻ കഴിഞ്ഞില്ല എന്ന് പറയുന്നത് ദുരൂഹവുമാണ്.
കാലതാമസം ഉണ്ടായില്ല: സിദ്ധരാമയ്യ
അർജുൻ ഉൾപ്പെടെ അപകടത്തിൽപ്പെട്ടവരെ കണ്ടെത്തുന്നതിന് ഒരു കാലതാമസവും ഉണ്ടായിട്ടില്ലെന്ന് കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അങ്കോള ഗസ്റ്റ് ഹൗസിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻ.ഡി.ആർ.എഫും
സൈന്യവും സർക്കാർ സംവിധാനങ്ങൾ മുഴുവനും തിരയുന്നുണ്ട്. ജില്ലാ ഭരണകൂടം ആവശ്യമായ നടപടികൾ എടുത്തു. കുടുംബത്തിന്റെ വിഷമം മനസിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.