കല്‍പ്പറ്റ: മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമട്ടത്തു ഉരുള്‍പൊട്ടി മണ്ണിനടിയിലായ സ്ഥലങ്ങളിലും സൂചിപ്പാറ സണ്‍റൈസ് വാലി മേഖലയിലും തെരച്ചില്‍ തുടരുന്നു. നേരത്തേ പരിശോധന നടക്കാത്തതാണ് സണ്‍റൈസ് വാലി മേഖല. ഇവിടെ തെരച്ചലിനു നിയോഗിച്ച സംഘത്തെ വ്യോമസേന ഹെലികോപ്ടറിലാണ് എത്തിച്ചത്. ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ എട്ടാം ദിനമായ ഇന്ന് സൂചിപ്പാറ മുതല്‍ പോത്തുകല്ല് വരെ ചാലിയാറിന്റെ കരകളിലും തെരച്ചില്‍ നടക്കും. ദുരന്തത്തില്‍ 402 പേര്‍ മരിച്ചതായാണ് അനൗദ്യോഗിക കണക്ക്.
ദുരന്തഭൂമിയില്‍ ഇന്നലെ നടന്ന തെരച്ചലില്‍ ആറ് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. വയനാട്ടില്‍ അഞ്ചും നിലമ്പൂരില്‍ ഒന്നും മൃതദേഹങ്ങളാണ് ലഭിച്ചത്. ദുരന്തത്തില്‍ മരിച്ചതില്‍ തിരിച്ചറിയാത്ത 30 മൃതദേഹങ്ങളും 154 ശരീരഭാഗങ്ങളും പുത്തുമലയില്‍ ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ ഭൂമിയില്‍ സജ്ജമാക്കിയ ശ്മശാനത്തില്‍ സംസ്‌കരിച്ചു. സംസ്‌കരിച്ച പൂര്‍ണ മൃതദേഹങ്ങളില്‍ 14 എണ്ണം സ്ത്രീകളുടേതാണ്. സ്ത്രീയോ പുരുഷനോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൂന്നു മൃതദേഹങ്ങളും സംസ്‌കരിച്ചതില്‍ ഉള്‍പ്പെടും. തിരിച്ചറിയാത്തവരുടെ മൃതദേഹങ്ങളും ശരീരഭാഗങ്ങളും മറവുചെയ്യുന്നതിന് ഹാരിസണ്‍ പ്ലാന്റേഷന്റെ 50 സെന്റ് സ്ഥലം കൂടി ദുരന്ത നിവാരണ നിയമ പ്രകാരം ജില്ലാ കളക്ടര്‍ ഏറ്റെടുക്കും. മൃതശരീരങ്ങള്‍ തിരിച്ചറിയുന്നത്തിനു ശാസ്ത്രീയ പരിശോധന തുടരുന്നു. ഇതുവരെ 83 രക്ത സാംപിള്‍ ശേഖരിച്ചു.
മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളെ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ തൊഴിലുറപ്പ് പദ്ധതിയിലൂടെ 180 തൊഴില്‍ ദിനങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. തൊഴിലുറപ്പ് പദ്ധതി വഴിയുള്ള റോഡ് നിര്‍മാണ പരിധി 10 ശതമാനം എന്നുള്ളത് വര്‍ദ്ധിപ്പിക്കും. 40 ശതമാനം മെറ്റീരിയല്‍ വര്‍ക്ക് പരിധി കൂട്ടും. തകര്‍ന്ന കെട്ടിടങ്ങളുടെ നഷ്ടപരിഹാരം കണക്കാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് പരിശോധന തുടങ്ങി. പൊളിച്ചുമാറ്റേണ്ട കെട്ടിടങ്ങളുടെ വിവരം വിദഗ്ധര്‍ പരിശോധിച്ച് തീരുമാനിക്കും.
2,391 പേര്‍ക്ക് ഇതുവരെ കൗണ്‍സലിംഗ് നല്‍കി. മുണ്ടക്കൈ, ചൂരല്‍മല മേഖലയില്‍ മൊബൈല്‍ പോലീസ് പട്രോളിംഗ് ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. താത്കാലിക പുനരധിവാസം, രേഖകളുടെ വിവര ശേഖരണം, ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലനം, മാലിന്യ നിര്‍മാര്‍ജനം, ഉപജീവന പദ്ധതികള്‍, ക്യാമ്പുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍, കൗണ്‍സലിംഗ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് നടപടി സ്വീകരിക്കും. നഷ്ടമായ രേഖകളുടെ വിവരശേഖരണം രണ്ടു ദിവസത്തിനകം പൂര്‍ത്തിയാക്കും. അതിനുശേഷം രേഖകള്‍ എത്രയും വേഗം ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കും. ഇതിനു അക്ഷയ, ഐടി മിഷന്‍, പഞ്ചായത്തുകള്‍ എന്നിവക്കുള്ള സൗകര്യം തദ്ദേശ സ്വയംഭരണ വകുപ്പ് ഒരുക്കും.
മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍നിന്നു രക്ഷപ്പെടുത്തിയവരെയു മാറ്റിയവരെയും 16 ക്യാമ്പുകളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. 726 കുടുംബങ്ങളിലെ 2481 പേരാണ് ക്യാമ്പുകളിലുള്ളത്. ഇതില്‍ 922 പുരുഷന്‍മാരും 946 സ്ത്രികളും 613 കുട്ടികളും ഉണ്ട്. ദുരന്തബാധിതരുടെ പുനരധിവാസത്തിന് നടപടികള്‍ പുരോഗതിയിലാണെന്നു റവന്യു മന്ത്രി കെ. രാജന്‍ പറഞ്ഞു.