അങ്കോള (കർണ്ണാടക):അങ്കോള ഷിരൂർ ദേശീയപാതയിൽ മണ്ണിടിഞ്ഞു വീണ് ലോറിയോടെ കാണാതായ ലോറി ഡ്രൈവർ കോഴിക്കോട് കക്കോടി കണ്ണാടിക്കൽ മൂലാഴിക്കുഴിയിൽ അർജുനെ (30) കണ്ടെത്താനുള്ള രക്ഷാദൗത്യം അഞ്ചാം ദിവസവും ദുഷ്കരമായി തുടരുന്നു.കേരളം മുഴുവൻ അർജുനെ ജീവനോടെ പുറത്തെത്തിക്കാൻ കഴിയട്ടെ എന്ന പ്രാർത്ഥനയോടെ കഴിയുമ്പോഴും അവസാനഘട്ട തിരച്ചിലിൽ ആശങ്ക കനക്കുകയാണ്. 50 മീറ്റർ മാത്രമുള്ള മണ്ണ് നീക്കുന്നതിനിടെ,
പ്രതികൂല കാലാവസ്ഥയും മഴ വീണ്ടും കനത്തതും ഇന്നലെ വൈകീട്ട് തിരച്ചിൽ വേഗത്തിലാക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയായി.
ചെളിയിൽ കുതിർന്ന മണ്ണും ഒരു ഭാഗം ഗംഗോലി പുഴയും ആയതിനാൽ കൂടുതൽ മണ്ണ് മാന്തി യന്ത്രങ്ങൾ കയറ്റി മണ്ണ് നീക്കുന്നത് അപകടം ആയതിനാൽ സ്ഥലപരിമിതി കുറവായത് കണക്കിലെടുത്ത് ദൗത്യ സംഘം അതിൽ നിന്ന് പിന്മാറുകയായിരുന്നു. കേന്ദ്ര മന്ത്രി എച്ച്.ഡി കുമാര സ്വാമി, കർണ്ണാടക മന്ത്രി മംഗള വൈദ്യൻ എന്നിവർ ഇന്നലെ ഉച്ചക്ക് സംഭവ സ്ഥലം സന്ദർശിച്ച് തിരച്ചിൽ ഊർജിതമാക്കാൻ നിർദ്ദേശം നൽകി. കർണ്ണാടകയുടെ ആവശ്യപ്രകാരം ആന്ധ്രയിൽ നിന്നുള്ള എൻ.ഡി. ആർ.എഫ് ബറ്റാലിയനിലെ രണ്ട് ടീം ഷിരൂരിൽ എത്തിയിട്ടുണ്ട്.
കേരളത്തിൽ നിന്നുള്ള റെസ്ക്യൂ ടീം സ്ഥലത്ത് എത്തിയെങ്കിലും ദൗത്യത്തിൽ ചേരാൻ കർണ്ണാടകയുടെ അനുമതി കിട്ടിയില്ല. കർണ്ണാടക ഇതുവരെ കേരളത്തിന്റെ സഹായം ആവശ്യപ്പെട്ടിരുന്നില്ല.
കേരളത്തിൽ പ്രളയം ഉണ്ടായപ്പോൾ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത് പ്രകാരം കർണ്ണാടക, ആന്ധ്ര എന്നിവിടങ്ങളിൽ നിന്ന് രക്ഷാദൗത്യസംഘം എത്തിയിരുന്നു. തിരച്ചിൽ നടത്താൻ കോസ്റ്റ് ഗാർഡിന്
കത്തയച്ചതായി ഡെപ്യൂട്ടി കമ്മീഷണർ ലക്ഷ്മി പ്രിയ പറഞ്ഞു. ആവശ്യപ്പെട്ടാൽ ഉടനടി എത്താൻ സൈന്യത്തിന്റെ മദ്രാസ് എൻഞ്ചിനിയറിംഗ് ഗ്രൂപ്പ് കർണ്ണാടകയിൽ തന്നെയുണ്ട്.
ലോറി ഉടമ മനാഫും അർജുന്റെ സഹോദരൻ ജിതിനും ബന്ധുക്കളും ഷിരൂരിലുണ്ട്. ഗോവ-മംഗ്ളുരു ദേശീയപാതയിൽ ഗംഗോലി പുഴക്കരയിലെ അങ്കോള ഷിരൂർ മലഞ്ചെരുവിൽ ഉണ്ടായ അതിശക്തമായ ഉരുൾപൊട്ടലിൽ അർജുനെയും ലോറിയും കാണാതായത് 16 ന് ചൊവ്വാഴ്ച പുലർച്ചെയാണ്. അർജുൻ അടക്കം മൂന്ന് പേർ മണ്ണിനടിയിൽ ഉണ്ടെന്നാണ് ദൗത്യ സംഘത്തിന്റെ നിരീക്ഷണം. ഹുഗ്ളിയിൽ നിന്ന് മംഗ്ളൂരിലേക്ക് ലോറിയുമായി പോവുകയായിരുന്ന തമിഴ്നാട് നാമക്കൽ സ്വദേശി ശരവണൻ ആണ് മറ്റൊരാർ. ആറ് വരി ദേശീയ പാതയിലേക്ക് വലിയ മല വെട്ടി ഇറക്കിയതാണ് ദുരന്ത കാരണം.
മലയിടിഞ്ഞ് 60,000 ടണ്ണോളം വരുന്ന കല്ലും മണ്ണും പാതയിലേക്ക് പതിച്ചിരുന്നു എന്നാണ് കണക്ക്. മലയിൽ നിന്ന് എട്ടോളം ഉറവകളിൽ നിന്ന് വെള്ളം കുത്തിയൊഴുകുന്നതിനാൽ ചെളിയിൽ മുങ്ങിയ സ്ഥലത്ത് ദുർഘട സാഹചര്യമാണുള്ളത്. ശനിയാഴ്ച രാവിലെ തെളിഞ്ഞ കാലാവസ്ഥ ആയിരുന്നെങ്കിലും ഉച്ചക്ക് ശേഷം മഴ കനക്കുകയായിരുന്നു.
മഴ പെയ്തതോടെ റഡാർ പരിശോധന മുടങ്ങി. വാഹനത്തിന്റെ ഒരു ഭാഗം കണ്ടെത്തിയതായി സൂചന ഉണ്ടായെങ്കിലും പിന്നീട് അതല്ലെന്ന സ്ഥിരീകരണം ലഭിച്ചു. നാല് മീറ്റർ മുതൽ 5 മീറ്റർ താഴോട്ട് മാത്രമാണ് റഡാറിലൂടെ കാണുക. മഴ പെയ്ത് ചെളി നിറഞ്ഞേതോടെ ദൃശ്യം റഡാറിൽ പതിയുന്നില്ലെന്നാണ് എൻ.ഐ.ടിയിലെ വിദഗ്ധ സംഘം പറഞ്ഞത്. അതിനിടെ ജി.പി.എസ് സിഗ്നൽ കിട്ടിയത് എവിടെ നിന്നാണെന്ന സംശയവും വിദഗ്ധ സംഘം പങ്കുവെക്കുന്നു.
വെള്ളത്തിൽ വീഴുമ്പോൾ ജി.പി.എസ് പ്രവർത്തിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ഇവരുടെ നിഗമനം. എന്നാൽ അർജുൻ ഓടിച്ചിരുന്ന ട്രക്ക് പുഴയിൽ വീണിട്ടില്ലെന്ന് തിരച്ചിൽ നടത്തിയ നാവിക സേന അധികൃതർ ഉറപ്പിച്ച് പറയുന്നു.