റിയാദ്- വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട ഫയലുകൾ റിയാദ് ഗവർണറേറ്റിൽനിന്ന് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഗവർണറേറ്റിലെ നടപടികൾ പൂർത്തിയാക്കിയാണ് ഫയലുകൾ പബ്ലിക് പ്രോസിക്യൂഷനിലേക്ക് അയച്ചത്.
റിയാദിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരിയുടെ നേതൃത്വത്തിൽ റഹീമിന്റെ മോചനത്തിന് വേണ്ടി പ്രവർത്തിക്കുന്ന ആക്ഷൻ കൗൺസിൽ ഭാരവാഹികളാണ് റിയാദ് ഗവർണേറ്റിലെത്തി ഫയലുകൾ കൈമാറുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചത്. ഫയലുകൾ അടുത്ത ഞായറാഴ്ച പബ്ലിക് പ്രോസിക്യൂഷനിലെത്തും. തുടർന്ന് ഫയൽ കോടതിയിലേക്ക് അയക്കും.
കോടതിയിൽനിന്ന് റഹീമിന്റെ മോചന ഉത്തരവ് വന്ന ശേഷം വീണ്ടും ഗവർണറേറ്റിലേക്കും ജയിലിലേക്കും ഉത്തരവ് അയക്കും. ഇതിന് ശേഷമായിരിക്കും റഹീമിന്റെ മോചനം സാധ്യമാകുക.