ലണ്ടന്‍: പുതിയ സീസണില്‍ വമ്പന്‍ താരങ്ങള്‍ സൗദി പ്രോ ലീഗില്‍ എത്താത്തിന്റെ നിരാശയിലാണ് ആരാധകര്‍.കഴിഞ്ഞ തവണ കരീം ബെന്‍സിമ, എന്‍ഗോളോ കാന്റെ, നെയ്മര്‍ എത്തിയിരുന്ന സ്ഥാനത്ത് ഇക്കുറി ഇതുവരെ വമ്പന്‍ സൈനിങ് നടത്താന്‍ സൗദിക്കായിരുന്നില്ല. റയല്‍ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറെ എത്തിക്കാനുള്ള ചര്‍ച്ചകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. ഇതിനിടെ കേള്‍ക്കുന്ന മറ്റൊരു പേരാണ് ഇംഗ്ലണ്ട് സൂപ്പര്‍ താരം മാര്‍ക്കസ് റാഷ്‌ഫോഡിന്റേത്.
നിലവില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി കളിക്കുന്ന റാഷ്‌ഫോഡിനായി സൗദി നേരത്തെ ട്രാന്‍സ്ഫര്‍ വിപണിയിലിറങ്ങിയിരുന്നു. 26കാരനായ റാഷ്‌ഫോഡ് യുനൈറ്റഡ് നിരയിലെ ഒന്നാം നമ്പര്‍ താരമാണ്. നിലവില്‍ കൂടുതല്‍ വേതനം വാങ്ങുന്ന താരവും റാഷ്‌ഫോഡാണ്. നിലവിലെ സ്‌ക്വാഡ് ശക്തിപ്പെടുത്തുക എന്ന ഉദ്ദേശത്തിലാണ് റാഷ്‌ഫോഡിനെ വിറ്റ് പുതിയ സൈനിങുകള്‍ക്ക് യുനൈറ്റ് മുതിരുന്നത്.
താരത്തെ വില്‍ക്കാന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഒരുക്കമാണെന്നറിയിച്ചിരുന്നു. നിരവധി പുതിയ താരങ്ങളെ ഇക്കുറി ടീമിലെത്തിച്ചെങ്കിലും മുന്നേറ്റ നിര ശക്തിപ്പെടുത്താന്‍ യുനൈറ്റഡിനായിരുന്നില്ല. റാഷ്‌ഫോഡിനെ വന്‍ തുകയ്ക്ക് വിറ്റ് പ്രമുഖ താരങ്ങളെ ടീമിലെത്തിയ്ക്കാനാണ് യുനൈറ്റഡ് നീക്കം.
നേരത്തെ റാഷ്‌ഫോഡിനായി പിഎസ്ജി രംഗത്തെത്തിയിരുന്നു. എന്നാല്‍ പിഎസ്ജിക്ക് റാഷ്‌ഫോഡിനെ സ്വന്തമാക്കാനായിരുന്നില്ല. റാഷ്‌ഫോഡിനായി 100 മില്ല്യണ്‍ യൂറോ വരെ നല്‍കാനാണ് സൗദി ക്ലബ്ബുകളുടെ തീരുമാനം.നിലവിലെ സൗദി ട്രാന്‍സ്ഫര്‍ റെക്കോഡ് തകര്‍ക്കുന്ന തുകയാവും ഇതെന്നും റിപ്പോര്‍ട്ട് ഉണ്ട്. കഴിഞ്ഞ സീസണില്‍ അല്‍ ഹിലാലാണ് റാഷ്‌ഫോഡിനായി രംഗത്ത് വന്നത്.ഇക്കുറി സൗദിയിലെ ഏത് ക്ലബ്ബിലേക്കാണ് താരത്തിന്റെ കൂറുമാറ്റം എന്ന് ഇതുവരെ പുറത്ത് വന്നിട്ടില്ല. എന്നാല്‍ പുതിയ സീസണില്‍ സൗദി പ്രോ ലീഗ് ക്ലബ്ബില്‍ റാഷ്‌ഫോഡിന്റെ സാന്നിധ്യം ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. ബ്രസീല്‍ താരം വിനീഷ്യസ് ജൂനിയറും റാഷ്‌ഫോഡും സൗദി പ്രോ ലീഗില്‍ എത്തുന്നതോടെ പുതിയ സീസണ്‍ കൊഴുക്കുമെന്നുറപ്പ്.