തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച്ച (02.08.24) അവധിയായിരിക്കുമെന്ന് വിവിധ ജില്ലാ കലക്ടർമാർ അറിയിച്ചു. എന്നാൽ, മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല.
കാസർകോട്: കേന്ദ്ര കാലാവസ്ഥാ വകുപ്പ് കാസർകോട് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ അലേർട്ട് നാളെ രാവിലെ 10 മണി വരെ തുടരും. മുൻകരുതൽ എന്ന നിലയിൽ ജില്ലയിലെ കോളേജുകൾ (പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ) സ്റ്റേറ്റ് , സിബിഎസ്ഇ, ഐസിഎസ് സി സ്കൂളുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ആഗസ്റ്റ് 2, 2024 വെള്ളിയാഴ്ച) ജില്ലാ കളക്ടർ കെ. ഇമ്പശേഖർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല.
കണ്ണൂർ: മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ ക്ലാസ്സുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച (02.08.2024) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. അവധി മൂലം നഷ്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണ്. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല.
മലപ്പുറം: മലപ്പുറം ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഓഗസ്റ്റ് 2, വെള്ളി) അവധിയായിരിക്കും. ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിലാണ് മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ വി.ആർ വിനോദ് നാളെയും (02.08.2024, വെള്ളി) അവധി നൽകിയത്. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവക്കെല്ലാം അവധി ബാധകമാണ്.
തൃശൂർ: തൃശൂർ ജില്ലയിൽ മഴയും കാറ്റും വെള്ളക്കെട്ടും മഴ മുന്നറിയിപ്പ് തുടരുന്നതിനാലും സ്കൂളുകൾ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്നതിനാലും ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായി നാളെ (ഓഗസ്റ്റ് 2) ജില്ലയിലെ അംഗണവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സി.ബി.എസ്.ഇ- ഐ.സി.എസ്.ഇ സ്കൂളുകൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ സെന്ററുകൾ, വിദ്യാർത്ഥികൾ താമസിച്ചു പഠിക്കുന്ന റസിഡൻഷ്യൽ സ്ഥാപനങ്ങൾ# ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല.