റിയാദ്- 18 വര്‍ഷമായി തുടരുന്ന നിയമപോരാട്ടങ്ങള്‍ക്ക് പരിസമാപ്തി കുറിക്കാനിരിക്കെ റിയാദിലെത്തിയ അബ്ദുറഹീമിന്റെ ബന്ധുക്കള്‍ക്ക് മുന്നില്‍ കേസിന്റെ നാള്‍വഴികള്‍ വിശദീകരിച്ച് റിയാദ് റഹീം നിയമസഹായ സമിതി. വധശിക്ഷ ഒഴിവായി ജയിലില്‍ നിന്ന് അബ്ദുറഹീം പുറത്തുവരുമ്പോള്‍ അതിന്റെ ക്രെഡിറ്റ് തങ്ങള്‍ക്ക് വേണ്ടെന്നും എട്ടുകാലി മമ്മൂഞ്ഞികള്‍ അതെടുത്തോട്ടെയെന്നും റഹീമിനെ നാട്ടിലെത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും റഹീമിന്റെ സഹോദരന്‍ നസീറിനെയും അമ്മാവന്‍ അബ്ദുല്‍ മജീദിനെയും സാക്ഷിനിര്‍ത്തി സമിതി നിലപാട് വ്യക്തമാക്കി. തന്റെ മകനെ രക്ഷിക്കാന്‍ ഒപ്പം നിന്നവര്‍ക്ക് ദൈവം പ്രതിഫലം നല്‍കട്ടെയെന്നും സഹായസമിതിയോട് നന്ദിയുണ്ടെന്നും വേദിയിലിരുന്ന് റഹീമിന്റെ മാതാവ് ഫാത്തിമയും പറഞ്ഞു.
ഇന്നലെ റിയാദ് ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തിലാണ് റിയാദ് സഹായ സമിതിയും റഹീമിന്റെ ബന്ധുക്കളും കണ്ടുമുട്ടിയത്. 15 ദിവസമായി സൗദിയിലുള്ള അവര്‍ ഇന്നലെയെയാണ് സഹായസമിതിയെ കാണാന്‍ എത്തിയത്. റിയാദിലെ എല്ലാ സംഘടനകളില്‍ പെട്ടവരും അംഗങ്ങളായ സഹായസമിതിയുടെ യോഗത്തില്‍ നിരവധി പേര്‍ സംബന്ധിച്ചു. ജനറല്‍ കണ്‍വീനര്‍ അബ്ദുല്ല വല്ലാഞ്ചിറ സ്വാഗതം പറഞ്ഞു. റഹീം മോചനത്തിന് വേണ്ടി കഠിനാധ്വാനം ചെയ്തവരാണ് റിയാദ് നിയമസഹായ സമിതി. എല്ലാ പരിമിതികള്‍ക്കിടയിലും റഹീമിന് വേണ്ടി എല്ലാ സംഘടനകളും ഒന്നിച്ചുനിന്നു. എന്നാല്‍ കുടുംബത്തിന്റെ ഭാഗത്ത് നിന്ന് പോലും പലപ്പോഴും അനാവശ്യവിമര്‍ശനങ്ങളുണ്ടായി.
കേസ് അന്തിമഘട്ടത്തിലെത്തിയപ്പോള്‍ ചിലര്‍ എട്ടുകാലി മമ്മൂഞ്ഞികളായി രംഗത്തുവന്നിരിക്കുകയാണ്. ഈ കേസ് ഒരു സുപ്രഭാതത്തില്‍ ഉണ്ടായതല്ല. 18 വര്‍ഷമായി റിയാദിന്റെ നന്മ മനസ്സുകള്‍ ഏറ്റുപിടിച്ചതാണ്. അതിന്റെ ഫലമാണ് വധശിക്ഷയില്‍ നിന്ന് മോചനത്തിന് വഴിയൊരുങ്ങിയത്. വൈകാതെ ജയില്‍ മോചനവും ഉണ്ടാവും. ഫെയ്‌സ്ബുക്കിലും മറ്റും ഇരുന്ന് ഇല്ലാ കഥകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യങ്ങളറിയില്ല. റഹീമിന്റെ കുടുംബം കാര്യങ്ങള്‍ മനസ്സിലാക്കണം. അദ്ദേഹം പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് അനാവശ്യ വാദങ്ങള്‍ നിരത്തുന്ന യൂടൂബര്‍മാര്‍ സത്യം മനസ്സിലാക്കുന്നില്ല. മുപ്പത് മില്യനാണ് സൗദി കുടുംബം ആദ്യം ആവശ്യപ്പെട്ടത്. മൂന്നു മില്യനില്‍ നിന്നാണ് ഞങ്ങള്‍ ചര്‍ച്ച തുടങ്ങിയത്. ഒടുവില്‍ 15 മില്യനില്‍ കുടുംബം സമ്മതിക്കുകയായിരുന്നു. അഷ്‌റഫ് വേങ്ങാട്ടിന്റെ കഠിന പ്രയത്‌നമാണ് റഹീമിന് തുണയായത്. 15 മില്യന്‍ റിയാലിലും വക്കീല്‍ ഫീസിലും കമ്മീഷന്‍ പറ്റിയെന്ന് പ്രചരിപ്പിച്ചു. എന്നാല്‍ ഒന്നും ആഗ്രഹിക്കാതെയാണ് സമിതി ഈ പ്രവര്‍ത്തനവുമായി രംഗത്തിറങ്ങിയത്. ഉമ്മാക്ക് റഹീമിനെ കാണുന്നതില്‍ നിന്ന് ഞങ്ങളാരും തടസ്സം നിന്നിട്ടില്ല. ജയിലില്‍ നിന്ന് ഇങ്ങോട്ട് വിളിക്കാമെങ്കിലും അങ്ങോട്ട് വിളിക്കാന്‍ സാധിക്കില്ല. റഹീം ഉടന്‍ മോചിതനാവും. ആ ശുഭവാര്‍ത്തക്കായി നാം കാത്തിരിക്കുകയാണ്. സമിതി ചെയര്‍മാന്‍ സി.പി മുസ്തഫ പറഞ്ഞു.
റഹീം ജയിലില്‍ നിന്ന് പുറത്തിറങ്ങാതിരിക്കാന്‍ താന്‍ ശ്രമം നടത്തുന്നുണ്ടെന്ന് പലരും പ്രചരിപ്പിക്കുന്നുണ്ട്. ഇത് ശരിയല്ല. അനുജനായ റഹീമിന് എതിരെ ഞാനെന്തിന് നില്‍ക്കണം. ഗള്‍ഫില്‍ ജോലി കിട്ടിയപ്പോള്‍ പോലും ഞാന്‍ പോയിട്ടില്ല. നാട്ടില്‍ നിന്ന് റഹീം മോചനത്തിന് ശ്രമം നടത്തുകയായിരുന്നു. പല ആരോപണങ്ങളും വന്നപ്പോഴും ഞാന്‍ ആര്‍ക്കെതിരെയും ഒന്നും പറഞ്ഞിട്ടില്ല. റിയാദ് സഹായസമിതിക്ക് ഞങ്ങള്‍ എതിരല്ല. 34 കോടി പിരിച്ചത് വലിയ നമ്മുടെ കൂട്ടായ്മയുടെ വിജയമാണ്. റിയാദിലെ എല്ലാ സംഘടനകളും ഒന്നിച്ചുനിന്നാണ് റഹീമിന് വേണ്ടി പ്രവര്‍ത്തിക്കുന്നത്. സഹായസമിതിയുടെ കൂടെ നില്‍ക്കുമെന്നും നന്ദിയും കടപ്പാടുമുണ്ടാകുമെന്നും റഹീമിന്റെ സഹോദരന്‍ നസീര്‍ പറഞ്ഞു.
സിദ്ദീഖ് തുവ്വൂര്‍, നജീം കൊച്ചുകലുങ്ക്, പരിഭാഷകന്‍ മുഹമ്മദ് കുട്ടി എന്നിവര്‍ പ്രസംഗിച്ചു. ഷെബിന്‍ ഇഖ്ബാല്‍ നന്ദി പറഞ്ഞു.