റിയാദ്- വധശിക്ഷയില്‍ നിന്ന് മോചനം ലഭിച്ച് റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മാതാവിനും ബന്ധുക്കള്‍ക്കും മുന്നില്‍ റഹീം കേസിന്റെ നാള്‍ വഴികള്‍ വിശദീകരിച്ച് ഇന്ത്യന്‍ എംബസി. കേസില്‍ എംബസി നടത്തിയ ഇടപെടലുകളും 15 മില്യന്‍ റിയാല്‍ മോചനദ്രവ്യത്തിലേക്ക് നയിച്ച നീക്കങ്ങളും ഈ പണം സ്വീകരിച്ച് കൈമാറിയ രേഖകളെല്ലാം ഇന്ത്യൻ എംബസി റഹീമിന്റെ ഉമ്മ ഫാത്തിമക്കും സഹോദരന്‍ നസീറിനും മുന്നിൽ വിവരിച്ചു.
ഇന്നലെ വൈകീട്ട് മൂന്നു മണിക്കാണ് റഹീമിന്റെ മാതാവ് ഫാത്തിമയും സഹോദരന്‍ നസീറും അമ്മാവനും എംബസിയിലെത്തിയത്. ഡി.സി.എം അബുമാത്തന്‍ ജോര്‍ജ്, ഉദ്യോഗസ്ഥരായ മോയിന്‍ അക്തര്‍, രാജീവ് സിക്രി, യുസുഫ് കാക്കഞ്ചേരി, റഹീമിന്റെ കുടുംബത്തിന്റെ അറ്റോര്‍ണി സിദ്ദീഖ് തുവ്വൂര്‍ എന്നിവരുമായി ഇവര്‍ കേസിന്റെ വിശദാംശങ്ങള്‍ പങ്കുവെച്ചു. ഇതുവരെ കേസിലുണ്ടായ വിധികള്‍, 15 മില്യന്‍ റിയാല്‍ മോചനദ്രവ്യത്തിലേക്ക് നയിച്ച കാര്യങ്ങള്‍, പണം സ്വരൂപിച്ച ശേഷം എംബസി സ്വീകരിച്ച രീതി, കൈമാറിയ ചെക്ക് പകര്‍പ്പുകള്‍ തുടങ്ങി എല്ലാ കാര്യങ്ങളും ഉദ്യോഗസ്ഥർ വിവരിച്ചു. എല്ലാ രേഖകളും റഹീമിന്റെ കൈവശമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിക്കുകയും ചെയ്തു.
ഉമ്മയും മകനും 18 വര്‍ഷത്തിന് ഇതാദ്യമായി കണ്ടത് ഇന്നലെയായിരുന്നു. ജയിലിലെത്തിയ ഉമ്മയെ സന്ദര്‍ശക റൂമില്‍ ജയില്‍ വേഷത്തിലായിരുന്നു റഹീം കണ്ടത്. വികാരനിര്‍ഭരമായിരുന്നു ആ കൂടിക്കാഴ്ചയെന്ന് ഉമ്മ പിന്നീട് പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച ജയിലിലെത്തിയ ഉമ്മയെ കാണാന്‍ റഹീം വിസമ്മതിച്ചിരുന്നു. എന്നാല്‍ ഞായറാഴ്ച എംബസി ഉദ്യോഗസ്ഥന്‍ യൂസുഫ് കാക്കഞ്ചേരിയും അറ്റോര്‍ണിയായ സിദ്ദീഖ് തുവ്വൂരും ജയിലിലെത്തി റഹീമിനെ കണ്ടിരുന്നു.
ഉമ്മ വരുമ്പോള്‍ കാണണമെന്നും അതിനുള്ള സൗകര്യമുണ്ടാവുമെന്നും കാണാന്‍ വിസമ്മതിക്കരുതെന്നും പ്രത്യേകം ആവശ്യപ്പെട്ടതാണ് ഈ കൂടിക്കാഴ്ചക്ക് വഴിയൊരുക്കിയത്. ഉംറ നിര്‍വഹിച്ച് തിരിച്ചെത്തിയ ശേഷം അവര്‍ നേരെ ജയിലിലേക്ക് പോയി റഹീമിനെ കാണുകയായിരുന്നു. വധശിക്ഷയില്‍ നിന്ന് റഹീമിന്റെ മോചനത്തിന് വഴിയൊരുക്കിയ റിയാദിലെ റഹീം നിയമസഹായസമിതിയെ ഉമ്മയും ബന്ധുക്കളും ഇന്ന് കാണുന്നുണ്ട്. ഇതാദ്യമായാണ് സൗദിയിലെത്തിയ ശേഷം ഇവര്‍ സമിതി അംഗങ്ങളെ കാണുന്നത്.