നിലമ്പൂർ– കയ്യിൽ പണമില്ലാത്തതിനാൽ മത്സരിക്കാനില്ലെന്ന് അറിയിച്ച് മുൻ എം.എൽ.എ ആയ പി.വി അൻവർ. സതീശൻ നയിക്കുന്ന യു.ഡി.എഫിലേക്കും താൻ ഇല്ലെന്നും അൻവർ വാർത്താസമ്മേളനത്തിലൂടെ അറിയിച്ചു. ആര്യാടൻ ഷൗക്കത്തിനെ മാറ്റണമെന്നും യു.ഡി.എഫിലേക്ക് പ്രവേശിക്കണമെന്നും ആയിരുന്നു അൻവറിന്റെ ആവശ്യം. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ തന്റെ പാർട്ടി നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നാണ് അൻവർ നേരത്തെ പറഞ്ഞിരുന്നത്.
യു.ഡി.എഫിലേക്ക് പ്രവേശനം നൽകാതിരുന്ന വി.ഡി സതീശനെതിരെയും രൂക്ഷമായ വിമർശനമാണ് അൻവർ ഉന്നയിച്ചത്. അൻവർ ഇല്ലാതെ യുഡിഎഫ് ജയിക്കില്ലെന്നും സതീശന്റെ വാശിക്ക് യു.ഡി.എഫ് കനത്ത വില നൽകേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്നെ സ്നേഹിക്കുന്ന പ്രവർത്തകർക്ക് മനഃസാക്ഷി വോട്ട് ചെയ്യാമെന്നും താൻ വീട്ടിലും അങ്ങാടിയിലും ചെന്നിരിക്കാൻ പോകുകയാണെന്നും അൻവർ അറിയിച്ചു.