അബുദാബി: വൻ തുക അക്കൗണ്ടിൽ വന്നതിന്റെ അന്ധാളിപ്പിലായിരുന്നു ദുബായിൽ ജോലിചെയ്യുന്ന കോഴിക്കോട് സ്വദേശിയായ മുഹമ്മദ് യാസറിന്. വിസ പുതുക്കിയതിനുശേഷം കിട്ടിയ പുതിയ എമിറേറ്റ്സ് ഐഡിയും പാസ്പോർട്ടും അപ്ഡേറ്റ് ചെയ്തശേഷം എടിഎം കാർഡ് ശരിയാണോ എന്നറിയാനാണ് കഴിഞ്ഞ വ്യാഴാഴ്ച ദുബായ് ഹോർ അൽ നസിലുള്ള എടിഎമ്മിൽ കയറിയത്. തുടർന്ന് ബാങ്ക് ബാലൻസ് പരിശോധിച്ചപ്പോൾ യാസീർ ശരിക്കും ഞെട്ടി.
തനിക്ക് ഊഹിക്കാൻ പോലും പറ്റാത്ത വലിയ തുക അക്കൗണ്ടിൽ കാണിക്കുന്നു.
നിലവിൽ 15,000 ദിർഹം മാത്രം ഉണ്ടായിരുന്ന അക്കൗണ്ടിൽ ഏതാണ്ട് 100 കോടിയോളം ദിർഹം ബാലൻസ് കാണിച്ചു.കൃത്യമായി പറഞ്ഞാൽ 999974123.14 ദിർഹം!
യാസിറിന് സ്വന്തം കണ്ണുകളെ വിശ്വസിക്കാനാകാതെ വന്നപ്പോൾ എടിഎമ്മിൽ നിന്ന് ലഭിച്ച സ്റ്റേറ്റ്മെൻ്റ് സ്ലിപ്പ് ചില സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തു. അവരും ഈ വൻ തുക കണ്ട് അമ്പരന്നു .
തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും അക്കൗണ്ടിൽ ഉണ്ടായിരുന്ന തുകയും നഷ്ടപ്പെടുമോ എന്നും ഭയപ്പെട്ടു.
പിറ്റേന്ന് ബാങ്കിൽ ചെന്ന് കാര്യം പറഞ്ഞപ്പോൾ സാങ്കേതികമായ തകരാർ മൂലമാണ് അക്കൗണ്ടിൽ വൻ തുക കാണിച്ചതെന്ന് അധികൃതർ വിശദീകരിച്ചതായി യാസർ പറഞ്ഞു. തുടർന്ന് ഏതാനും കുറച്ച് പേപ്പറുകളിൽ പൂരിപ്പിച്ച് എഴുതി ബാങ്കിനെ ഏൽപ്പിക്കാൻ അധികൃതർ ആവശ്യപ്പെട്ടു. മൂന്നു ദിവസത്തിനകം മുൻ ബാലൻസുമായി അക്കൗണ്ട് പഴയ പടിയാവുകയും ചെയ്തു.
കോഴിക്കോട് മൂഴിക്കൽ സ്വദേശിയായ മുഹമ്മദ് യാസിർ (42)പതിനഞ്ചു വർഷമായി ദുബായ് ആർ.ടി.എയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയാണ്.