ജറൂസലം: ഇസ്രായേൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യയെ ജുമുഅ ഖുതുബയിൽ പ്രകീർത്തിച്ചെന്നു ചൂണ്ടിക്കാട്ടി പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും അൽഅഖ്‌സ പള്ളി ഇമാമുമായ ശൈഖ് ഇക്രിമ സാബ്രിയെ ഇസ്രായേൽ പോലീസ് അറസ്റ്റ് ചെയ്തു.
ഫലസ്തീൻ മുൻ ഗ്രാൻഡ് മുഫ്തി കൂടിയായ 84-കാരനായ ശൈഖ് ഇക്രിമ സാബ്രിയുടെ അൽസുവ്വാനയിലുള്ള വസതിയിലേക്ക് ജുമുഅയ്ക്കു ശേഷം ഇസ്രായേൽ പോലീസ് ഇരച്ചെത്തിയായിരുന്നു അറസ്റ്റ്.
അന്താരാഷ്ട്ര തലത്തിൽ പ്രശസ്തനായ ഫലസ്തീൻ പണ്ഡിതനായ സാബ്രിയുടെ അറസ്റ്റ് ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻഗവിർ സ്ഥിരീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപോർട്ട് ചെയ്തു. പ്രകോപനം ഉണ്ടാക്കുന്നവരോട് തന്റെ നിലപാട് വ്യക്തമാണെന്നും ഇക്കാര്യത്തിൽ ഒരു തരത്തിലുമുള്ള സഹിഷ്ണുതയുമുണ്ടാകില്ലെന്നും മന്ത്രി വാദിച്ചു.
അതിനിടെ, ആക്രമണത്തിനു പ്രേരണ നല്കിയെന്ന ഇസ്രായേൽ മന്ത്രിയുടെ ആരോപണം പെരും കള്ളമാണെന്ന് ഇക്രിമ സാബ്രി പ്രതികരിച്ചു. മതപരമായ അനുസ്മരണവും അനുശോചനവുമാണ് താൻ നടത്തിയത്. ഖുതുബയിൽ ഒരു പ്രകോപനവുമുണ്ടായിട്ടില്ല. ഇസ്രായേൽ എപ്പോഴും പറയുന്ന ആവിഷ്‌ക്കാര സ്വാതന്ത്ര്യമൊക്കെ എവിടെപ്പോയെന്നും ശൈഖ് സാബ്രി ചോദിച്ചു. ഫലസ്തീനിലെ സുപ്രിം ഇസ്‌ലാമിക് കൗൺസിൽ, ജെറൂസലമിലെ ഹയർ ഇസ്‌ലാമിക് അതോറിറ്റി (ഔഖാഫ്) എന്നിവയുടെ തലവൻ കൂടിയാണ് വർഷങ്ങളായി അൽഅഖ്‌സ പള്ളിയിലെ ഇമാമായി സേവനമനുഷ്ഠിക്കുന്ന ശൈഖ് ഇക്രിമ സാബ്രി.
ഫല്‌സ്തീൻ വിമോചനത്തിനായി നയതന്ത്ര തലത്തിൽ ധീരമായ നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ച രാഷ്ട്രീയകാര്യ സമിതി അധ്യക്ഷൻ കൂടിയായ ഇസ്മാഈൽ ഹനിയ്യയെയും അംഗരക്ഷകനെയും കഴിഞ്ഞദിവസം ഇറാനിൽ വച്ചാണ് അക്രമികൾ കൊലപ്പെടുത്തിയത്. ഇതിനെതിരെ യു.എൻ അടക്കം ലോകത്തിന്റെ വിവിധ കോണുകളിൽനിന്ന് ഇസ്രായേലിനെതിരേ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. ഫലസ്തീൻ ജനതയ്ക്കായി വീരമൃത്യു വരിച്ച ഇസ്മാഈൽ ഹനിയ്യയുടെ മയ്യിത്ത് വെള്ളിയാഴ്ച ജുമുഅക്കുശേഷം പതിനായിരങ്ങളുടെ സാന്നിധ്യത്തിൽ ഖത്തറിലാണ് ഖബറടക്കിയത്.