കോഴിക്കോട് – സി.പി.എം നേതാവിനെതിരേയുള്ള വിവാദ പോൺ വീഡിയോ പരാമർശത്തിൽ ആർ.എം.പി.ഐ നേതാവ് കെ.എസ് ഹരിഹരന് നോട്ടീസ് അയച്ച് പോലീസ്. വടകരയിലെ ഇടത് സ്ഥാനാർത്ഥിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.കെ ശൈലജയെ അധിക്ഷേപിച്ചുള്ള പ്രസംഗത്തിന്റെ പശ്ചാത്തലത്തിലാണ് പോലീസ് നോട്ടീസ്.
രണ്ടുദിവസത്തിനകം വടകര പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസിലുളളത്. വടകരയിൽ സി.പി.എം വർഗീയതക്കെതിരെ എന്ന ബാനറിൽ യു.ഡി.എഫ്-ആർ.എം.പി സംയുക്തമായി സംഘടിപ്പിച്ച പൊതുയോഗത്തിലായിരുന്നു ഹരിഹരന്റെ വിവാദ പരാമർശം. ‘ടീച്ചറുടെ പോൺ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ? നടി മഞ്ജു വാര്യരുടെ പോൺ വീഡിയോ ഉണ്ടാക്കിയെന്ന് പറഞ്ഞാൽ മനസ്സിലാകും’ എന്നായിരുന്നു ഹരിഹരന്റെ പരാമർശം.
സംഭവം വിവാദമായതോടെ പ്രസംഗത്തിലെ തെറ്റ് തിരിച്ചറിഞ്ഞ് കെ.കെ ശൈലജയോടും നടി മഞ്ജു വാര്യരോടും മാപ്പ് പറയുന്നതായി കെ.എസ് ഹരിഹരൻ സമൂഹമാധ്യമത്തിൽ അറിയിച്ചിരുന്നു. തനിക്ക് സംഭവിച്ചത് രാഷ്ട്രീയ പിഴവാണ്. അനവസരത്തിലുള്ള തെറ്റായ പ്രയോഗമാണ്. ബോധപൂർവ്വം ഉദ്ദേശിച്ചതല്ലെന്നും പൂർണമായ രാഷ്ട്രീയ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ മാപ്പ് പറയുന്നതായും ഹരിഹരൻ വ്യക്തമാക്കിയെങ്കിലും സി.പി.എം കേന്ദ്രങ്ങൾ ഹരിഹരനെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുകയായിരുന്നു. ഇതിന് പിന്നാലെ ഹരിഹരന് നേരെ ഭീഷണിയും തെറിവിളിയും അരങ്ങേറുകയുമുണ്ടായി. ഇതിലും പോലീസ് കേസ് എടുത്തിട്ടുണ്ട്.
ലോകസഭാ തെരഞ്ഞെടുപ്പിൽ ഷാഫി പറമ്പിൽ വടകരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായതോടെ പരിധിവിട്ട പല പ്രചാരണങ്ങളും രാഷ്ട്രീയ എതിരാളികൾ അദ്ദേഹത്തിനെതിരേ നടത്തിയിരുന്നു. ആദ്യ ഘട്ടത്തിൽ ശൈലജ ടീച്ചർക്കെതിരെയുള്ള ചില വ്യാജ ആരോപണങ്ങളും പ്രതികരണങ്ങളും ഷാഫിയെ പിന്തുണക്കുന്നവരാണെന്ന് പ്രചരിപ്പിച്ചെങ്കിലും തുടർന്നുള്ള അന്വേഷണങ്ങൾ സി.പി.എമ്മിനെയും ഇടതു സർക്കാറിനെയും അമ്പേ പ്രതിരോധത്തിലാക്കുന്നവിധത്തിലാണ് കാര്യങ്ങൾ മുന്നോട്ടു നീങ്ങിയത്. വർഗീയ ആരോപണങ്ങൾ അടക്കമുള്ളവയുടെ മുന സി.പി.എമ്മിനും ഇടത് സ്ഥാനാർത്ഥിക്കും കടുത്ത ക്ഷീണമാവുന്ന ഘട്ടത്തിൽ ഒരു ചെറിയ കച്ചിത്തുരുമ്പ് കൂടിയായി ആർ.എം.പി.ഐ നേതാവിന്റെ, തെരഞ്ഞെടുപ്പിന് ശേഷമുള്ള ഈ വിവാദ പരാമർശം. അനവസരത്തിലുണ്ടായ ഈ തെറ്റായ പരാമർശത്തെ യു.ഡി.എഫ്-ആർ.എം.പി കേന്ദ്രങ്ങൾ തള്ളിപ്പറഞ്ഞെങ്കിലും ഈ ആരോപണത്തിൽ പിടിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് സി.പി.എം കേന്ദ്രങ്ങളുടെ ശ്രമം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group