- ബി.ജെ.പി നേതാക്കളുമായി ആശയവിനിമയം. മുന്നിലുള്ളത് മൂന്ന് ഓപ്ഷനെന്ന് ചംപയ് സോറൻ
റാഞ്ചി / ന്യൂഡൽഹി: ഭരണകക്ഷിയായ ജാർഖണ്ഡ് മുക്തി മോർച്ചയോടുള്ള അതൃപ്തി പരസ്യമാക്കി ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജെ.എം.എം നേതാവുമായ ചംപയ് സോറൻ. പാർട്ടിയിൽ അപമാനവും അവഹേളനവും നേരിട്ടെന്നും അതിനാലാണ് മറ്റൊരു മാർഗം തേടാൻ നിർബന്ധിതനായതെന്നും ബി.ജെ.പിയിലേക്കെന്ന അഭ്യൂഹങ്ങൾക്കിടെ ചംപയ് സോറൻ പറഞ്ഞു. ഇന്നുമുതൽ തന്റെ ജീവിതത്തിൽ പുതിയ അധ്യായം തുടങ്ങുകയാണെന്നും രാജ്യതലസ്ഥാനത്തെത്തിയ ചംപയ് സോറൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ വിശ്വസ്തൻ കൂടിയായിരുന്ന ചംപയ് സോറൻ തന്റെ എക്‌സ് അക്കൗണ്ടിൽ നിന്ന് ‘ജെ.എം.എം’ എന്നത് നീക്കം ചെയ്തതിന് പിന്നാലെയാണ് ഇന്ന് ഡൽഹിയിലെത്തിയത്. ബി.ജെ.പി നേതാക്കളുമായി ആശയവിനിമയം നടത്തിയ അദ്ദേഹത്തോടൊപ്പം ആറ് എം.എൽ.എമാരും ഉണ്ടെന്നാണ് റിപോർട്ടുകൾ.
ബി.ജെ.പിയിൽ ചേരുമെന്ന വാർത്ത ചംപയ് സോറൻ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ജാർഖണ്ഡിൽ രാഷ്ട്രീയ അട്ടിമറിക്കുള്ള സംഘപരിവാർ നീക്കത്തിനിത് കൂടുതൽ സഹായകമാകുമെന്നതിൽ സംശയമില്ല. പ്രത്യേകിച്ചും അഞ്ചുമാസത്തിനകം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജാർഖണ്ഡിൽ കൂടുതൽ സാധ്യതകൾ തുറക്കാൻ ബി.ജെ.പി ചംപയ് സോറനെ ഉപയോഗപ്പെടുത്തുമെന്നു തീർച്ച.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇ.ഡി ജയിലിൽ അടച്ചപ്പോൾ ചംപയ് സോറനായിരുന്നു പകരക്കാരനായി അധികാരക്കസേരയിൽ എത്തിയത്. എന്നാൽ, ഇ.ഡിയുടെയും കേന്ദ്ര സർക്കാർ നീക്കങ്ങളെയുമെല്ലാം തരിപ്പണമാക്കി ഹേമന്ത് സോറൻ അധികാരത്തിൽ തിരിച്ചെത്തിയതോടെ മുഖ്യമന്ത്രി കസേര നഷ്ടമായതിൽ ചംപയ് സോറൻ അസ്വസ്ഥനായിരുന്നു. ഈ അസംതൃപ്തി മനസ്സിലാക്കിയാണ് ബി.ജെ.പി ചംപയ് സോറനുമായി സംസാരിച്ച് കാര്യങ്ങൾ മുന്നോട്ടു നീക്കിയത്. കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അടക്കമുള്ളവരുമായി ചംപയ് സോറൻ ബന്ധപ്പെട്ടതായാണ് വിവരം.
തന്റെ മുന്നിൽ മൂന്ന് ഓപ്ഷനുകളാണുള്ളതെന്നാണ് ചംപയ് സോറൻ പറയുന്നത്. ആദ്യത്തേത് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുക എന്നതാണ്. രണ്ടാമത്തേത്, സ്വന്തം സംഘടന രൂപീകരിക്കുകയാണ്. മൂന്നാമത്തേത്, ഒരു കൂട്ടാളിയെ കണ്ടെത്തി തുടർന്നുള്ള യാത്ര അവർക്കൊപ്പം നടത്തുക എന്നതാണ്. വരുന്ന ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് വരെ ഈ ഓപ്ഷനുകൾ തുറന്നിരിക്കുമെന്നും ചംപയ് സോറൻ വ്യക്തമാക്കുന്നു.