കോഴിക്കോട്- പ്രധാനമന്ത്രി സ്‌കൂള്‍ ഫോര്‍ റൈസിംഗ് ഇന്ത്യ എന്നറിയപ്പെടുന്ന പി.എം ശ്രീ എന്ന പദ്ധതിയില്‍ കേരളം ഒപ്പു വെച്ചതോടെ സംസ്ഥാനത്ത് പുതിയ വിവാദങ്ങളുയരുമ്പോള്‍ ഡിജിറ്റല്‍ പരമാധികാരത്തിന്റെ ഭാഗമായ കുട്ടികളുടെ ലക്ഷക്കണക്കിന് ഡാറ്റകള്‍ നേരത്തെ തന്നെ കൈമാറിയതായും ആക്ഷേപമുയരുന്നു. തീവ്രഹിന്ദുത്വ ദേശീയത പ്രചരിപ്പിക്കുന്നതും മുസ്ലിംകളുള്‍പ്പെടെ ന്യൂനപക്ഷ വിഭാഗത്തെ ചരിത്രത്തില്‍ നിന്ന് അടര്‍ത്തിമാറ്റുന്നതും സമ്പന്നര്‍ക്ക് മാത്രം പ്രാപ്യമാവുന്നതുമായ ലക്ഷ്യങ്ങളോടെയുള്ള ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (നാഷണല്‍ എഡ്യുക്കേഷന്‍ പോളിസി-എന്‍ഇപി) നടപ്പിലാക്കല്‍ കൂടിയാണ് പിഎം ശ്രീ ലക്ഷ്യമിടുന്നത് എന്നതിന് പുറമെയാണ് കുട്ടികളുടെ ഡാറ്റ കൈമാറുന്നതിനും ഇത് കാരണമാവുന്നത്.
‘വണ്‍ നേഷന്‍, വണ്‍ സ്റ്റുഡന്റ് ഐഡി’ എന്നറിയപ്പെടുന്ന തിരിച്ചറിയല്‍ രേഖയിലൂടെയാണ് പിഎം ശ്രീയും നടപ്പിലാക്കുക. ഓട്ടോമേറ്റഡ് പെര്‍മെനന്റ് അക്കാദമിക് എക്കൗണ്ട് രജിസ്ട്രി (എപിഎഎആര്‍-ഐഡി) എന്നത് ഇതിന്റെ ഭാഗമാണ്. പി.എം ശ്രീയിലൂടെ നടക്കാനിരിക്കുന്ന ഈ ഡാറ്റാ കേന്ദ്രീകരണ നീക്കത്തെക്കുറിച്ച് കേരള സര്‍ക്കാര്‍ മൗനം പാലിച്ചു.
2023 ലെ ഓണം അവധിക്കാലത്താണ് ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ സ്വകാര്യ വിവരങ്ങള്‍ അടങ്ങിയ ഡാറ്റകള്‍ രക്ഷിതാക്കളുടെ സമ്മതമില്ലാതെ സര്‍വ്വ ശിക്ഷാ അഭയാന്‍ -എസ്എസ്എ-വഴി കേന്ദ്രത്തിന്റെ യുഡയിസ് പ്ലസ്, എപിഎഎആര്‍ പോര്‍ട്ടലുകളിലേക്ക് അപ്ലോഡ് ചെയ്യപ്പെട്ടതെന്ന് സാങ്കേതി വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല ഉന്നത വിദ്യാഭ്യാസ രംഗത്ത് അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്സ് (എബിസി) പോലുള്ള സംവിധാനങ്ങള്‍ക്കായി എപിഎഎആര്‍-ഐഡി കേരളം ഇതിനകം സ്വീകരിച്ചുകഴിഞ്ഞുവെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
ഈ ഐഡി നമ്മുടെ സംസ്ഥാനത്തിന്റെ സ്വന്തം സാങ്കേതിക സംവിധാനം വഴിയാണ് സജ്ജീകരിക്കേണ്ടിയിരുന്നത്. കൈറ്റ് (കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യുക്കേഷന്‍-കൈറ്റ്) എന്ന വിദ്യാഭ്യാസ സാങ്കേതിക സംവിധാനത്തിലൂടെ സംസ്ഥാനത്തിന്റെ പരമാധികാരം ഉറപ്പിച്ച ഒരു പാരമ്പര്യമുണ്ടായിട്ടും പക്ഷെ കേന്ദ്രത്തിന്റെ യുഡയിസ് പ്ലസ് (യൂണിഫൈഡ് ഡിസ്ട്രിക്റ്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഫോര്‍ എഡ്യുക്കേഷന്‍ പ്ലസ്) പോര്‍ട്ടല്‍ വഴിയാണ് ഇപ്പോള്‍ കേരളം ഡാറ്റ കൈമാറുന്നത്. കേരളത്തിന്റെ ഡാറ്റാ പരമാധികാരത്തിനെതിരെയുള്ള ഈ കടന്നുകയറ്റം കൂടിയാണിതെന്ന് കാണാന്‍ സംസ്ഥാന അധികൃതര്‍ തയ്യാറായിട്ടില്ലെന്നത് ഗുരുതരമായ പിഴവായി വിദദ്ധര്‍ എടുത്തുപറയുന്നുണ്ട്.
മാത്രമല്ല ഈ ഡിജിറ്റല്‍ കടന്നുകയറ്റത്തെ തമിഴ്നാട് ‘മക്കള്‍ ഐഡി’ എന്ന ഒരു സമാന്തര സംസ്ഥാന റെസിഡന്റ് ഡാറ്റാബേസ് നിര്‍മ്മിച്ചും പശ്ചിമബംഗാള്‍ ‘ബാംഗ്ലാര്‍ ശിക്ഷാ’ എന്ന സ്വന്തം പോര്‍ട്ടലുണ്ടെന്ന് വ്യക്തമാക്കിയുമാണ് നേരിട്ടതെന്നതും ശ്രദ്ധേയമാണ്.
എന്താണ് എപിഎഎര്‍-ഐഡി?
ഓരോ വിദ്യാര്‍ത്ഥിക്കും അവരുടെ അക്കാദമിക് യാത്രയിലുടനീളം അവരോടൊപ്പമുണ്ടാവുന്ന തിരിച്ചറിയല്‍ രേഖയാണിത്. ഇത് ആധാറുമായി ബന്ധിപ്പിച്ച തരത്തിലായിരിക്കും. 12 അക്ക ഐഡിയാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. മാര്‍ക്ക് ഷീറ്റുകള്‍, ഗ്രേഡ് ഷീറ്റുകള്‍, ഡിപ്ലോമകള്‍, ബിരുദങ്ങള്‍, സ്‌കോളര്‍ഷിപ്പുകള്‍, അവാര്‍ഡുകള്‍ എന്നിവയുള്‍പ്പെടെ വിവിധ അക്കാദമിക് നേട്ടങ്ങള്‍ ഡിജി ലോക്കറിലൂടെ ഈ ഐഡിയില്‍ സംഭരിക്കും. എല്ലാ അക്കാദമിക് രേഖകളും എളുപ്പത്തില്‍ ലഭ്യവുമെന്ന് മാത്രമലല്ല ക്രഡന്‍ഷ്യലുകള്‍ ആക്‌സസ് ചെയ്യാനും പരിശോധിക്കാനും എളുപ്പവുമാണ്. അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്സ് അഥവാ എബിസി പോലുള്ള വിവിധ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമുകളിലും സേവനങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് ഇത് ഒരു ഡിജിറ്റല്‍ ഐഡന്റിറ്റിയായിരിക്കും. ഇത് സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ഇടയിലുള്ള തടസ്സമില്ലാത്ത കൈമാറ്റങ്ങള്‍ സുഗമമാക്കുകയും ചെയ്യും.
പി എം ശ്രീയും ലക്ഷ്യങ്ങളും
2023-ലാണ് പിഎം ശ്രീ (പ്രധാനമന്ത്രി സ്‌കൂള്‍ ഫോര്‍ റൈസിംഗ് ഇന്ത്യ) കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചത്. 14500-ലധികം സ്‌കൂളുകള്‍ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്തി വികസിപ്പിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് പറയുന്നുവെങ്കിലും ഇതിന്റെ ഭാഗമായി ഓരോ ബ്ലോക്കിലും തെരെഞ്ഞെടുത്ത രണ്ട് സ്‌കൂളുകള്‍ വികസിപ്പിച്ച് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (നാഷണല്‍ എഡ്യുക്കേഷന്‍ പോളിസി-എന്‍ഇപി) മികവ് പ്രദര്‍ശിപ്പിക്കുകയാണ് അജണ്ട. എന്നുവെച്ചാല്‍ തീവ്രഹിന്ദുത്വ ദേശീയതയിലൂന്നിയ സംഘപരിവാര്‍ നയങ്ങളും നിലപാടും ഭാവി തലമുറയില്‍ കുത്തിവെക്കാന്‍ പുതിയ രീതികള്‍ അവലംബിക്കുകയാണ്. സംസ്ഥാന സിലബസിന് പകരം എന്‍സിആര്‍ടിയുടെ സിലബസ് അനുസരിച്ചാണ് പഠനം നടത്തേണ്ടത്. പി.എം ശ്രീ സ്‌കൂള്‍ എന്ന ബോര്‍ഡ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രത്തോടെ സ്‌കൂളില്‍ സ്ഥാപിക്കുകയും വേണമെന്നും നിബന്ധനയുമുണ്ട്.
ഒരു സ്‌കൂളിന് ശരാശരി 1.13 കോടി രൂപ മാത്രമാണ് ചെലവഴിക്കാനായി ലഭിക്കുക. ഇതില്‍ തന്നെ അറുപത് ശതമാനം കേന്ദ്ര സര്‍ക്കാരും നാല്‍പത് ശതമാനം കേരള സര്‍ക്കാരുമാണ് വഹിക്കേണ്ടത്. ചില മാനദണ്ഡങ്ങളും ഇതിനുണ്ട്. സ്‌കൂളിന് നല്ല നിലയിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യമാണ്. ഇതിനായി ചില പരിഗണനാ ഘടകങ്ങളും മുന്നോട്ടുവെക്കുന്നു.



