ദോഹ- ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേല്‍ ദോഹയില്‍ നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് ജനങ്ങള്‍ക്കിടയില്‍ ആശങ്ക ഉയര്‍ന്നുവെങ്കിലും ഖത്തറിലെ ജനജീവിതത്തെ അത് സാരമായി ബാധിച്ചിട്ടില്ലെന്ന് വിലയിരുത്തല്‍. സ്‌ഫോടനത്തെത്തുടര്‍ന്ന് കത്താറ സാംസ്‌കാരിക ഗ്രാമം ഉള്‍ക്കൊള്ളുന്ന ഏരിയയിലെ ചില ഭാഗങ്ങളില്‍ മാത്രമാണ് കര്‍ശനമായ സുരക്ഷാ വലയത്തില്‍ ഉള്ളത്. സ്‌ഫോടനം വലിയ അപകടങ്ങള്‍ക്കിടയാക്കാത്തതിനാല്‍ തന്നെ ആ ഭാഗവും സാധാരണ നിലയിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കര്‍ശന നിരീക്ഷണവും പരിശോധനയും സുരക്ഷാ സംഘം തുടരുന്നുണ്ട്.
വിമാന യാത്രക്കോ മറ്റ് യാത്രകള്‍ക്കോ തടസ്സമോ പ്രയാസമോ ഉണ്ടായിട്ടില്ലെന്നും അധികൃതര്‍ വിശദീകരിച്ചു. മെട്രോ, മുവാസലാത്ത് ഉള്‍പ്പെടെ പൊതുഗതാഗതങ്ങളും സര്‍വ്വീസ് നടത്തി. ഖത്തര്‍ എയര്‍വേയ്‌സിന്റെ സര്‍വീസുകള്‍ സാധാരണ നിലയില്‍ തുടരുന്നതായി കമ്പനി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പരമപ്രാധാന്യം നല്‍കുന്നതെന്നും പ്രവര്‍ത്തനങ്ങളില്‍ യാതൊരു തടസ്സവും സംഭവിച്ചിട്ടില്ലെന്നും ഖത്തര്‍ എയര്‍വെയിസ് എടുത്തുപറഞ്ഞു.
അതിനിടെ ഖത്തറില്‍ ഇസ്രയേല്‍ വ്യോമാക്രമണ വാര്‍ത്ത പുറത്തുവന്നതോടെ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നിട്ടുണ്ട്. ബാരലിന് 63 ഡോളറിന് മുകളിലേക്കാണ് വില ഉയര്‍ന്നത്. മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷഭീഷണി വര്‍ധിക്കുമെന്ന ആശങ്കയാണ് വിപണിയെ ബാധിച്ചത്. അമേരിക്കന്‍ ക്രൂഡ് ബെഞ്ച്മാര്‍ക്ക് ആയ വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് 1.5 ശതമാനം വര്‍ധിച്ച് ബാരലിന് 63 ഡോളറിന് മുകളിലെത്തി. ഇതിനുമുമ്പേ തന്നെ ആഗോള ഓഹരി വിപണികളുടെ ഉയര്‍ച്ചയും യു.എസ്. ഫെഡറല്‍ റിസര്‍വ് പലിശനിരക്കുകള്‍ കുറയ്ക്കുമെന്ന പ്രതീക്ഷയും എണ്ണവിലയില്‍ പ്രതിഫലിച്ചിരുന്നു. സൗദി അറേബ്യ വിലക്കുറവ് വരുത്തുമെന്ന ആശങ്കകള്‍ക്ക് മറുപടിയായി എണ്ണ കയറ്റുമതി രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒപെക് ചെറിയ തോതില്‍ വിപണന വര്‍ധനവ് പ്രഖ്യാപിച്ചതും വിലക്കയറ്റത്തിന് കാരണമായി.
കഴിഞ്ഞ ദിവസം ഇസ്രായില്‍ നടത്തിയ ദോഹയില്‍ പാര്‍പ്പിട സമുച്ചയകേന്ദ്രത്തിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ആഭ്യന്തര സുരക്ഷാ സേനാംഗമടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിക്കുകയുണ്ടായി. ഖത്തര്‍ ആഭ്യന്തര സുരക്ഷാ സേനയായ ലെഖ്വിയ അംഗം ബദര്‍ സഅദ് മുഹമ്മദ് അല്‍ ഹുമൈദി അല്‍ ദോസാരി, മൗമിന്‍ ജവാദ് ഹസൂന എന്നിവരാണ് കൊല്ലപ്പെട്ടത്. ലെഖ്വിയയില്‍ ലാന്‍സ് കോര്‍പ്പറലാണ് കൊല്ലപ്പെട്ട ബദര്‍ സാദ് മുഹമ്മദ് അല്‍ ഹുമൈദി അല്‍ ദോസാരി. ആക്രമണശേഷം നടത്തിയ അന്വേഷണത്തിലാണ് രണ്ട് പേര്‍ കൊല്ലപ്പെട്ടതായി വ്യക്തമായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയിലെ അംഗങ്ങള്‍ താമസിക്കുന്ന ദോഹയിലെ പാര്‍പ്പിട സമുച്ചയകേന്ദ്രത്തില്‍ ചൊവ്വാഴ്ച വൈകിട്ടായിരുന്നു ഇസ്രയേലിന്റെ അപ്രതീക്ഷിത ആക്രമണം. മേഖലയില്‍ സുരക്ഷാ ചുമതലകള്‍ നിര്‍വഹിക്കുന്നതിനിടെയാണ് ഹുമൈദി അല്‍ ദോസാരി കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ലഖ്വിയയുടെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ സംഭവ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഔദ്യോഗികവും വിശ്വസനീയവുമായ കേന്ദ്രങ്ങളില്‍ നിന്ന് മാത്രമേ വിവരങ്ങള്‍ തേടാവൂ എന്നും ഔദ്യോഗിക കേന്ദ്രങ്ങള്‍ വഴിയുള്ള അറിയിപ്പുകളേ പങ്കുവെക്കാവൂ എന്നും കിംവദന്തികള്‍ ഒഴിവാക്കാനും ആഭ്യന്തര മന്ത്രാലയം സ്വദേശികളോടും വിദേശികളോടും അഭ്യര്‍ത്ഥിച്ചു.