മലപ്പുറം/പാലക്കാട്: സന്ദീപ് വാര്യർ ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയതോടെ സി.പി.എമ്മിൽ കൂട്ടക്കരച്ചിലാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ഒരാൾ ബി.ജെ.പി വിട്ടതിന് എന്തിനാണിത്ര മനപ്രയാസം? മുഖ്യമന്ത്രി പോലും വലിയ പ്രയാസത്തിലാണെന്നും അതാണ് അദ്ദേഹത്തിന്റെ പ്രസ്താവനകൾ തെളിയിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. ജനങ്ങളത് തള്ളും. പാണക്കാട് തങ്ങൾക്ക് പിണറായിയുടെ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. ജനങ്ങളുടെ മനസിലാണ് അവരുടെ സ്ഥാനം. മണിപ്പൂർ പോലുള്ള സംഭവങ്ങൾ കേരളത്തിൽ ഇല്ലാതിരിക്കാൻ മുന്നിൽ നിൽക്കുന്നവരിൽ ഒന്നാമത്തെയാളാണ് സാദിഖലി തങ്ങൾ. മുനമ്പം വിഷയത്തിലടക്കം മതസൗഹാർദ്ദം കാത്തുസൂക്ഷിക്കാൻ സാദിഖലി തങ്ങളുടെ ഇടപെടൽ ജനങ്ങൾ കാണുന്നുണ്ട്. അധികാരത്തിലുള്ള മുഖ്യമന്ത്രിക്ക് പോലും ചെയ്യാൻ കഴിയാത്ത കാര്യങ്ങളാണ് പാണക്കാട് തങ്ങൾ സമൂഹത്തിനായി ചെയ്യുന്നത്. ഇതിൽ മുഖ്യമന്ത്രിക്കും സി.പി.എമ്മിനും അമ്പരപ്പുണ്ടാവേണ്ട കാര്യമെന്താണ്? ഉപതെരഞ്ഞെടുപ്പിൽ തറ പറ്റുമെന്ന ബേജാറിലാണ് സി.പി.എമ്മെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
ഒരാൾ ബി.ജെ.പി വിട്ട് കോൺഗ്രസിൽ വന്നാൽ അതും കോൺഗ്രസിനുള്ള കുറ്റമാക്കുകയാണ്. സി.പി.എമ്മിലാണേൽ ഒരു പ്രശ്‌നവുമില്ല. പാർട്ടി സഖാക്കളെ അരുംകൊല ചെയ്തവർ കണ്ണൂരിൽ ബി.ജെ.പി വിട്ട് സി.പി.എമ്മിൽ ചെന്നപ്പോൾ നല്ല കാര്യം. ഇപ്പോൾ ഇവർ ആക്ഷേപിക്കുന്ന കൂട്ടർ സി.പി.എമ്മിനൊപ്പം നിന്നപ്പോൾ അത് മതനിരപേക്ഷതയെ ശക്തിപ്പെടുത്തൽ. വോട്ട് മറുഭാഗത്താണെന്നു വന്നാൽ ഭീകരവാദം. തങ്ങൾക്കു കിട്ടാത്തതെല്ലാം സി.പി.എമ്മിന് പുളിക്കുകയാണെന്നും ഇത് വല്ലാത്തൊരു വിരോധാഭാസമാണെന്നും ഈ രോഗം എന്നു മാറുമെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.
ജനാധിപത്യത്തിന്റെ സൗന്ദര്യത്തെ സി.പി.എം നേതാക്കൾ ഇവ്വിധം അപഹസിക്കരുത്. ജനങ്ങൾ എല്ലാം കാണുകയും അറിയുകയും ചെയ്യുന്നുണ്ട്. അവർ എല്ലാം വിലയിരുത്തിയാണ് വോട്ടു ചെയ്യുക. അതിനാൽ തങ്ങൾക്കൊപ്പമില്ലാത്തവരെയെല്ലാം കൊച്ചാക്കി സ്വയം പരിഹാസ്യരാകരുത്. ആരെയും വില കുറച്ച് കാണരുതെന്നും കുഞ്ഞാലിക്കുട്ടി ഓർമിപ്പിച്ചു.
സാദിഖലി തങ്ങൾ ജമാഅത്തെ ഇസ്‌ലാമിയുടെ ഒരു അനുയായി പോലെ പെരുമാറുന്നയാളാണെന്നും നേരത്തേയുള്ള തങ്ങൾ എല്ലാവരാലും ആദരിക്കപ്പെട്ടിരുന്നുവെന്നും എന്നാൽ ഈ തങ്ങൾക്കതില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിരുന്നു. ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർ പാണക്കാട്ടെത്തി ലീഗ് നേതാക്കളുമായി ചർച്ച നടത്തിയതിനോട് ചേർത്തായിരുന്നു മുഖ്യമന്ത്രിയുടെ വിവാദ പ്രതികരണം.