തിരുവനന്തപുരം: ലോകസഭാ തെരഞ്ഞെടുപ്പ് പരാജയത്തിൽ ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടായെന്ന യാക്കോബായ സഭാ നിരണം ഭദ്രാസനത്തിന്റെ മുൻ അധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്തയുടെ പരാമർശത്തിൽ രൂക്ഷ പരിഹാസവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.
പുരോഹിതന്മാരിലും വിവരദോഷികൾ ഉണ്ടാവുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.
പ്രളയമാണ് അന്ന് ഈ സർക്കാരിനെ വീണ്ടും അധികാരത്തിലേറ്റാൻ ഇടയാക്കിയതെന്നും ഇനിയൊരു പ്രളയം ഉണ്ടാകുമെന്ന് ധരിക്കേണ്ടെന്നുമാണ് ആ പുരോഹിതൻ പറഞ്ഞതായി കേട്ടത്. പുരോഹിതന്മാർക്കിടയിലും ചിലപ്പോൾ ചില വിവരദോഷികൾ ഉണ്ടാകുമെന്നാണ് ആ വാചകത്തിലൂടെ വ്യക്തമാകുന്നതെന്നും പിണറായി വിജയൻ പരിഹസിച്ചു. സർക്കാറിന്റെ 2023-24 വർഷത്തെ പ്രവർത്തനങ്ങൾ സംബന്ധിച്ച പ്രോഗ്രസ് റിപോർട്ട് സമർപ്പണ ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷത്തിനുണ്ടായ തകർച്ചയുടെ പ്രധാന കാരണങ്ങളിലൊന്ന് ഭരണവിരുദ്ധ വികാരമാണെന്നും ഇതിൽനിന്ന് പാഠം പഠിക്കാൻ തയ്യാറായില്ലെങ്കിൽ കേരളത്തിലെ ഇടതുപക്ഷത്തിന് ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥയാണുണ്ടാവുകയെന്നും മാർ ഗീവർഗീസ് കൂറിലോസ് പറഞ്ഞിരുന്നു. കിറ്റ് രാഷ്ട്രീയത്തിൽ ജനങ്ങൾ ഒന്നിലധികം തവണ വീഴില്ല.
ഇടത്തേക്ക് ഇൻഡിക്കേറ്ററിട്ട് വലത്തോട്ട് വണ്ടിയോടിച്ചാൽ അപകടമുണ്ടാകും. സർക്കാറിനെ ബാധിച്ച രോഗം ആഴത്തിലുള്ളതാണ്. സി.പി.എം എത്ര നിഷേധിക്കാൻ ശ്രമിച്ചാലും അതൊരു യാഥാർത്ഥ്യമാണ്. അതിനാൽ, തെറ്റ് തിരുത്തണം. രാഹുൽഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിക്കാനും ബി.ജെ.പിയെക്കാളുപരി കോൺഗ്രസിനെ വർഗശത്രുവായി കണ്ട് എതിർക്കാനും സി.പി.എം തയ്യാറായത് മതേതര വിശ്വാസികളിൽ സി.പി.എമ്മിനോടുള്ള സംശയം വർധിപ്പിച്ചുവെന്നും ഗീവർഗീസ് കൂറിലോസ് വ്യക്തമാക്കിയിരുന്നു. ഇതോടായാണ് മുഖ്യമന്ത്രിയുടെ വിമർശം.
സർക്കാർ ജീവനക്കാർക്ക് അർഹതപ്പെട്ട ഡി.എ കൃത്യമായി ലഭിക്കുന്നതിന് പ്രയാസം വന്നിട്ടുണ്ടെന്നത് യാഥാർത്ഥ്യമാണ്. എന്നാൽ, എല്ലാ കാലത്തും ആ വിഷമം ജീവനക്കാർക്ക് ഉണ്ടാവില്ല. ഏറ്റവും അടുത്ത അവസരത്തിൽത്തന്നെ അതുമായി ബന്ധപ്പെട്ട് തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.