ദുബൈ – സുപ്രഭാതം ഗൾഫിൽ എത്തുന്ന ചടങ്ങ് ബഹിഷ്‌കരിച്ചവരെ ജനം ബഹിഷ്‌കരിക്കുമെന്ന് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. സുപ്രഭാതം മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന പത്രമാണെന്നും ഓൺലൈൻ എഡിഷൻ ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു.
ഒരു മാധ്യമം ഒരു പുതിയ എഡിഷൻ തുടങ്ങുമ്പോൾ വിട്ടുനിൽക്കാൻ ജനാധിപത്യവും മതനിരപേക്ഷതയും നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന ആർക്കും തോന്നില്ല. ആർക്കെങ്കിലും ബഹിഷ്‌കരിക്കണമെന്ന് തോന്നുകയാണെങ്കിൽ ജനം അവരെ ബഹിഷ്‌കരിക്കുന്ന സ്ഥിതിയാണുണ്ടാവുകയെന്ന് ലീഗ് നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ അസാന്നിധ്യത്തെ ഓർമിപ്പിച്ചുള്ള മന്ത്രിയുടെ വാക്കുകളെ ഹർഷാരവത്തോടെ സദസ്സ് സ്വീകരിച്ചു.
സുപ്രഭാതം പ്രതിസന്ധിയെ അതിജീവിച്ച പത്രമാണ്. ഗൾഫ് എഡിഷൻ മലയാളികൾക്ക് ഏറെ ആഹ്ലാദം പകരുന്നു. കേന്ദ്ര സർക്കാർ മാധ്യമങ്ങളെ വേട്ടയാടുകയാണെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സുപ്രഭാതത്തിന്റെ ഗൾഫ് എഡിഷൻ ഉദ്ഘാടനത്തിൽ മുസ്‌ലിം ലീഗ് നേതാക്കൾ പങ്കെടുക്കാത്തത് ഏറെ ചർച്ചയായ പശ്ചാത്തലത്തിൽ കൂടിയാണ് മന്ത്രിയുടെ പ്രസംഗം. എന്നാൽ, സമസ്ത നേതാക്കളാരും ലീഗ് നേതാക്കളുടെ ചടങ്ങിലെ വിട്ടുനിൽക്കൽ പ്രത്യക്ഷത്തിൽ പരാമർശിച്ചില്ല. കോഴിക്കോട്ട് പാർട്ടി പ്രവർത്തകസമിതി യോഗം നടക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും ഉൾപ്പെടെയുള്ള ലീഗ് നേതാക്കൾ വിട്ടുനിന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യയിലായതിനാൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കു എത്താനായില്ലെങ്കിലും മുതിർന്ന നേതാവ് കെ മുരളീധരൻ മീഡിയ സെമിനാറിൽ പങ്കെടുക്കുകയുണ്ടായി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group