ബെയ്‌റൂത്ത് – കഴിഞ്ഞ സെപ്റ്റംബറില്‍ ഹിസ്ബുല്ല പ്രവര്‍ത്തകരെയും ഹിസ്ബുല്ലയെ സഹായിക്കാന്‍ എത്തിയ ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് ഉദ്യോഗസ്ഥരെയും നേതാക്കളെയും ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ പേജര്‍ സ്‌ഫോടനത്തില്‍ പരിക്കേറ്റ ലെബനോനിലെ ഇറാന്‍ അംബാസഡര്‍ മുജ്തബ അമാനിയുടെ ഫോട്ടോകള്‍ ഇറാന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. സ്‌ഫോടനത്തില്‍ പരിക്കേറ്റ ശേഷം പരിക്കുകള്‍ വ്യക്തമാക്കുന്ന മുജ്തബ അമാനിയുടെ ഫോട്ടോകള്‍ പുറത്തുവരുന്നത് ഇതാദ്യമാണ്. അമാനിയുടെ വലതു കണ്ണിനും ഇടതു കൈക്കും പരിക്കേറ്റതായി ഫോട്ടോകള്‍ വ്യക്തമാക്കുന്നു. ലെബനോനിലേക്ക് മടങ്ങുന്നതിനു മുമ്പായാണ് തെഹ്‌റാനില്‍ നിന്നുള്ള അമാനിയുടെ ഫോട്ടോകള്‍ ഇറാന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടത്.
പേജര്‍ സ്‌ഫോടനത്തില്‍ പരിക്കേറ്റ ഡസന്‍ കണക്കിനാളുകളുടെ കൂട്ടത്തില്‍ ലെബനോനിലെ തങ്ങളുടെ അംബാസഡറെയും ഇറാന്‍ ഒഴിപ്പിച്ച് ഇറാനിലെത്തിച്ച് ചികിത്സ നല്‍കുകയായിരുന്നു. അമാനിയുടെ ആരോഗ്യനിലയെ കുറിച്ച് വ്യത്യസ്തമായ വിവരങ്ങളാണ് ഇറാന്‍ അധികൃതര്‍ നേരത്തെ നല്‍കിയിരുന്നത്.
ഒക്‌ടോബര്‍ പത്തിന് തെഹ്‌റാനിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ മുജ്തബ അമാനിയെ ഇറാന്‍ പരമോന്നത ആത്മീയ നേതാവ് അലി ഖാംനഇയുടെ പ്രതിനിധി മുഹ്‌സിന്‍ ഖുമ്മി സന്ദര്‍ശിക്കുന്ന ഫോട്ടോകള്‍ നേരത്തെ പുറത്തുവന്നിരുന്നു. അന്ന് അമാനിയുടെ മുഖത്തിന്റെ ഒരു ഭാഗം മാത്രമാണ് ഫോട്ടോകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. കൈകളും മറ്റു ശരീരഭാഗങ്ങളു മറച്ച നിലയിലുമായിരുന്നു. അമാനിയുടെ കണ്ണുകള്‍ക്ക് പരിക്കേറ്റിട്ടില്ല എന്നും കൈകള്‍ക്കു മാത്രമാണ് പരിക്കേറ്റത് എന്നും നേരത്തെ ഇറാന്‍ വ്യക്തമാക്കിയിരുന്നു.
അംബാസഡര്‍ എന്നോണമുള്ള ചുമതല പുനരാരംഭിക്കാന്‍ ബെയ്‌റൂത്തിലേക്ക് പോകുന്നതിനു മുമ്പായി മുജ്തബ അമാനി ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജിയുമായി കൂടിക്കാഴ്ച നടത്തിയതായി ഇറാന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പറഞ്ഞു. ലെബനോനെതിരെ സയണിസ്റ്റ് രാജ്യം നടത്തുന്ന കുറ്റകൃത്യങ്ങള്‍ ഉടന്‍ തടയാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും ഇക്കാര്യത്തില്‍ രാഷ്ട്രീയവും അന്തര്‍ദേശീയവുമായ ശേഷികള്‍ പ്രയോജനപ്പെടുത്തണമെന്നും കൂടിക്കാഴ്ചക്കിടെ ഇറാന്‍ വിദേശ മന്ത്രി പറഞ്ഞു. ബെയ്‌റൂത്തിലെ ഇറാന്‍ അംബാസഡര്‍ക്ക് വരും കാലയളവിലേക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ അബ്ബാസ് അറാഖ്ജി നല്‍കിയതായും ഇറാന്‍ വാര്‍ത്താ ഏജന്‍സി പറഞ്ഞു.
ഹിസ്ബുല്ല നേതാക്കളും പ്രവര്‍ത്തകരും ഉപയോഗിക്കുന്ന പേജര്‍, വാക്കി ടോക്കി സ്‌ഫോടനങ്ങള്‍ക്ക് താന്‍ നേരിട്ടാണ് പച്ചക്കൊടി കാണിച്ചതെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസം ആദ്യമായി സ്ഥിരീകരിച്ചിരുന്നു. ഞായറാഴ്ച ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗത്തിലാണ് പേജര്‍, വാക്കി ടോക്കി സ്‌ഫോടനത്തിന് താന്‍ അനുമതി നല്‍കിയതായി നെതന്യാഹു വ്യക്തമാക്കിയത്. ഹിസ്ബുല്ല അംഗങ്ങള്‍ ഉപയോഗിച്ചിരുന്ന പേജറുകള്‍ സെപ്റ്റംബര്‍ 17 നും വാക്കി ടോക്കികള്‍ സെപ്റ്റംബര്‍ 18 നും ആണ് കൂട്ടത്തോടെ പൊട്ടിത്തെറിച്ചത്.
ഇരു സംഭവങ്ങളിലുമായി 39 പേര്‍ കൊല്ലപ്പെടുകയും 3,000 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ലെബനോനില്‍ ഇസ്രായില്‍ കരയാക്രമണം ആരംഭിക്കുന്നതിനു തൊട്ടു മുമ്പായിരുന്നു ഹിസ്ബുല്ല പോരാളികളെ കൂട്ടത്തോടെ അപായപ്പെടുത്താന്‍ ലക്ഷ്യമിട്ട് ആയിരക്കണക്കിന് പേജറുകളും വാക്കി ടോക്കികളും ഒരേസമയം സ്‌ഫോടനത്തിലൂടെ ഇസ്രായില്‍ തകര്‍ത്തത്.
ഹിസ്ബുല്ലയുടെ കൈകളില്‍ എത്തുന്നതിനു മുമ്പായി പേജറുകളിലും വാക്കി ടോക്കികളിലും ഇസ്രായില്‍ ചാരസംഘടന മൊസാദ് അതീവ രഹസ്യമായി സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിക്കുകയും പിന്നീട് ഇവയിലെ തരംഗങ്ങള്‍ ഹാക്ക് ചെയ്ത് ബാറ്ററി അമിതമായി ചൂടാക്കി സ്‌ഫോടക വസ്തുക്കള്‍ പൊട്ടിക്കുകയുമായിരുന്നു. മെസ്സേജ് വന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് ഇത് പരിശോധിക്കാനും ശ്രവിക്കാനും മുഖത്തോടടുപ്പിച്ച സമയത്താണ് പേജറുകളും വാക്കി ടോക്കികളും പൊട്ടിത്തെറിച്ചത്. ഇതുമൂലം മഹാഭൂരിഭാഗത്തിനും കൈകളിലും മുഖത്തുമാണ് പരിക്കേറ്റിരുന്നത്. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് കണ്ണുകള്‍ നഷ്ടപ്പെട്ടിരുന്നു.