ന്യൂഡൽഹി: ലോകസഭയിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പാലസ്തീൻ വിളിച്ച് ഹൈദരാബാദിൽനിന്നുള്ള എം.പിയും എ.ഐ.എ.ഐ.എം നേതാവുമായ അസദുദ്ദീൻ ഉവൈസി. ഇതിനെതിരെ ഭരണപക്ഷ ബെഞ്ചിൽനിന്നുള്ള എം.പിമാർ വൻ പ്രതിഷേധമുയർത്തി.
‘ജയ് ഭീം, ജയ് മീം, ജയ് തെലങ്കാന, ജയ് പാലസ്തീൻ’ എന്ന് പറഞ്ഞായിരുന്നു ഒവൈസി സത്യപ്രതിജ്ഞ അവസാനിപ്പിച്ചത്. വിഷയത്തിൽ ഉവൈസിക്കെതിരേ പരാതിയുമായി കേന്ദ്രമന്ത്രി ശോഭാ കരന്തലജെ രംഗത്തെത്തി. ജയ് പാലസ്തീൻ വിളി പാർലമെന്റിനകത്ത് പാടില്ലെന്നും ഇതിനെതിരേ നടപടി വേണമെന്നുമാണ് ശോഭാ കരന്തലജെയുടെ ആവശ്യം. ഇത് സംബന്ധിച്ച് മന്ത്രി സ്പീക്കർക്കും ആഭ്യന്തര മന്ത്രിക്കും പരാതിയും നൽകി. പാർലമെന്റ് രേഖകളിൽ നിന്ന് ഉവൈസിയുടെ വാക്കുകൾ നീക്കം ചെയ്യണമെന്നും പാലസ്തീൻ മുദ്രാവാക്യം കൂടാതെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യിക്കണമെന്നും പരാതിയിലുണ്ട്.
സഭാ ചട്ടങ്ങൾക്കെതിരായാണ് ഉവൈസി പ്രവർത്തിച്ചതെന്ന് കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡിയും പ്രതികരിച്ചു. ഇന്ത്യൻ പൗരനായിട്ടും ഭാരത് മാതാ കീ ജയ് എന്ന് വിളിക്കാതെ ജയ് പാലസ്തീൻ എന്ന് വിളിച്ചത് തെറ്റായ കാര്യമാണെന്നും ഇത് ചട്ടവിരുദ്ധമാണെന്നും കിഷൻ റെഡ്ഡി ആരോപിച്ചു. എന്നാൽ, തന്റെ വാക്കുകൾ ഭരണഘടനയുടെ മാനദണ്ഡങ്ങൾ ലംഘിക്കുന്നതല്ലെന്ന് ഉവൈസി പ്രതികരിച്ചു. എല്ലാവരും നിരവധി കാര്യങ്ങൾ പറയാറുണ്ട്. താൻ ജയ് ഭീം, ജയ് മീം, ജയ് തെലങ്കാന, ജയ് പാലസ്തീൻ എന്നാണ് പറഞ്ഞത്. ഇതെങ്ങനെയാണ് ഭരണഘടനയ്ക്ക് എതിരാകുന്നതെന്ന് ഉവൈസി ചോദിച്ചു. പാർശ്വവത്കരിക്കുന്നവരുടെ പ്രശ്‌നങ്ങൾ സത്യസന്ധമായിത്തന്നെ ചൂണ്ടിക്കാട്ടുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഭരണപക്ഷ അംഗങ്ങളുടെ പ്രതിഷേധത്തിനിടെ സത്യപ്രതിജ്ഞ അല്ലാതെ മറ്റൊരു വാക്കും രേഖയിലുണ്ടാകില്ലെന്ന് ചെയറിലുണ്ടായിരുന്ന രാധാമോഹൻ സിങ് അംഗങ്ങൾക്ക് ഉറപ്പുനല്കി. ഇതോടെയാണ് പ്രതിഷേധം തണുത്തത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group