കൊച്ചി: ഓൺലൈൻ ലോൺ എടുത്ത യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. എറണാകുളം വേങ്ങൂർ എടപ്പാറ സ്വദേശിനി ആരതി(30)യെയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.
സംഭവത്തിന് പിന്നിൽ ഓൺലൈൻ ലോൺ നൽകിയവരുടെ ഭീഷണിയാണെന്നാണ് വിവരം. ഇവരുടെ ഭർത്താവ് വിദേശത്താണ്. ഇവർക്ക് രണ്ട് മക്കളുണ്ട്. ഫോൺ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് ലോൺ ആപ്പിൽ നിന്ന് ഭീഷണി സന്ദേശം യുവതിക്ക് ലഭിച്ചതായി കണ്ടെത്തിയത്.
ലോൺ നൽകിയവർ യുവതിയുടെയും ഭർത്താവിന്റെയും ഫോണിലേക്ക് നഗ്‌ന ചിത്രങ്ങൾ അയക്കുമെന്ന് ഭീഷണിപ്പെടുത്തിയതായാണ് പറയുന്നത്. നഗ്‌നചിത്രങ്ങൾ അയച്ചാൽ താൻ ആത്മഹത്യ ചെയ്യുമെന്ന് യുവതി ഭീഷണി സന്ദേശങ്ങൾക്ക് മറുപടി നൽകിയതായും കണ്ടെത്തി. യുവതി ആത്മഹത്യ ചെയ്ത ശേഷവും ഫോണിലേക്ക് സന്ദേശവും കോളും വന്നിട്ടുണ്ട്. യുവതിയുടെ ഫോൺ കസ്റ്റഡിയിലെടുത്ത് കൂടുതൽ അന്വേഷണങ്ങൾ നടത്തിവരികയാണെന്നും അസ്വാഭാവിക മരണത്തിന് കേസെടുത്തതായും കുറുപ്പുംപടി പോലീസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group