കോഴിക്കോട്: സമസ്തയെയും പാണക്കാട് കുടുംബത്തെയും ലീഗിനെയും തെറ്റിക്കാൻ പലരും ശ്രമിക്കുന്നതായി പറഞ്ഞു കേൾക്കുന്നുണ്ടെങ്കിലും അത് സാധ്യമല്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. രണ്ടും ഒരു ശരീരവും ഒരു മനസ്സുമാണ്. മുസ്‌ലിം ലീഗിന്റെ ശക്തി സമസ്തയും സമസ്തയുടെ ഊർജം ലീഗുമാണെന്നും തങ്ങൾ പറഞ്ഞു. പാണക്കാട് ഖാസി ഫൗണ്ടേഷൻ സംഗമത്തിൽ സംസാരിക്കുകയായിരുന്നു സാദിഖലി തങ്ങൾ.
സമസ്തയും പാണക്കാട് കുടുംബവുമായുള്ള ബന്ധം തലമുറകളായി ദൃഢമാണ്. എല്ലാ സമൂഹങ്ങളും സമുദായങ്ങളും ഒറ്റക്കെട്ടാണ്. ഈ സൗഹൃദമാണ് മഹല്ലുകളിലും നമുക്ക് ആവശ്യം. ഇതിൽ രാഷ്ട്രീയം കാണേണ്ടതില്ല. ഒരുമിച്ച് പ്രവർത്തിക്കണം. ഇതിന് വീഴ്ച്ച വരുത്തുന്ന പ്രവർത്തനങ്ങൾ ഉണ്ടാവരുത്. അനൈക്യത്തിന് ശ്രമിക്കുന്നവരോട് കൂട്ട് കൂടാതിരിക്കുക.യാണ് വേണ്ടത്.
ലോകത്ത് ഏറ്റവും സുരക്ഷിതമായ മുസ്‌ലിം സമൂഹം എവിടെയാണെന്ന് ചോദിച്ചാൽ അത് കേരളത്തിലാണ്. മുസ്‌ലിംകൾ കേരളത്തിലുള്ളതിനേക്കാൾ കൂടുതലുള്ള പ്രദേശം വേറെയുമുണ്ട്. പക്ഷെ, നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികൾ ഏറെയാണ്. ഫലസ്തീൻ അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. ലോകത്ത് ഇസ്‌ലാമിക ഐക്യത്തിന്റെ അഭാവം നിഴലിച്ചു കാണുന്നു. ഫലസ്തീനെ ഒറ്റരാത്രികൊണ്ട് രക്ഷപ്പെടുത്താനുള്ള സമ്പത്ത് ലോകത്തിലെ മുസ്‌ലിം സമൂഹത്തിന്റെ കൈയ്യിലുണ്ട്. രാഷ്ട്രീയ, സൈനിക ശക്തിയും മുസ്‌ലിം രാഷ്ട്രങ്ങൾക്കുണ്ട്. ഇതൊന്നും ഇല്ലെങ്കിലും സാമ്പത്തിക ശക്തിയുണ്ട്. ഒരുമിച്ച് നിന്ന് പ്രവർത്തിക്കുമ്പോൾ ഒറ്റയ്ക്ക് നിൽക്കുന്നതിനേക്കാൾ ശക്തി കിട്ടുമെന്നും തങ്ങൾ വ്യക്തമാക്കി.
സമസ്തയിലെ ഒരു വിഭാഗം ലീഗ് വിരുദ്ധർ പാണക്കാട് കുടുംബവുമായും ലീഗിലെ ചില നേതാക്കളുമായും ശക്തമായ ശീതസമരത്തിലാണ്. സമൂഹമാധ്യമങ്ങളിൽ ഇരു ചേരികളായി ഈ പോര് തുടരുന്നതിനിടെയാണ് സാദിഖലി തങ്ങളുടെ പുതിയ പ്രസംഗം.
അതിനിടെ, പാണക്കാട് സാദിഖലി തങ്ങളുടെ നേതൃത്വത്തിൽ ഇന്നലെ കോഴിക്കോട് സംഘടിപ്പിച്ച സ്‌നേഹ സദസ്സിൽ സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളും പങ്കെടുത്തിരുന്നു. വിവാദങ്ങളുടെ മൂർധന്യത്തിൽ ഇരു നേതാക്കളും ഒരേ വേദിയിൽ സൗഹൃദം പുതുക്കിയത് മഞ്ഞുരുക്കത്തിന്റെ സൂചനയായും വിലയിരുത്തലുണ്ട്.
സി.ഐ.സി പ്രശ്‌നവുമായി ബന്ധപ്പെട്ടാണ് സമസ്തയിലെ ചില ലീഗ് വിരുദ്ധരും പാണക്കാട് കുടുംബവുമായുള്ള അഭിപ്രായ ഭിന്നത കൂടുതൽ രൂക്ഷമായത്. ഇതിന് പുറമെ, സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തിന്റെ ദുബൈയിൽ നടന്ന ഗൾഫ് എഡിഷൻ ഉദ്ഘാടന ചടങ്ങിൽ ലീഗ് നേതാക്കളായ സാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും പങ്കെടുക്കാതെ വന്നതോടെ അത് സമൂഹമാധ്യമങ്ങളിൽ കൂടുതൽ വിഴുപ്പലക്കലുകൾക്കും മറ്റു പ്രചാരവേലയ്ക്കും തെറ്റായ സന്ദേശങ്ങൾക്കും വഴിവെച്ചു. ഇതിനിടയിലാണ് സമസ്ത പ്രസിഡന്റ് ലീഗ് നേതാവിന്റെ ക്ഷണം സ്വീകരിച്ച് നേരത്തെ തീരുമാനിച്ച ചില പരിപാടികൾ മാറ്റിവെച്ച് എത്തിയത്. ഇത് ആത്മാർത്ഥമായ ഐക്യത്തെ പിന്തുണയ്ക്കുന്നവർ നിറഞ്ഞ കൈയടിയോടെയാണ് സ്വാഗതം ചെയ്യുന്നത്. വിവിധ മതസാമുദായിക സംഘടനാ നേതാക്കളും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉൾപ്പെടെയുള്ളവരും സ്‌നേഹസദസ്സിൽ പങ്കെടുത്തിരുന്നു.