ന്യൂഡല്‍ഹി: ഇന്ത്യന്‍ ഗുസ്തിതാരം വിനേഷ് ഫോഗാട്ടിനെ കൈവിട്ട് ഒളിമ്പിക് അസോസിയേഷന്(ഐഒസി). അയോഗ്യതയ്ക്കിടയാക്കിയ ശരീരഭാരം സംബന്ധിച്ച ഉത്തരവാദിത്വം അസോസിയേഷന് നിയമിക്കുന്ന ചീഫ് മെഡിക്കല്‍ ഓഫീസര്‍ക്ക് ഇല്ലെന്നാണ്് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ വിശദീകരണം. ഒളിമ്പിക് അസോസിയേഷന് മെഡിക്കല്‍ ടീമിനെതിരായി നടക്കുന്ന വിദ്വേഷപ്രചാരണത്തെ അപലപിക്കുന്നുവെന്നും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് അധ്യക്ഷ പി.ടി. ഉഷ വ്യക്തമാക്കി. ഗുസ്തി, ബോക്സിങ്, ജൂഡോ തുടങ്ങിയ ഇനങ്ങളിലെ എല്ലാ ഉത്തരവാദിത്വം താരത്തിനും കോച്ചിനുമാണ്.
ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് മെഡിക്കല്‍ ടീമിനെതിരായുള്ള വിദ്വേഷപ്രചാരണം അസ്വീകാര്യവും അപലപനീയവുമാണ്. ഏതെങ്കിലും തരത്തിലുള്ള നിഗമനങ്ങളില്‍ എത്താന്‍ തിരക്കുകൂട്ടുന്നവര് അതിനുമുമ്പ് വസ്തുതകള്‍ക്കൂടി പരിഗണിക്കണം. 2024 പാരീസ് ഒളിമ്പിക്സില്‍ പങ്കെടുത്ത ഓരോ ഇന്ത്യന്‍ കായികതാരത്തിനും അവരുടേതായ സപ്പോര്‍ട്ടിങ് ടീം ഉണ്ടായിരുന്നുവെന്നും ഉഷ ചൂണ്ടികാട്ടി. ഇത്തരം ടീമുകള്‍ താരങ്ങള്‍ക്കൊപ്പം വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നവരാണെന്നും ഒളിമ്പിക് അസോസിയേഷന്റെ പ്രസ്താവനയില്‍ പറയുന്നു. പാരീസ് ഒളിമ്പിക്സ് വനിതാ ഗുസ്തി ഫൈനലിലെത്തി മെഡല്‍ ഉറപ്പിച്ചിരിക്കെയാണ് ഫൊഗാട്ടിനെ അയോഗ്യയാക്കിയത്. ശരീരഭാരം അനുവദനീയമായതിനേക്കാള്‍ നൂറ് ഗ്രാം കൂടിയതിന്റെ പേരിലാണ് അയോഗ്യയാക്കപ്പെട്ടത്.