ന്യൂഡൽഹി: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ (എയിംസ്) ജൂനിയർ റസിഡന്റ് ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ നഴ്‌സിംഗ് ഓഫീസർ അറസ്റ്റിൽ. എയിംസിലെ ഡോ. സതീശ്കുമാറാണ് അറസ്റ്റിലായത്.
മെയ് 19ന് ഓപ്പറേഷൻ തിയറ്ററിൽ വച്ചാണ് ഡോ. സതീഷ് കുമാർ യുവഡോക്ടറെ ഉപദ്രവിച്ചത്. വിവാദമാകുമെന്ന് കണ്ടതോടെ പ്രതി ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് പരാതിക്കാരിക്ക് വാട്ട്‌സാപ്പ് സന്ദേശം അയച്ചിരുന്നു. തുടർന്ന് പിറ്റേന്നുതന്നെ പ്രതിയെ ആശുപത്രി അധികൃതർ സസ്‌പെൻഡ് ചെയ്യുകയായിരുന്നു.
പ്രതിഷേധക്കാരുടെ ആക്രമണ ഭീഷണി കാരണം ആംബുലൻസിന്റെ വഴിയിലൂടെ പോലീസ് ജീപ്പ് ആറാം നിലയിലെത്തിച്ച് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞ് പ്രതി സ്വയം ആശുപത്രിയിൽ ചികിത്സ തേടുകയും ആറാം നിലയിലെ വാർഡിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. പ്രതിയെ പുറത്തേക്ക് കൊണ്ടുവരുന്നത് സുരക്ഷിതമല്ലെന്ന് എയിംസ് സുരക്ഷാ ഉദ്യോഗസ്ഥർ പോലീസിനോട് പറഞ്ഞിരുന്നു. തുടർന്നാണ് ഗുരുതരാവസ്ഥയിലുള്ള രോഗികളെ കൊണ്ടുപോകാൻ ആംബുലൻസ് ഉപയോഗിക്കുന്ന വഴിയിലൂടെ പോലീസ് ജീപ്പിൽ പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിഷേധക്കാർ ജീപ്പ് തടഞ്ഞെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ അവരെ മാറ്റി.
ഉത്തരാഖണ്ഡ് വനിതാ കമ്മിഷൻ അധ്യക്ഷ കുസുമം കന്ദ്വാൾ ഇൻസ്റ്റിറ്റ്യൂട്ടിലെത്തി ഇരയെയും ഡീൻ, വനിതാ ഡോക്ടർമാർ തുടങ്ങിയവരെയും കണ്ട് വിവരങ്ങൾ ആരാഞ്ഞു. ഉടനെ അന്വേഷണ സമിതി രൂപീകരിക്കാൻ ഡെറാഡൂൺ ജില്ലാ മജിസ്‌ട്രേറ്റിനോട് നിർദേശിച്ചു. പരാതി വന്ന ശേഷവും പ്രതിയെ ഡ്യൂട്ടിക്ക് നിയോഗിച്ച മലയാളിയായ അസിസ്റ്റന്റ് നഴ്‌സിംഗ് സൂപ്രണ്ട് സിനോജിനെ അന്വേഷണം തീരുംവരെ സസ്‌പെൻഡ് ചെയ്യാനും നിർദ്ദേശിച്ചു. 72 മണിക്കൂറിനുള്ളിൽ മറുപടി ആവശ്യപ്പെട്ട് എയിംസ് അഡ്മിനിസ്‌ട്രേഷൻ സിനോജിന് നോട്ടീസ് നൽകിയിട്ടുണ്ട്. സംഭവത്തിൽ കുടൂതൽ തെളിവുകൾ ശേഖരിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group