ചെന്നൈ: രാജ്യത്തെ മെഡിക്കൽ പ്രവേശത്തിനായി അഖിലേന്ത്യാ തലത്തിൽ നടത്തുന്ന നീറ്റ് പരീക്ഷ അവസാനിപ്പിക്കണമെന്ന് തമിഴ്‌നാട് നിയമസഭയിൽ പ്രമേയം പാസാക്കി. മെഡിക്കൽ പ്രവേശം 12-ാം ക്ലാസ് മാർക്കിന്റെ അടിസ്ഥാനത്തിൽ നടത്താൻ സംസ്ഥാന സർക്കാരുകളെ അനുവദിക്കണമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെട്ടു.
പ്രമേയം സഭ ഐകകണ്‌ഠേന പാസാക്കി. നീറ്റ് നടപ്പാക്കുന്നതിന് മുമ്പ് 12-ാം ക്ലാസിലെ മാർക്കടിസ്ഥാനപ്പെടുത്തിയായിരുന്നു പ്രവേശം. ഇത് വീണ്ടും നടപ്പാക്കണമെന്നാണ് തമിഴ്‌നാടിന്റെ ആവശ്യം. നീറ്റ് പരീക്ഷ ക്രമക്കേടും വിവാദങ്ങളും നിലനില്ക്കുന്ന സാഹചര്യത്തിലാണ് പ്രമേയം.
മണിതനേയ മക്കൾ കച്ചി, മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം, തമിഴക വെട്രി കഴകം, സി.പി.എം തുടങ്ങി നിരവധി പാർട്ടികൾ പ്രമേയത്തെ പിന്തുണച്ച് രംഗത്തുവന്നു.
അതിനിടെ, നീറ്റിൽനിന്ന് തമിഴ്‌നാടിനെ ഒഴിവാക്കണമെന്ന് ഡൽഹിയിൽ ഡി.എം.കെ എം.പി കെ കനിമൊഴി ആവർത്തിച്ചു. നീറ്റ് ന്യായമായ പരീക്ഷയല്ലെന്ന് ഇപ്പോൾ തെളിഞ്ഞു. നീറ്റ് കാരണം വിദ്യാർത്ഥികൾക്ക് വളരെയധികം നഷ്ടമാണ് ഉണ്ടാകുന്നതെന്ന് കനിമൊഴി ഡൽഹിയിൽ എ.എൻ.ഐയോട് പറഞ്ഞു. നീറ്റിൽനിന്ന് തമിഴ്‌നാടിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിയമസഭ പാസാക്കിയ ബിൽ രാഷ്ട്രപതിയുടെ അനുമതിക്കായി നൽകിയിരിക്കുകയാണ്. ഇതിന് ഉടൻ അനുമതി നല്കണമെന്നും കനിമൊഴി ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group