റിയാദ്: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ തന്റെ പഴയ ക്ലബ്ബ് ബാഴ്‌സലോണയിലേക്ക് ചേക്കേറുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. അല്‍ ഹിലാലുമായുള്ള കരാര്‍ 2025വരെയുള്ള നെയ്മര്‍ ബാഴ്‌സയിലേക്ക് ചേക്കേറാനാണ് ശ്രമിക്കുന്നത്. എന്നാല്‍ താരം സ്വയം ആവശ്യപ്പെട്ടതാണ് ഇതെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബാഴ്‌സയില്‍ കളിക്കാന്‍ ആഗ്രഹം ഉണ്ടെന്ന് താരം ബാഴ്‌സാ മാനേജ്‌മെന്റിനെ അറിയിക്കുകയായിരുന്നു. മാനേജ്‌മെന്റിന് താല്‍പ്പര്യം ഉണ്ടെങ്കിലും പുതിയ കോച്ച് ഹാന്‍സി ഫ്‌ളിക്കിന് ഇക്കാര്യത്തില്‍ താല്‍പ്പര്യമില്ല. നെയ്മറെ ടീമിലെത്തിക്കുന്നതിനുള്ള വിയോജിപ്പ് ഹാന്‍സി ഫ്‌ളിക്ക് പരസ്യമായി അറിയിച്ചു. യുവതാരങ്ങള്‍ക്ക് പരിഗണനയുള്ള സ്‌ക്വാഡില്‍ നെയ്മര്‍ വന്നാല്‍ താളം തെറ്റുമെന്നാണ് ഫ്‌ളിക്കിന്റെ കണ്ടെത്തല്‍.
2017ല്‍ ബാഴ്‌സയില്‍ നിന്ന് ലോക റെക്കോഡ് തുകയ്ക്കാണ് നെയ്മര്‍ പിഎസ്ജിയില്‍ എത്തിയത്. തുടര്‍ന്ന് 2020ലും 2023ലും ബാഴ്‌സലോണ നെയ്മറിനായി രംഗത്ത് വന്നിരുന്നു. എന്നാല്‍ വന്‍ തുകയ്ക്ക് നെയ്മറിനെ ടീമിലെത്തിക്കാന്‍ ബാഴ്‌സയ്ക്കായിരുന്നില്ല. അത്‌ലറ്റിക്കോ ബില്‍ബാവോയുടെ സ്പാനിഷ് വിങര്‍ നിക്കോ വില്ല്യംസിനെ ടീമിലെത്തിക്കാനുള്ള ബാഴ്‌സയുടെ ശ്രമം പരാജയപ്പെട്ടിരുന്നു. പോര്‍ച്ചുഗലിന്റെ റാഫേല്‍ ലിയോയെയാണ് ബാഴ്‌സ അടുത്തതായി നോട്ടമിട്ടിരിക്കുന്ന ലെഫ്റ്റ് വിങര്‍.