മദീന – പ്രവാചക നഗരിയിയായ മസ്ജിദുന്നബവിക്കു സമീപം സെന്‍ട്രല്‍ ഏരിയയില്‍ ബഹുനില സ്മാര്‍ട്ട് പാര്‍ക്കിംഗ് സമുച്ചയത്തിന്റെ നിര്‍മാണ ജോലികള്‍ക്ക് മദീന നഗരസഭ തുടക്കം കുറിച്ചു. പന്ത്രണ്ട് നിലകളുള്ള കെട്ടിടത്തിൽ 400 വാഹനങ്ങള്‍ നിര്‍ത്തിയിടാനാകും. മദീനയില്‍ സ്ഥാപിക്കുന്ന ആദ്യ ബഹുനില പാര്‍ക്കിംഗ് സമുച്ചയമാണിത്. സ്മാര്‍ട്ട് ഓട്ടോമാറ്റിക്, മെക്കാനിക് സംവിധാനത്തിലാണ് പാര്‍ക്കിംഗ് പ്രവര്‍ത്തിക്കുക.
സെന്‍ട്രല്‍ ഏരിയയില്‍ ബിലാല്‍ ബിന്‍ റബാഹ് മസ്ജിദിനു സമീപം 982 ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ ഒമ്പതു കോടി റിയാല്‍ ചെലവഴിച്ച് നടപ്പാക്കുന്ന പാര്‍ക്കിംഗ് പദ്ധതിക്ക് കരാര്‍ ഒപ്പുവെച്ചതായി മദീന നഗരസഭ പറഞ്ഞു. പൂര്‍ണമായും ഓട്ടോമേറ്റഡ് ആയ, ഇന്റർനെറ്റ് ഓഫ് തിംഗ്‌സ് അടിസ്ഥാനമാക്കിയുള്ള ഒരു സംവിധാനത്തിലാണ് പാര്‍ക്കിംഗ് പ്രവര്‍ത്തിക്കുക.
പാര്‍ക്കിംഗ് മാനേജ്‌മെന്റിന് ഫലപ്രദവും മികച്ചതുമായ പരിഹാരങ്ങള്‍ നല്‍കുന്നതിന് പദ്ധതി രൂപകല്‍പന ആധികാരിക മദീന പൈതൃകവും വാസ്തുവിദ്യാ ആധുനികതയും സമന്വയിപ്പിക്കുന്നു. മാനുഷിക ഇടപെടലിന്റെ ആവശ്യമില്ലാതെ പാര്‍ക്കിംഗില്‍ പ്രവേശിക്കാനും പുറത്തുകടക്കാനും അനുവദിക്കുന്ന സ്മാര്‍ട്ട് സിസ്റ്റം പദ്ധതിയുടെ സവിശേഷതയാണ്. എവിടെയൊക്കെയാണ് പാർക്കിംഗ് ഉള്ളതെന്നും സുരക്ഷിതമായും കാര്യക്ഷമമായും വാഹനങ്ങള്‍ ക്രമീകരിക്കാനും സ്ഥലങ്ങള്‍ മികച്ച രീതിയില്‍ പ്രയോജനപ്പെടുത്താനും സഹായിക്കുന്ന ഏറ്റവും നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് കെട്ടിട നിർമാണം.
ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ക്കനുസൃതമായി നൂതനമായ കെട്ടിടങ്ങളില്‍ ഒന്നായി ഇത് പാര്‍ക്കിംഗ് സമുച്ചയത്തെ മാറ്റും. പ്രവാചക നഗരി നിവാസികളെയും സന്ദര്‍ശകരെയും സേവിക്കുന്നതിനായി ചരിത്ര കേന്ദ്രങ്ങളിലും മസ്ജിദുകളിലും പൊതുചത്വരങ്ങളുടെ ശേഷി വര്‍ധിപ്പിക്കുന്ന നിലക്ക് മദീനയിലെ 18 സ്ഥലങ്ങളിലായി 4,666 ലേറെ പാര്‍ക്കിംഗ് സ്ഥലങ്ങള്‍ ഒരുക്കുകയെന്ന ലക്ഷ്യത്തോടെ നിര്‍മാണ കരാറുകള്‍ ഒപ്പുവെക്കാനിരിക്കുന്ന സമാനമായ പദ്ധതികളുടെ ഒരു പരമ്പരയുടെ ഭാഗമാണ് പുതിയ പദ്ധതിയെന്നും മദീന നഗരസഭ പറഞ്ഞു.