ആലപ്പുഴ: ആലപ്പുഴയിൽ നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൂവാറ്റുപുഴയിൽ ദന്തൽ ടെക്നീഷ്യയായി ജോലി ചെയ്യുന്ന കായംകുളം സ്വദേശിനിയായ ആസിയ(22)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാത്രിയാണ് സംഭവം.
നാലുമാസം മുമ്പായിരുന്നു ആലപ്പുഴ സ്വദേശി പനയ്ക്കൽ പുരയിടത്തിൽ മുനീറുമായുള്ള യുവതിയുടെ വിവാഹം. മൂവാറ്റുപുഴയിൽ ദന്തൽ ടെക്നീഷ്യനായി ജോലി ചെയ്യുന്ന ആസിയ മൂവാറ്റുപുഴയിൽ തന്നെയാണ് താമസിക്കുന്നത്. ആഴ്ചയിലൊരിക്കലാണ് ഇവർ ആലപ്പുഴയിലെ ഭർതൃവീട്ടിലേക്ക് വന്നിരുന്നത്. ഇന്ന് വൈകീട്ട് ഭർത്താവും വീട്ടിലുള്ളവരും പുറത്തുപോയി തിരികെയെത്തിയപ്പോഴാണ് ആസിയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് പറയുന്നത്.
ഉടനെ ആലപ്പുഴയിലെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് ആലപ്പുഴയിലെ സ്വകാര്യ ബാങ്ക് ജീവനക്കാരനാണ്. മരണകാരണം എന്താണെന്നതിൽ വ്യക്തത ലഭിച്ചിട്ടില്ല. ഒരുമാസം മുമ്പായിരുന്നു യുവതിയുടെ പിതാവിന്റെ മരണം. പിതാവിന്റെ വേർപാടിൽ അതീവ ദു:ഖിതയാണെന്നും ഒപ്പം പോകുന്നുവെന്നുമുള്ള ഒരു കുറിപ്പ് ഇവരുടെ എഫ്.ബിയിൽ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ, ഇത് ആസിയ തന്നെ കുറിച്ചതാണോ അല്ലേ എന്ന കാര്യങ്ങളെല്ലാം അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പോലീസ് പറഞ്ഞു.