തെല്‍അവീവ്: അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതോടെ ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും മുന്‍ പ്രതിരോധ മന്ത്രി യുആവ് ഗാലന്റിനും 120ലേറെ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാകില്ലെന്ന് ഇസ്രായിലി ബ്രോഡ്കാസ്റ്റിംഗ് കോര്‍പറേഷന്‍ പറഞ്ഞു. അന്താരാഷ്ട്ര കോടതിയില്‍ 120 ലേറെ അംഗരാജ്യങ്ങളുണ്ട്. അതിനാല്‍ പ്രത്യക്ഷത്തില്‍ നെതന്യാഹുവിനും ഗാലന്റിനും ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാകില്ല.
നെതന്യാഹുവിനെയും മുന്‍ പ്രതിരോധ മന്ത്രി യുആവ് ഗാലന്റിനെയും അറസ്റ്റ് ചെയ്യാനുള്ള അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ ഉത്തരവ് അസംബന്ധമാണെന്ന് ഇസ്രായില്‍ പ്രസിഡന്റ് ഇസാഖ് ഹെര്‍സോഗ് പറഞ്ഞു. അന്താരാഷ്ട്ര കോടതി തീരുമാനത്തെ നീതിയുടെയും മാനവികതയുടെയും കറുത്ത ദിനം എന്ന് ഹെര്‍സോഗ് വിശേഷിപ്പിച്ചു.
ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും എതിരായ തീവ്രവാദത്തെയും തിന്മയെയും കോടതി പിന്തുണക്കുന്നു. ഹമാസ് ബന്ദികളാക്കിയവരുടെ കഷ്ടപ്പാടുകള്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി തീരുമാനം അവഗണിക്കുന്നു – ഇസ്രായില്‍ പ്രസിഡന്റ് പറഞ്ഞു. വെറുപ്പോടെ തീരുമാനം നിരസിക്കുന്നതായി നെതന്യാഹു പറഞ്ഞു. അന്താരാഷ്ട്ര കോടതി സെമിറ്റിക് വിരുദ്ധമാണെന്ന് നെതന്യാഹു കുറ്റപ്പെടുത്തി. 2023 ഒക്‌ടോബര്‍ ഏഴു മുതല്‍ ഗാസയില്‍ ഇസ്രായില്‍ നടത്തുന്ന യുദ്ധത്തേക്കാള്‍ നീതിപൂര്‍മായ മറ്റൊന്നില്ല. സമ്മര്‍ദങ്ങള്‍ക്ക് കീഴടങ്ങില്ല, യുദ്ധത്തിന്റെ തുടക്കത്തില്‍ ഇസ്രായില്‍ നിര്‍ണയിച്ച എല്ലാ യുദ്ധ ലക്ഷ്യങ്ങളും കൈവരിക്കുന്നതുവരെ ഗാസയില്‍ നിന്ന് പിന്മാറുകയുമില്ല – നെതന്യാഹു പറഞ്ഞു.
ഹേഗിലെ അന്താരാഷ്ട്ര കോടതിക്ക് ഇത് ഇരുണ്ട നിമിഷമാണെന്ന് ഇസ്രായില്‍ വിദേശ മന്ത്രി ഗിഡിയോണ്‍ സആര്‍ പറഞ്ഞു. കോടതിയുടെ നിലനില്‍പിനും പ്രവര്‍ത്തനത്തിനമുള്ള എല്ലാ നിയമസാധുതയും നഷ്ടപ്പെട്ടു. മിഡില്‍ ഈസ്റ്റിലെ സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ തകര്‍ക്കാന്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ ശക്തികളെ സേവിക്കുന്ന രാഷ്ട്രീയ ഉപകരണമാണ് അന്താരാഷ്ട്ര കോടതി. പ്രധാനമന്ത്രിക്കും മുന്‍ പ്രതിരോധ മന്ത്രിക്കും എതിരായ യാതൊരു അധികാരവുമില്ലാത്ത അസംബന്ധ ഉത്തരവുകളാണ് ഈ വാറണ്ടുകള്‍ എന്നും ഇസ്രായിലി വിദേശ മന്ത്രി പറഞ്ഞു.
അറസ്റ്റ് വാറണ്ടുകള്‍ക്കുള്ള മറുപടിയെന്നോണം വെസ്റ്റ് ബാങ്കിനെ ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കണമെന്ന് കടുത്ത തീവ്രവലതുപക്ഷ കക്ഷി അംഗമായ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗവീര്‍ ആവശ്യപ്പെട്ടു. അറസ്റ്റ് വാറണ്ടുകള്‍ക്ക് മറുപടിയായി, വെസ്റ്റ് ബാങ്കിലെ എല്ലാ പ്രദേശങ്ങളിലും നമ്മുടെ പരമാധികാരം വ്യാപിപ്പിക്കണം. എല്ലാ വെസ്റ്റ് ബാങ്ക് പ്രദേശങ്ങളിലും ജൂതകുടിയേറ്റ കോളനികള്‍ സ്ഥാപിക്കണം – ബെന്‍ ഗവീര്‍ പറഞ്ഞു. ഐ.സി.സി തീരുമാനത്തെ ഹമാസ് സ്വാഗതം ചെയ്യുകയും ചരിത്രപരവും സുപ്രധാനവുമായ ചുവടുവെപ്പെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ഫലസ്തീന്‍ ജനതക്കെതിരായ ചരിത്രപരവും സുദീര്‍ഘവുമായ അനീതിയുടെ തിരുത്തലാണ് ഇതെന്നും, ഹമാസ് സൈനിക വിഭാഗം മേധാവി മുഹമ്മദ് അല്‍ദൈഫിനെതിരായ അറസ്റ്റ് വാറണ്ട് പരാമര്‍ശിക്കാതെ ഹമാസ് പറഞ്ഞു.
അന്താരാഷ്ട്ര കോടതിയുടെ അറസ്റ്റ് വാറണ്ട് ഇരകളുടെ താൽപര്യം
ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും മുന്‍ പ്രതിരോധ മന്ത്രി യുആവ് ഗാലന്റിനും ഹമാസ് സൈനിക കമാണ്ടര്‍ ആയിരുന്ന മുഹമ്മദ് ദിയാബ് ഇബ്രാഹിം അല്‍മസ്‌രിക്കും (മുഹമ്മദ് അല്‍ദൈഫ്) എതിരായ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ അറസ്റ്റ് വാറണ്ട് വെളിപ്പെടുത്തുന്നത് ഇരകളുടെ താല്‍പര്യമാണെന്ന് കോടതി കൂട്ടിച്ചേര്‍ത്തു.
സാക്ഷികളെ സംരക്ഷിക്കാനായി അറസ്റ്റ് വാറണ്ടുകളെ രഹസ്യം എന്ന് തരംതിരിച്ചിട്ടുണ്ടെന്നും കോടതി പറഞ്ഞു. 2023 ഒക്‌ടോബര്‍ എട്ടു മുതല്‍ 2024 മെയ് 20 വരെയുള്ള കാലത്ത് നെതന്യാഹുവും ഗാലന്റും മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും ചെയ്‌തെന്ന ആരോപണമാണ് നേരിട്ടതെന്ന് കോടതി പ്രസ്താവനയില്‍ പറഞ്ഞു. നെതന്യാഹുവും ഗാലന്റും കുറ്റകൃത്യങ്ങള്‍ ചെയ്തുവെന്നും സിവിലിയന്മാര്‍ക്കെതിരെ ആക്രമണങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിട്ടുണ്ടെന്നും വിശ്വസിക്കാന്‍ ന്യായമായ കാരണങ്ങളുണ്ട്. യുദ്ധക്കുറ്റങ്ങളില്‍ കൊലപാതകം, പീഡനം, മറ്റു മനുഷ്യത്വരഹിതമായ പ്രവൃത്തികള്‍ എന്നിവ ഉള്‍പ്പെടുന്നു.
അന്താരാഷ്ട്ര കോടതിയുടെ അധികാരപരിധി ഇസ്രായില്‍ നിരാകരിക്കുകയും ഗാസയിലെ യുദ്ധക്കുറ്റങ്ങള്‍ നിഷേധിക്കുകയും ചെയ്തു. അസംബന്ധ അറസ്റ്റ് വാറണ്ടുകള്‍ പുറപ്പെടുവിച്ചതിലൂടെ അന്താരാഷ്ട്ര കോടതിക്ക് നിയമസാധുത നഷ്ടപ്പെട്ടതായി സംഭവവികാസങ്ങളോട് പ്രതികരിച്ച് ഇസ്രായില്‍ വിദേശ മന്ത്രി ഗിഡിയോണ്‍ സആര്‍ പറഞ്ഞു. പ്രധാനമന്ത്രി നെതന്യാഹുവിനും ഗാലന്റിനുമെതിരായ ഐ.സി.സി അറസ്റ്റ് വാറണ്ടുകള്‍ ഐ.സി.സിക്ക് നാണക്കേടാണെന്ന് മുന്‍ ഇസ്രായില്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് വിശേഷിപ്പിച്ചു.
യുആവ് ഗാലന്റിനെ പ്രതിരോധ മന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കിയതായി നവംബര്‍ അഞ്ചിന് നെതന്യാഹു അറിയിച്ചിരുന്നു. ഗാലന്റിന്റെ ഗാസ യുദ്ധ മാനേജ്‌മെന്റില്‍ വിശ്വാസമില്ലെന്നാണ് പിരിച്ചുവിടലിന് കാരണമായി നെതന്യാഹു പറഞ്ഞത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇസ്രായിലി സൈനിക നടപടികളുടെ മാനേജ്‌മെന്റില്‍ തനിക്ക് വിശ്വാസമില്ലെന്ന് പ്രതിരോധ മന്ത്രിയെ പിരിച്ചുവിടാനുള്ള തീരുമാനം പ്രഖ്യാപിച്ച് നെതന്യാഹു പറഞ്ഞിരുന്നു.